കൊച്ചി: ജനുവരിയോടെ ബി.എസ്.എൻ.എൽ കേരളത്തിൽ 4ജി സേവനം ആരംഭിക്കും. തുടർന്ന് ഒഡിഷയിലും സേവനം ലഭ്യമാക്കും. ഇതോടെ മൊബൈൽ ഡാറ്റ ഉപയോക്താക്കൾക്കിടയിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനാകുമെന്നാണ് പൊതുമേഖലാസ്ഥാപനമായ ബിഎസ്എൻ.എല്ലിന്റെ വിശ്വാസം.

എൽടിഇഅടിസ്ഥാനമാക്കിയാണ് 4ജി സേവനം ബി.എസ്.എൻ.എൽ നൽകുന്നത്. കേരളമാണ് തങ്ങളുടെ ആദ്യ 4ജി സർക്കിൾ. 3ജി കവറേജ് കുറഞ്ഞ പ്രദേശങ്ങളിലാണ് ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് കേരള സർക്കിൾ സിഎംഡി അനുപം ശ്രീവാസ്തവ പറഞ്ഞു.
ഇപ്പോൾ തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് 3ജി സൗകര്യം കുറവുള്ള സ്ഥലങ്ങളിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ ഭാരതി എയർടെല്ലും വോഡാഫോണും ജിയോയും 4ജിയിലേക്കുള്ള ആദ്യപടി വച്ചുകഴിഞ്ഞു. ഈ സ്വകാര്യ കമ്പനികളോടാണ് ബി.എസ്.എൻ.എൽ മത്സരിക്കുന്നത്. നിലവിലുള്ള ടവറുകൾ 4ജി സേവനം ലഭ്യമാക്കാൻ പര്യാപ്തമായവയാണ്. ആവശ്യം വന്നാൽ പുതിയ ടവറുകൾ സ്ഥാപിക്കുമെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. എൽ.ടി.ഇ അടിസ്ഥാനമാക്കിയ 4ജി സേവനമാണ് ബി.എസ്.എൻ.എൽ അവതരിപ്പിക്കുന്നത്. ഇതിലൂടെ അതിവേഗ ഡാറ്റയും ഉപഭോക്തൃ അനുഭവവും ഉണ്ടാകും.

ഒരു സ്പെക്ട്രം കൂടി ബി.എസ്.എൻ.എൽ ആവശ്യപ്പെടുന്നുണ്ട്. അധികമായി ഒരു സ്പെക്ട്രം ലഭ്യമായാൽ ബെംഗളൂരുവിലും ഹൈദരാബാദിലും 4ജി സേവനം ആരംഭിക്കും.ബി.എസ്.എൻ.എല്ലിന് രാജ്യമൊട്ടാകെ 10കോടി ഉപയോക്താക്കളാണുള്ളത്. സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 10,000 4ജി ടവറുകൾ 2018ഓടെ സ്ഥാപിക്കുമെന്നും ഇതോടെ ഉപയോക്താക്കളുടെ എണ്ണത്തിൽ വർദ്ധനയുണ്ടാകുമെന്നും അനുപം ശ്രീവാസ്തവ കൂട്ടിച്ചേർത്തു.