ബ്രസൽസ്: ബെൽജിയം തലസ്ഥാനമായ ബ്രസൽസിലെ സെൻട്രൽ സ്റ്റേഷനിൽ ഇന്നലെ ഉണ്ടാകുമായിരുന്ന മഹാദുരന്തം പൊലീസിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്ന് ഇല്ലാതായി.ആത്മഹത്യാ ബോംബുമായി എത്തിയ ചെറുപ്പക്കാരൻ ബ്രസൽസ് റെയിൽവേ സ്റ്റേഷനിൽ അള്ളാഹു അക്‌ബർ വിളിച്ച് സ്വയം പൊട്ടിത്തെറിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇത് തിരിച്ചറിഞ്ഞ പൊലീസ് നിമിഷ നേരം കൊണ്ട് അയാളെ വെടി വച്ച് കൊല്ലുകയും സ്ഫോടനം ഇല്ലാതാക്കുകയും ചെയ്തു. ഇന്നലെ രാത്രി എട്ട് മണിക്ക് ശേഷമാണ് സംഭവം നടന്നത്. ഇതിനെ ഒരു തീവ്രവാദ സംഭമായിട്ടാണ് ട്രീറ്റ് ചെയ്തിരിക്കുന്നത്.

വെടി കൊണ്ട് വീണതിന് ശേഷം ആക്രമിയുടെ മൃതദേഹം കുറേ സമയം സ്റ്റേഷനിൽ തന്നെ കിടന്നിരുന്നുവെന്നാണ് റിപ്പോർട്ട്. ഇയാളുടെ അരയിൽ സ്ഫോടകവസ്തുവുണ്ടെന്നും അത് ഏത് നിമിഷവും പൊട്ടിത്തെറിക്കുമെന്ന ഭയത്താലും മെഡിക്സ് ഇയാൾക്കടുത്തേക്ക് പോകാൻ ഭയപ്പെട്ടതിനെ തുടർന്നാണിത്.ഏതാണ്ട് 30 വയസുള്ള ചെറുപ്പക്കാരന്റെ അരയിൽ ആത്മഹത്യാബോംബ് ഘടിപ്പിച്ചിരുന്നുവെന്നാണ് സൂചന. ഭീകരനെ വെടി വച്ച് കൊന്നുവെന്ന വാർത്തയും വെടി ശബ്ദവും കേട്ട് സ്റ്റേഷനകത്തുണ്ടായിരുന്ന യാത്രക്കാർ ട്രാക്കിനടുത്തേക്ക് ഓടുന്നത് കാണാമായിരുന്നു. സ്ഫോടനം ഉണ്ടാകുമെന്ന് ഭയന്നായിരുന്നു നിരവധി പേർ ജീവനും കൊണ്ട് പലായനം ചെയ്തിരുന്നത്.

സംഭവത്തെ തുടർന്ന് സ്റ്റേഷനും പരിസരത്തുമുള്ള ഷോപ്പുകളും റസ്റ്റോറന്റുകളും ആളുകളെ ഒഴിപ്പിച്ച് മുൻകരുതലായി അടയ്ക്കുകയും ചെയ്തിരുന്നു. തുടർന്ന് ബോംബ് സ്‌ക്വാഡെത്തി ഇയാളുടെ ബോംബ് ബെൽറ്റിലെ സ്ഫോടകവസ്തുവിനെ നിയന്ത്രിത സ്ഫോടനത്തിന് വിധേയമാക്കുകയും ചെയ്തിരുന്നു. തുടർന്ന് സ്റ്റേഷനടുത്തുള്ള ഗ്രാൻഡ് പ്ലേസ് സ്‌ക്വയർ ഒഴിപ്പിച്ചിരുന്നു. അവിടെ സ്ഫോടകവസ്തുക്കളെങ്ങാനമുണ്ടോയെന്ന് പരിശോധിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. സ്റ്റേഷനിൽ പതിവ് പട്രോളിങ് നടത്തുകയായിരുന്ന പൊലീസാണ് ഭീകരനെ വെടിവച്ചിട്ടതെന്നാണ് റിപ്പോർട്ട്.

സംഭവത്തിൽ മറ്റാരെങ്കിലും മരിക്കുകയോ പരുക്കേൽക്കുകയോ ചെയ്തിട്ടില്ലെന്നും എല്ലാം നിയന്ത്രണാധീനമാണെന്നും പൊലീസ് പറയുന്നു. ബ്രസൽസിൽ മൂന്ന് ആത്മഹത്യാംബോംബർമാർ പൊട്ടിത്തെറിച്ച് 32 പേരുടെജീവൻ അപഹരിച്ച് ഒരു വർഷത്തിന് ശേഷമാണ് ഇപ്പോൾ വീണ്ടും ചാവേറാക്രമണ ശ്രമമുണ്ടായിരിക്കുന്നത്. തുടർന്ന് അണ്ടർഗ്രൗണ്ട് അറൈവൽ ഹാളിൽ നിയന്ത്രിത സ്ഫോടനം നടത്തുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

പട്ടാളക്കാർ , ഫയർ ഫൈറ്റർമാർ, സായുധ ട്രക്കുകൾ, പൊലീസ് തുടങ്ങിയവർ സ്റ്റേഷന് പുറത്ത് ജാഗ്രതയോടെ നിലകൊള്ളുന്ന ചിത്രങ്ങളും പുറത്ത് വന്നിരുന്നു.