- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കപ് കേക്കും ബിസ്ക്കറ്റുകളുമായി ഭീകരർ എത്തുന്നത് 150 അടി നീളമുള്ള തുരങ്കത്തിലൂടെ; പാക്കിസ്ഥാനുമായുള്ള രാജ്യാന്തര അതിർത്തിയിൽ പട്രോളിങ് ശക്തമാക്കി ബിഎസ്എഫ്
ന്യൂഡൽഹി: അതിർത്തിയിൽ ഭീകരർ നിർമ്മിച്ച തുരങ്കങ്ങൾ കണ്ടെത്തിയതോടെ പാക്കിസ്ഥാനുമായുള്ള രാജ്യാന്തര അതിർത്തിയിൽ പട്രോളിങ് ശക്തമാക്കുന്നു. ജമ്മു കശ്മീരിലെ സാംബ, രജൗറി മേഖലകളിൽ പരിശോധന കർശനമാക്കാൻ ബിഎസ്എഫ് ഡയറക്ടർ ജനറൽ രാകേഷ് അസ്താന ഉത്തരവിട്ടു. തുരങ്കങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് രാജ്യാന്തര അതിർത്തിയിൽ കർശന നിരീക്ഷണം നടത്താനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. നിലവിൽ ഈ മേഖലയിൽ ജയ്ഷെ ഭീകരരാണ് നുഴഞ്ഞുകയറ്റം നടത്താറുള്ളത്. മറ്റു ഭീകരസംഘടനകളായ ലഷ്കറെ തയിബ, അൽ ബദർ തുടങ്ങിയവർ നിയന്ത്രണരേഖയിലൂടെയും കുറച്ചുകൂടി വടക്കുമാറിയുള്ള ഉറി, കുപ്വാര മേഖലകളിലൂടെയുമാണ് നുഴഞ്ഞുകയറുക.
നവംബർ 19ന് നാല് ജയ്ഷെ മുഹമ്മദ് ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചിരുന്നു. ഇവർ അതിർത്തികടന്നുള്ള ഇത്തരം തുരങ്കങ്ങളിലൂടെയാണ് ഇന്ത്യൻ ഭൂപ്രദേശത്ത് എത്തിയത്. ഇതുപോലുള്ള കൂടുതൽ തുരങ്കങ്ങൾ കണ്ടെത്തിയിട്ടുമുണ്ട്. ഈ നാലുപേരുടെ പേരും വിവരങ്ങളും കണ്ടെത്തിയിട്ടില്ലെങ്കിലും 19ന് രാത്രിവരെ ഇവർ തുരങ്കത്തിൽ ഒളിച്ചിരിക്കുകയായിരുന്നുവെന്നു വ്യക്തമായിട്ടുണ്ട്.
150 അടി നീളമുള്ള ഈ തുരങ്കത്തിലൂടെ 173ാം ബറ്റാലിയനിലെ കമാൻഡന്റ് റത്തോഡ് നുഴഞ്ഞു കയറി പരിശോധന നടത്തിയിരുന്നു. ബിസ്കറ്റുകളുടെയും മറ്റു ഭക്ഷ്യവസ്തുക്കളുടെയും പായ്ക്കറ്റുകൾ ഇവിടെനിന്നു കണ്ടെത്തുകയും ചെയ്തു. ലാഹോർ ആസ്ഥാനമായി ഉൽപാദിപ്പിക്കുന്ന ‘മാസ്റ്റർ ക്യുസീൻ കപ്കേക്ക്' ബിസ്കറ്റുകളുടെ പായ്ക്കറ്റാണ് ലഭിച്ചത്. ഇതിൽ ഉൽപാദന തീയതിയായി 2020 മെയ് എന്നും എക്സ്പെയറി തീയതിയായി 2020 നവംബർ 17 എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
തുരങ്കങ്ങളിൽ ഒളിച്ചിരുന്നവർക്ക് പാക്ക് ഭാഗത്തുനിന്ന് ആരെങ്കിലും കൃത്യമായി നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടാകാമെന്നാണ് അന്വേഷണ സംഘത്തോട് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. പാക്ക് സൈന്യത്തിന്റെ ആളുകളും ഇത്തരം നിർദ്ദേശങ്ങൾ നൽകാൻ ചുമതലപ്പെട്ടവരിൽ ഉൾപ്പെട്ടിട്ടുണ്ടാകാം. ഇന്ത്യൻ ഭാഗത്ത് എപ്പോൾ ആളില്ലാത്ത സമയം വരുമെന്നും പുറത്തിറങ്ങാമെന്നും ഇവർ നിർദ്ദേശിക്കുന്നത് അനുസരിച്ചായിരിക്കും തുരങ്കത്തിൽനിന്നു പുറത്തേക്കു വരിക.
അതേസമയം, ജമ്മു കശ്മീരിനെ അസ്ഥിരപ്പെടുത്താനുള്ള പാക്ക് ശ്രമങ്ങളെക്കുറിച്ച് യുഎസ്, റഷ്യ, ഫ്രാൻസ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളെ ഇന്ത്യ വിവരമറിയിച്ചു. വിദേശകാര്യ സെക്രട്ടറി ഹർഷ വർധൻ ശ്രിങ്ലയാണ് ഈ രാജ്യങ്ങളുടെ ഇന്ത്യയിലെ പ്രതിനിധികളെ ഇക്കാര്യങ്ങൾ അറിയിച്ചത്. 19ന് നടന്ന ഏറ്റുമുട്ടലിനെക്കുറിച്ചും ഭീകരരിൽനിന്നു കണ്ടെത്തിയ വെടിക്കോപ്പുകളെക്കുറിച്ചും ഇവർ കടന്നുവന്ന തുരങ്കങ്ങളെക്കുറിച്ചും മറ്റുമുള്ള വിശദവിവരങ്ങൾ അടങ്ങിയ ‘ഇൻഫർമേഷൻ ഡോക്കറ്റ്' ഇവർക്കു കൈമാറിയിട്ടുണ്ട്. 2019 ഫെബ്രുവരിയിലെ പുൽവാമ ആക്രമണത്തിനു ശേഷം വലിയൊരു ഭീകരാക്രമണം ഇന്ത്യയിൽ നടത്താൻ പദ്ധതിയിട്ടിരിക്കുകയാണ് പാക്കിസ്ഥാനെന്നും പ്രതിനിധികളെ ഇന്ത്യ അറിയിച്ചിട്ടുണ്ട്.
മറുനാടന് ഡെസ്ക്