തിരൂരങ്ങാടി: ഉമ്മയോടൊപ്പം കുളിക്കാൻപോയി പനമ്പുഴയിൽ മുങ്ങിമരിച്ച സഹോദരങ്ങൾക്ക് നാടിന്റെ യാത്രാമൊഴി. ഫറോക്ക് മണ്ണൂർ ആലുങ്ങൽ ചെറൂളി നൂറുദ്ദീൻ മെഹ്ബൂബ ദമ്പതികളുടെ മക്കളായ മുഹമ്മദ് അനസ് (24), മുഹമ്മദ് നാജിഹ് (21) എന്നിവരുടെ മൃതദേഹങ്ങൾ ഇന്നലെ ഉച്ചയോടെ താലൂക്ക് ആശുപത്രിയിയിൽനിന്നു പോസ്റ്റ്‌മോർട്ടത്തിനു ശേഷം നാട്ടിലേക്കു കൊണ്ടുപോയി.

വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മണ്ണൂർ കിഴക്കുമ്പാട് ജുമാ മസ്ജിദിൽ കബറടക്കി. ഉമ്മ മെഹ്ബൂബയ്ക്കും സഹോദരിമാർക്കുമൊപ്പമാണ് അനസും നാജിഹും പുഴയിൽ കുളിക്കാനെത്തിയത്. ഉമ്മയും സഹോദരിമാരും പുഴയോരത്ത് നിൽക്കുകയായിരുന്നു. പുഴ നീന്തിക്കടക്കുന്നതിനിടെ നാജിഹ് വെള്ളത്തിൽ താഴ്ന്നു.

നാജിഹിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അനസും കയത്തിൽപെട്ടത്. അനസിനെ അര മണിക്കൂറിനുള്ളിൽ കിട്ടിയെങ്കിലും രക്ഷിക്കാനായില്ല. നാജിഹിനെ ഏഴ് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് ലഭിച്ചത്. അഞ്ച് മണിക്ക് കാണാതായിട്ട് രാത്രി 12ന് ആണ് മുങ്ങിയെടുത്തത്. രാമനാട്ടുകരയിൽനിന്നുള്ള മുങ്ങൽ വിദഗ്ധരാണ് മൃതദേഹം കണ്ടെടുത്തത്.