കോട്ടയം: ദീപാവലി പ്രമാണിച്ച് രാജ്യവ്യാപകമായി വിവിധ കമ്പനികൾ ആനുകൂല്യങ്ങളും സൗജന്യങ്ങളും നൽകുമ്പോൾ 'ബ്ലാക്ക് ഔട്ട് ഡേ' എന്ന പേരിൽ ബി.എസ്.എൻ.എൽ. ഉപഭോക്താക്കൾക്കു ആനുകൂല്യ കോൾ, എസ്.എം.എസ്. എന്നിവ ഒഴിവാക്കിയത് ദീപാവലിയോടുള്ള അവഹേളനമാണെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ കുറ്റപ്പെടുത്തി. 28, 29 തീയതികളിൽ ബ്ലാക്ക് ഔട്ട് ഡേ എന്ന പേരിലാണ് വിവിധ സ്‌കീമുകളിൽ റീച്ചാർജ്ജ് ചെയ്തവർക്കുള്ള സൗകര്യങ്ങൾ നൽകാതെ ദീപാവലിയെ അവഹേളിച്ചിരിക്കുന്നത്.

അതേസമയം ദീപാവലിയുടെ പേരിൽ ശമ്പളത്തോടുകൂടിയ അവധി ആനുകൂല്യം ബി.എസ്.എൻ.എൽ. ഉദ്യോഗസ്ഥർ കൈപ്പറ്റുകയും ചെയ്യുന്നുണ്ടെന്നു ഫൗണ്ടേഷൻ കുറ്റപ്പെടുത്തി. ഉപഭോക്താക്കളുടെ ആനുകൂല്യം കവർന്നെടുത്ത സാഹചര്യത്തിൽ ബി.എസ്.എൻ.എൽ. ജീവനക്കാർക്കു അവധി ദിവസങ്ങളിൽ ശമ്പളം നൽകരുതെന്നു കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ മന്ത്രിക്ക് നിവേദനം നൽകാൻ തീരുമാനിച്ചു.

മറ്റുകമ്പനികൾ സൗജന്യങ്ങൾ വാരിക്കോരി കൊടുക്കുമ്പോൾ ഇത്തരത്തിൽ ഉപഭോക്താക്കളെ തട്ടിച്ചു പണം കവരുകയാണ് ബി.എസ്.എൻ.എൽ. നേരത്തെ സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ഇത്തരത്തിൽ ബ്ലാക്ക് ഔട്ട് ഡേ പ്രഖ്യാപിച്ചു പണം കവർന്നിരുന്നു. ദീപാവലിയെ അവഹേളിച്ച അധികൃതർ മാപ്പുപറയണമെന്നും ബ്ലാക്ക് ഔട്ട് ഡേ പിൻവലിക്കണമെന്നും ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് ദീപാവലി ദിനത്തിൽ ബി.എസ്.എൻ.എൽ.നെതിരെ കരിദിനം ആചരിക്കുവാനും തീരുമാനിച്ചു.

ചെയർമാൻ എബി ജെ. ജോസ് അദ്ധ്യക്ഷത വഹിച്ചു. ബിനു പെരുമന, സാംജി പഴേപറമ്പിൽ, വിഷ്ണു കെ.ആർ., അമൽ ജോസഫ്, ബിജു ആരാധന തുടങ്ങിയവർ പ്രസംഗിച്ചു.