റുനാടൻ മലയാളി കുടുംബത്തിലെ തന്നെ പ്രസിദ്ധീകരണമായ ബ്രിട്ടീഷ് മലയാളിയുടെ വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ ബ്രിട്ടണിലെ സൗത്താംപ്ടണിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ. രാവിലെ 11 മുതൽ രാത്രി 10 വരെ നീണ്ട കലയുടെ പകലറുതിയിൽ ഒരു ജനതമുഴുവൻ ഒറ്റക്കയ്യായി വിസ്മയത്തോടെ കയ്യടിക്കുന്ന കാഴ്ചയാണ് കണ്ടത്.

രാവിലെ തന്നെ നാനാ ഭാഗത്ത് നിന്നും മലയാളികൾ സൗത്താംപ്ടണിലെ ഗിൽഡ് ഹാളിലേക്ക് എത്തി തുടങ്ങിയിരുന്നു. മലയാളികളുടെ ഒരു കാലത്തെ റോമാന്റിക് ഹീറോ നടൻ ശങ്കറാണ് അവാർഡ് നൈറ്റിൽ മുഖ്യ അതിഥിയായി എത്തിയത്. ഒളിമ്പ്യൻ ബോബി അലോഷ്യസ്, ലോകം എമ്പാടുമുള്ള മലയാളികൾക്ക് മാതൃകയായി മാറിയ ക്രോയ്‌ഡോണിലെ മലയാളി മേയർ മഞ്ജു ഷാഹുൽ ഹമീദ്, സൗത്താംപ്ടൺ മേയർ സൂസൻ ബ്ലാച്ച്‌ഫോർഡ്, എം പി മാരായ കരോലിൻ നോക്‌സ്, അലൻ വൈറ്റ്‌ഹെഡ് എന്നിവരായിരുന്നു മറ്റ് വിശിഷ്ടാതിഥികൾ.

12 മണിക്ക് പരിപാടികൾ ആരംഭിക്കുമ്പോൾ താഴത്തെ ഹാൾ ഏതാണ്ട് നിറഞ്ഞു കവിഞ്ഞിരുന്നു. ഉച്ചയോടെ ബാൽക്കണിയും നിറഞ്ഞതോടെ പിറകിൽ ഒരുക്കിയിരിക്കുന്ന ഡൈനിങ് സ്ഥലത്തെ കുറച്ച് സീറ്റുകൾ മാറ്റി. ഏതാണ്ട് 2500 ഓളം ആളുകൾ വന്നും പോയുമിരുന്നു. 2000 പേർ റിസപ്ഷനിലെ സുരക്ഷ രജിസ്റ്ററിൽ മാത്രം പേര് ചേർത്തു. മുഖ്യ സംഘാടകരെ ആരെയും ഉൾപ്പെടുത്താതെയാണ് ഈ രജിസ്‌ട്രേഷൻ നടന്നത്. കൂറ്റൻ ഹാളിന്റെ പുറത്തും ഡൈനിങ് ഭാഗത്തുമായി എപ്പോഴും 100 പേരെങ്കിലും ഉണ്ടാവുമായിരുന്നു. യാതൊരു സുരക്ഷ പ്രശ്‌നങ്ങളും ഉയർത്താതെ തുടർച്ചയായ പരിപാടികൾ നടന്ന് കൊണ്ടേയിരുന്നു.

അപൂർവ്വമായ ക്ലാസ്സിക്കൽ നൃത്തങ്ങൾ; സിനിമാറ്റിക് ഡാൻസുകൾ, സ്‌കിറ്റുകൾ, നാടൻ പാട്ടുകൾ, മാർഗ്ഗംകളി, തിരുവാതിരകളി തുടങ്ങി ഈ ഭൂമി മലയാളത്തിൽ ആഘോഷിക്കപ്പെടുന്ന പരമ്പരാഗത പരിപാടികൾ എല്ലാം തുടർച്ചയായി അരങ്ങിലെത്തി. ഇടക്കിടെ 20 മിനിറ്റ് നീണ്ടു നിന്ന അവാർഡ് ഫങ്ഷനുകൾ നടന്നു. രണ്ട് മേയർമാർ, രണ്ട് എംപിമാർ, നടൻ ശങ്കർ, ഒളിമ്പ്യൻ ബോബി അലോഷ്യസ് എന്നിവർ വിവിധ പരിപാടികളിൽ വിശിഷ്ടാതിഥികളായി എത്തി. അവാർഡുകൾ സ്റ്റേജിൽ വച്ച് പ്രഖ്യാപിച്ചത് കൂടുതൽ നാടകീയമായി മാറുകയും ചെയ്തു.

അവാർഡ് നൈറ്റിനൊപ്പം നടന്ന മിസ്സ് കേരള മലയാളി മങ്ക മത്സരങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. മൂന്ന് റൗണ്ടുകളിലായി പത്ത് സുന്ദരിമാരും പത്ത് വിവാഹിതരായ സ്ത്രീകളും പങ്കെടുത്തു നടന്ന പരിപാടിയിൽ ജേതാക്കളെ പ്രഖ്യാപിച്ചത് നിലക്കാതെ കരഘോഷത്തോടെയായിരുന്നു. മിസ്സ് കേരള മലയാളി മങ്ക മത്സരങ്ങളിൽ പങ്കെടുത്ത 20 പേർക്കും പാലാ സെന്റ് ആന്റണീസ് ഗ്രൂപിന്റെ താജ് ഹോളിഡേ ഹോംസ് സ്‌പോൺസർ ചെയ്ത ചുരിദാർ മെറ്റീരിയൽസ് നൽകിയപ്പോൾ മിസ് കേരള യൂറോപ് മത്സരത്തിൽ ജേതാവായ സാന്ദ്ര ബിനോജിന് വിന്റേജ് ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പ് നൽകിയ 250 പൗണ്ടും അടിപൊളി ട്രോഫിയും സർട്ടിഫിക്കറ്റും കല്ല്യാൺ സിൽക്‌സിന്റെ ചുരിദാർ മെറ്റീരിയൽസും സമ്മാനമായി ലഭിച്ചപ്പോൾ രണ്ടാമതെത്തിയ ആതിര ചീരോത്തിന് ഗ്ലോബൽ ഓൺ ലൈൻ ട്യൂഷൻ സെന്ററായ ഫസ്റ്റ്‌റിങ് സ്‌പോൺസർ ചെയ്ത നാല് ഗ്രാമിന്റെ തങ്ക പതക്കവും ട്രോഫിയും കല്ല്യാൺ സിൽക്‌സിന്റെ ചുരിദാർ മെറ്റീരിയൽസുമാണ് ലഭിച്ചത്. മൂന്നാമതെത്തിയ സുമി തോമസിന് കുമരകത്ത് കുടുംബ സമേതം ഒരു ഹൗസ് ബോട്ട് ട്രിപ്പ് ആയിരുന്നു സമ്മാനം. ഈ ട്രിപ്പ് സ്‌പോൺസർ ചെയ്തത് ഓഷ്യാനിക് ഹൗസ് ബോട്ടാണ്.

മലയാളി മങ്ക മത്സരത്തിൽ ജേതാവായ ഡോണ ഡെന്നീസിന് ലഭിച്ചത് ഗ്ലോബൽ ഓൺ ലൈൻ ട്യൂഷൻ സെന്ററായ ഫസ്റ്റ്‌റിങ് സ്‌പോൺസർ ചെയ്ത ഒരു പവന്റെ സ്വർണ കോയിനും ഓഷ്യാനിക് ടൂർസ് സ്‌പോൺസർ ചെയ്ത കുമരകത്ത് പ്രശസ്തമായ ഹൗസ് ബോട്ടിൽ ഒരു ദിവസം കുടുംബസമേതം താമസിക്കാനുള്ള ടിക്കറ്റുമാണ്. രണ്ടാമതെത്തിയ റീമാ നമ്പ്യർക്ക് ഗ്ലോബൽ ഓൺ ലൈൻ ട്യൂഷൻ സെന്ററായ ഫസ്റ്റ്‌റിങ് സ്‌പോൺസർ ചെയ്ത അര പവന്റെ സ്വർണ പതക്കവും മാഞ്ചസ്റ്റർ കേരള ആയുർവേദ ഹെർബൽ സെന്റർ നൽകിയ 100 പൗണ്ടുമാണ് സമ്മാനമായി ലഭിച്ചത്. മൂന്നാമതെത്തിയ വിഷ്ണു പ്രിയയ്ക്ക് ബ്ലു പ്ലാനറ്റ് ഇന്റർനാഷണൽ നൽകുന്ന 150 പൗണ്ടാണ് സമ്മാനം ലഭിച്ചത്.

ജിസിഎസ്ഇ പരീക്ഷയിൽ മികച്ച വിജയം നേടിയ 15 പേരെയും ഇക്കുറി ആദരിച്ചിരുന്നു. രാത്രി ഒൻപതര വരെ തുടർച്ചയായി കലാപരിപാടികൾ ആരങ്ങേറുക ആയിരുന്നു. ബ്ലാക്ക്പൂളിൽ പുതിയതായി ആരംഭിച്ച വി4 യൂ എന്ന മ്യൂസിക് ബാൻഡിന്റെ പ്രകടനത്തോടെയാണ് പത്തുമണിയായപ്പോൾ അവാർഡ് നൈറ്റിന് തിരശീല വീണത്. വേദി വിട്ടിറങ്ങിയ എല്ലാവരും ഏക കണ്ഠമായി പറഞ്ഞത് ഒരേ കാര്യം. ഇക്കുറി നടന്നത് അവാർഡ് നൈറ്റുകളുടെ റാണിയായിരുന്നു. അച്ചടക്കത്തിലും കൃത്യ നിഷ്ഠതയിലും പരിപാടിയുടെ ഉയർന്ന നിലവാരം മൂലം ശ്വാസമടക്കി നിർത്തിയാണ് ആളുകൾ ഇതിനെ സമീപിച്ചത്.

പരിപാടി അവസാനിച്ചിട്ടും പോവാതെ ആളുകൾ വേദിയിൽ തന്നെ തുടർന്നു. റാഫിൾ ടിക്കറ്റിന്റെ വിതരണവും മറ്റുമായിരുന്നു ഇതിന് കാരണം. തുടർന്ന് സുരക്ഷ ഉദ്യോഗസ്ഥർ ഇറക്കി വിട്ടതിന് ശേഷമാണ് ആളുകൾ വീട്ടിലേക്ക് മടങ്ങിയത്. രാവിലെ ഇരിക്കാൻ തുടങ്ങിയവർ പിന്നീടൊരിക്കലും സീറ്റിൽ നിന്നു എണീറ്റില്ല എന്ന് പറയുന്നതാണ് ഉചിതം. മികച്ച ഭക്ഷണവും മേമ്പൊടിയായി ഒരുങ്ങിയപ്പോൾ അവധി ആഘോഷിക്കാൻ എത്തിയ മലയാളി സുഹൃത്തുക്കൾക്ക് ആശ്വാസമായി.