ന്യൂഡൽഹി: സൗജന്യ ഡേറ്റ നല്കി റിലയൻസ് ജിയോ മറ്റു ടെലികോം കമ്പനികൾക്കു നല്കിയ പണി ചില്ലറയല്ല. വെൽക്കം ഓഫർ തീരുന്ന മുറയ്ക്ക് ദിവസം വെറും പത്തുരൂപയ്ക്ക് ഒരു ജിബി ഡേറ്റ നല്കുന്ന പദ്ധതി പ്രഖ്യാപിച്ച മുകേഷ് അംബാനി ജിയോയിലേക്ക് ആളുകളെ ആകർഷിക്കുന്നതു തുടരുകയാണ്.

ജിയോയെ നേരിടാൻ പുതിയ ഓഫറുകളുമായി ദേശീയ ടെലികോം കമ്പനി ബിഎസ്എൻഎൽ രംഗത്തു വന്നിരിക്കുകയാണ്. 339 രൂപയ്ക്ക് പ്രതിദിനം 2 ജിബി 3ജി ഡാറ്റയും ബിഎസ്എൻഎൽ ഫോണുകളിലേക്ക് അൺലിമിറ്റഡ് വോയ്സ് കോളിങ്ങുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 28 ദിവസമാണ് ഓഫർ കാലാവധി.

സ്പെഷ്യൽ താരിഫ് വൗച്ചർ 339 റീചാർജ് ചെയ്താൽ ഉപയോക്താക്കൾക്ക് ഓഫർ ലഭ്യമാകും. ഓഫറിൽ ബിഎസ്എൻഎൽ അല്ലാത്ത നെറ്റുവർക്കുകളിലേക്ക് പ്രതിദിനം 25 മിനിറ്റ് സൗജന്യ കോളുകളും ലഭിക്കും. 25 മിനിറ്റിന് ശേഷം മിനിറ്റിന് 25 പൈസയാകും നിരക്ക്.

നിലവിലുള്ള 339 രൂപ ഓഫർ പരിഷ്‌കരിക്കുകയാണ് ബിഎസ്എൻഎൽ ചെയ്തിരിക്കുന്നത്. ഇപ്പോൾ ഈ ഓഫറിൽ ഒരു ജിബി ഡാറ്റയോടൊപ്പം എല്ലാ നെറ്റുവർക്കുകളിലേക്കും അൺലിമിറ്റഡ് വോയ്സ് കോളാണ് നൽകിയിരുന്നത്. പുതിയ ഓഫറിൽ മറ്റു നെറ്റുവർക്കുകളിലേക്കുള്ള കോൾ കുറച്ച് ഡാറ്റ പരിധി ഉയർത്തുകയാണ് ചെയ്തത്. ശനിയാഴ്ച മുതൽ ഓഫർ നിലവിൽ വരും.

ഏപ്രിൽ ഒന്നു മുതൽ നിലവിൽ വരുന്ന ജിയോ പ്രൈം ഓഫറിനെ ബദലായാണ് ബിഎസ്എൻഎൽ പുതിയ ഓഫർ അവതരിപ്പിച്ചിരിക്കുന്നത്. 99 രൂപയ്ക്ക് ഒരു വർഷത്തെ മെമ്പർഷിപ്പ് നേടുന്ന ഉപയോക്താക്കൾക്ക് 303 രൂപയ്ക്ക് പ്രതിദിനം ഒരു ജിബി 4ജി ഡാറ്റയും എല്ലാ നെറ്റുവർക്കുകളിലേക്കും പരിധിയില്ലാത്ത കോളുമാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. അതേസമയം ജിയോ നല്കുന്നത് 4ജിയും ബിഎസ്എൻഎൽ നല്കുന്നത് വേഗത കുറഞ്ഞ 3ജിയും ആണെന്നതു ശ്രദ്ധേയമാണ്.