ലണ്ടൻ: ചെൽസിയും മാഞ്ചസ്റ്റർ യുനൈറ്റഡും സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്ന മുൻ ഇംഗ്ലണ്ട് ഫുട്‌ബോൾ ടീം ക്യാപ്റ്റൻ ഡേവിഡ് ബെക്കാമിന്റെ 15-കാരൻ മകൻ ബ്രൂക്ക്‌ലിൻ ബെക്കാമിനെ ആഴ്‌സനൽ സ്വന്തമാക്കി. ആഴ്‌സനലിന്റെ കോച്ചുമാരുടെ കണ്ണിലുടക്കിയതോടെയാണ് ക്ലബുമായുള്ള കരാറിന് വഴി തെളിഞ്ഞത്. ഗണ്ണേഴ്‌സിനൊപ്പം പരിശീലിക്കുന്ന ബ്രൂക്ക്‌ലിൻ അവരുടെ അണ്ടർ 16 ടീമിലും കളിക്കുന്നുണ്ട്. നേരത്തെ ചെൽസി, യുനൈറ്റഡ്, ക്വീൻസ് പാർക്ക് റേഞ്ചേഴ്‌സ്, ഫുൽഹാം എന്നീ ക്ലബുകളിൽ ട്രയൽസും കളിച്ചിട്ടുണ്ട്. റൈറ്റ് വിങിൽ ശ്രദ്ധേയനായ ബ്രൂക്ക്‌ലിൻ ഈ ചുരുങ്ങിയ കരാർ കാലാവധിയിൽ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധേയനായാൽ അത് പ്രൊഫഷണൽ കരാറിനും പ്രീമിയർ ലീഗിലേക്കും വഴി തുറക്കും. ബെക്കാം കുടുംബത്തിന് ആഴ്‌സനലുമായി നല്ല ബന്ധമാണുള്ളത്.

ബെക്കാമിന്റെ മറ്റു മക്കളായ ഒമ്പതുകാരൻ ക്രൂസ് ആഴ്‌സനലിന്റെ അണ്ടർ 10 ടീമിലും 12-കാരൻ റോമിയോ അണ്ടർ 13 ടീമിലും അംഗങ്ങളാണ്. വിരമിക്കുന്നതിനു മുന്നോടിയായി കഴിഞ്ഞ വർഷം ജനുവരിയിൽ ബെക്കാം ആഴ്‌സനലിലാണ് പരിശീലനം നടത്തിയിരുന്നത്. 'ബ്രൂക്ക്‌ലിനിൽ പ്രതിഭയുണ്ട്. കളിച്ച പരിശീലന മത്സരങ്ങളില്ലൊം അവൻ വേറിട്ടു നിന്നു,' ആഴ്‌സനൽ വൃത്തങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ബ്രൂക്ക്‌ലിനു പിന്നാലെ പല ക്ലബുകളും ചുറ്റിപ്പറ്റിയുണ്ടായിരുന്നു. ഒരു മുൻനിര ക്ലബുമായി ബ്രൂക്ക്‌ലിൻ എന്നു കരാറിലെത്തുമെന്നു മാത്രമാണ് എല്ലാവരും കാത്തിരുന്നത്. ബ്രൂക്ക്‌ലിനിലെ പ്രതിഭയെ ആഴ്‌സനൽ കണ്ടെത്തുകയും അത് സംരക്ഷിക്കുകയും ചെയ്തിരിക്കുന്നു. വലവീശാൻ ശ്രമിച്ചിരുന്നു മാഞ്ചസ്റ്റർ യുനൈറ്റഡിനെയും ചെൽസിയയെും പിന്തള്ളിയാണിത്. അടുത്ത സമ്മറിൽ ഒരു പക്ഷേ ആഴ്‌സനലിനുമായി വലിയ കരാറിലെത്തിയേക്കും.

പ്രീമിയർ ലീഗിൽ കളിക്കാനുള്ള പ്രൊഫഷണൽ കാരാറിലെത്താൻ 17 വയസ്സ് തികയണം. ഇതിനു മുമ്പ് ആരെങ്കിലും വലവീശുമെന്നു കരുതിയാണ് ക്ലബുകൾ ചുരുങ്ങിയ കാലത്തേക്ക് കരാറുണ്ടാക്കി പ്രതിഭകളെ സ്വന്തമാക്കുന്നത്. അതേസമയം ഈ റിപ്പോർട്ടുകളോടുള്ള ബെക്കാമിന്റെയും ആഴ്‌സനലിന്റെ പ്രതികരണം ഇതുവരെ വന്നിട്ടില്ല.