- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി ബ്രിട്ട്നി സ്പെയേഴ്സിന് അച്ഛനെ പേടിച്ച് നടക്കേണ്ട; 13 വർഷം നീണ്ട പിതാവിന്റെ നിയന്ത്രണം എടുത്തുമാറ്റി കോടതി; ലോകത്തെ ഒന്നാം നമ്പർ പോപ് സ്റ്റാർ 39-ആം വയസ്സിൽ സ്വാതന്ത്ര്യം ആഘോഷിക്കാൻ തുടങ്ങുന്ന കഥ
ലോസ് ഏഞ്ചൽസ്: കഴിഞ്ഞ 13 വർഷക്കാലമായി ലോക പ്രശസ്ത പോപ് ഗായിക ബ്രിട്നി സ്പിയേഴ്സിനേയും 60 മില്യൺ ഡോളർ വരുന്ന അവരുടെ സമ്പാദ്യത്തെയും നിയന്ത്രിച്ചിരുന്ന പിതാവിന്റെ കൺസർവേറ്റർഷിപ് നിർത്തലാക്കിക്കൊണ്ട് ലോസ് ഏഞ്ചലസിലെ ഒരു കോടതി വിധിച്ചിരിക്കുന്നു. ബ്രിട്നിക്കും സ്വത്തുക്കൾക്കും ഇനിമുതൽ ഒരു കൺസർവേറ്റർഷിപ്പിന്റെ സംരക്ഷണം ആവശ്യമില്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി ഉത്തരവിറക്കിയിരിക്കുന്നത്. ഈ വിധി ഉടൻ തന്നെ പ്രാബല്യത്തിൽ വന്നതായുംകോടതി പറഞ്ഞു.
മകളുടെ ജീവിതം കയ്യിലിട്ട് അമ്മാനമാടിയിരുന്ന പിതാവ് ജാമീ സ്പൈയേഴ്സിന്റെ കൺസർവേറ്റർഷിപ്പുമായി ബന്ധപ്പെട്ട ഒരു നിയമ കരാർ റദ്ദാക്കിയതിന് രണ്ടു മാസത്തിനുശേഷമാണ് ഇപ്പോൾ ഈ വിധി വന്നിരിക്കുന്നത്. ഇത് അത്യധികം സന്തോഷം നൽകുന്നു ദൈവത്തിനും എന്റെ ആരാധകർക്കും നന്ദി എന്നായിരുന്നു ഈ വിധിക്ക് ശേഷം ഗായിക ട്വീറ്റ് ചെയ്തത്. ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും നല്ല ദിനമാണിന്ന്. ദൈവത്തെ വാഴ്‌ത്തുക എന്നും അവർ കൂട്ടിച്ചേർത്തു.
തന്റെ കക്ഷി കോടതിയിൽ നിരന്തരം വിചാരണ ചെയ്യപ്പെട്ടതാണെന്നും കൺസർവേറ്റർഷിപ് അവസാനിപ്പിച്ച് സ്വന്തം ജീവിതം സ്വന്തമായി ജീവിക്കാൻ ആഗ്രഹിക്കുന്നു എന്ന് തന്റെ കക്ഷി നിരവധി തവണ കോടതിയെ ബോധിപ്പിച്ചതാണെന്നും ബ്രിട്നിയുടെ അഭിഭാഷകൻ മാത്യു റോസെൻഗാർട്ട് 30 മിനിറ്റ് നീണ്ട് വിചാരണയ്ക്കിടെ കോടതിയെ ബോധിപ്പിച്ചു. മാത്രമല്ല, മറ്റ് ബാദ്ധ്യതകളോ ഒഴിവുകഴിവുകളോ ഇല്ലാതെ കൺസർവേറ്റർഷിപ് അവസാനിപ്പിക്കാം എന്ന് ബ്രിട്നിയുടെ പിതാവും കോടതിയിൽ പറഞ്ഞതാണെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇത് ഇപ്പോൾ തന്നെ അവസാനിപ്പിക്കണം എന്നും അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു.
നേരത്തേ പിതാവിനെ മാറ്റി താത്ക്കാലകിക കൺസർവേറ്റർ ആയി കോടതി നിയമിച്ച സാബേൽ, ടെർമിനേഷൻ കെയർ പ്ലാൻ ഫയൽ ചെയ്തിട്ടുണ്ടെന്നും ബ്രിട്നിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. അടുത്ത ഏതാനും ആഴ്‌ച്ചകളിൽ ബാക്കിയുള്ള ഭരണനിർവഹണ ചുമതലകൾ കൂടി പൂർത്തിയാക്കിയശേഷം സ്വത്തുക്കൾ ബ്രിട്നിയുടെ ട്രസ്റ്റിന് കൈമാറുമെന്നും അദ്ദേഹം അതിൽ പറഞ്ഞിട്ടുണ്ടെന്നും അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു.
ബ്രിട്നിയുടെ കൺസർവേറ്റർഷിപ്പ് രണ്ട് ഭാഗങ്ങളായി പകുത്തിരുന്നു. സ്വത്തുക്കളും പിന്നെ വ്യക്തിപരമായ കെയറുമായിരുന്നു അവ. സബേൽ ഇപ്പോൾ അവസാനിപ്പിക്കുന്നത് സ്വത്തുക്കളുമായി ബന്ധപ്പെട്ട കൺസർവേറ്റർഷിപ്പാണ്. അതേസമയം, ബ്രിട്നിയുടെ വ്യക്തിപരമായ കൺസർവേറ്റർ ആയിരുന്ന ജോഡി മോണ്ട്ഗോമെറിയും കൺസർവേറ്റർഷിപ്പ് അവസാനിപ്പിക്കുവാനുള്ള പൂർണ്ണസമ്മതം പ്രകടിപ്പിച്ചു കഴിഞ്ഞു. ബ്രിട്നിക്ക് തന്റെ ജീവിതം സ്വന്തം ഇഷ്ടപ്രകാരവും സന്തോഷത്തോടെയും ജീവിക്കാൻ അവസരം നിഷേധിക്കുവാൻ ഒരു കാരണവുമില്ലെന്നാണ് മോണ്ട്ഗോമെറിയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്.
നേരത്തേ കൺസർവേറ്റർഷിപ് അധികാരം ദുരുപയോഗം ചെയ്ത് ബ്രിട്നിയുടെ സ്വത്തിൽ അഴിമതികൾ നടത്തിയതായി പിതാവ് ജാമിക്കെതിരെ ബ്രിട്നിയുടെ അഭിഭാഷകൻ പരാതിപ്പെട്ടിരുന്നു. അതിൽ ഇപ്പോൾ ജാമിക്കെതിരെ സിവിൽ നടപടികൾ ഉണ്ടായേക്കും. ചിലപ്പോൾ ക്രിമിനൽ നടപടികൾക്കും സാധ്യതയുണ്ടെന്നറിയുന്നു. ബ്രിട്നിയുടെ കിടപ്പുമുറിയിൽ പോലും ഇലക്ട്രോണിക് ഉപകരണങ്ങളുടെ സഹായത്താൽ ചാരവൃത്തി നടത്തി എന്ന പരാതിയിലായിരിക്കും ക്രിമിനൽ നടപടികൾ കൈക്കൊള്ളുക എന്നും റിപ്പോർട്ടുകളുണ്ട്.
സ്വത്ത് സംബന്ധിച്ച രേഖകളുടെ ജോലി പൂർത്തിയാക്കുവാൻ ഏതാനും ആഴ്‌ച്ചകൾ എടുക്കുമെങ്കിലും തന്റെ സ്വത്തുക്കൾക്ക് ഇപ്പോൾ തന്നെ അവകാശിയായി മാറിയിരിക്കുകയാണ് ഈ ഗായിക. അതായത് 2008-ന് ശേഷം സ്വന്തമായി ഒരു തീരുമാനമെടുക്കാനുള്ള അവകാശമാണ് ഇപ്പോൾ 40 വയസ്സുള്ള ഇവർക്ക് ലഭിച്ചിരിക്കുന്നത്. ഇനി അവർക്ക് ഇഷ്ടമുള്ളിടത്ത് ജീവിക്കാം, ഇഷ്ടമുള്ളത് ചെയ്യാം അതോടൊപ്പം തന്റെ കാമുകനിൽ നിന്നും ഗർഭം ധരിക്കുകയും ചെയ്യാം, അവർ ട്വീറ്ററിൽ കുറിച്ചു.
2008-ൽ ഉണ്ടായ ചില മാനസിക പ്രശ്നങ്ങളെ തുടർന്നായിരുന്നു കൺസർവേറ്റർഷിപ് ഏർപ്പെടുത്തിയത്. കഴിഞ്ഞ ഒരു വർഷക്കാലത്തിലധികമായി കൺസർവേറ്റർഷിപ് മാറ്റണമെന്ന ആവശ്യവുമായി ബ്രിട്നി കോടതിയെ സമീപിക്കുന്നു. കൺസർവേറ്റർഷിപ് മാറ്റാതെ താൻ ഇനി സംഗീത ലോകത്തേക്കില്ലെന്ന് പറഞ്ഞ ബ്രിട്നി, തനിക്ക് തന്റെ കാമുകനിൽ നിന്നും ഗർഭം ധരിക്കണമെന്ന ആഗ്രഹം പോലും തന്റെ പിതാവ് വിലക്കുന്നതായി കോടതിയെ അറിയിച്ചിരുന്നു. ഒപ്പം തന്റെ മാതാവിനെതിരെയും അവർ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
മറുനാടന് ഡെസ്ക്