ന്യൂയോർക്ക്: ന്യൂയോർക്കിലെ ബ്രോൺക്‌സ് ബോറോയിൽ ജനവാസകേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ 12 പേർ മരിച്ചു. 15 പേർക്കു ഗുരുതരമായി പരുക്കേറ്റു. മരിച്ചതിൽ നവജാത ശിശുവും ഉൾപ്പെടുന്നു. വ്യാഴാഴ്ച രാത്രി 7.30 ഓടെയാണ് തീപിടുത്തം ഉണ്ടായത്. ഒന്നു മുതൽ 50 വയസ്സുവരെ പ്രായമുള്ളവർ മരിച്ചവരിൽ ഉൾപ്പെടുന്നതായി സിറ്റി ഫയർ കമ്മിഷണർ ഡാനിയേൽ നിഗ്രോ പറയുന്നു.

വ്യഴാഴ്ച രാത്രി 7.30 ഓടെ അപ്പാർട്ട്‌മെന്റിന്റെ ഒന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. മരണസംഖ്യ ഉയരാനുള്ള സാധ്യതയുണ്ടെന്നും മേയറുടെ വക്താവ് എറിക് ഫിലിപ്പ്‌സ് പറയുന്നു. അഗ്‌നിശമനസേനയുടെ 160 യൂണിറ്റുകളാണ് തീയണയ്ക്കുന്നതിനായി രംഗത്തുള്ളത്. കെട്ടിടത്തിനു കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടില്ല.

ഒന്നാം നിലയിലുണ്ടായ തീപിടുത്തം പെട്ടെന്ന് തന്നെ കെട്ടിടം മുഴുവനും പടർന്ന് പിടിക്കുകയായിരുന്നു. ശക്തമായ കാറ്റ് വീശിയതും തീ പടർന്ന് പിടിക്കാൻ സഹായകമായി. തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.