ലഖ്‌നൗ: സാമുഹിക സുരക്ഷ ഉറപ്പാക്കാനുള്ള പോരാട്ടങ്ങൾ ശക്തമാക്കണമെന്ന് പാർട്ടി പ്രവർത്തകരോട് ബിഎസ്‌പി നേതാവ് മായവതിയുടെ ആഹ്വാനം. പാർട്ടിയിൽ കുടുംബവാഴ്ച അനുവദിക്കില്ലെന്നും ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രി വ്യക്തമാക്കി.

ബിഎസ്‌പി നേതാക്കൾ കുടുംബാഗങ്ങളെ ഉയർത്തിക്കൊണ്ടു വരരുത്. പാർട്ടിയിലെ കുടുംബവാഴ്ചയെ എതിർത്ത് ഇല്ലാതാക്കണം. അംബേദ്കറിൽ നിന്നും കാൻഷി റാമിൽ നിന്നും ഓരോരുത്തരും ആവേശം ഉൾക്കൊള്ളണം. എന്നിൽ നിന്നും ഇതിനൊപ്പം പ്രചോദനം ഉൾക്കൊള്ളണം. അങ്ങനെ വേണം പ്രസ്ഥാനത്തെ മുന്നോട്ട് കൊണ്ടു പോകാൻ-മായവതി ആവശ്യപ്പെട്ടു. അത്യാഗ്രഹികളായ നേതാക്കൾ കഴിഞ്ഞകാലത്ത് പാർട്ടിയിലുണ്ടായിരുന്നു. പാർട്ടി അധികാരത്തിൽ വരുമ്പോഴെല്ലാം അത്തരക്കാർ ബന്ധുക്കളെ പ്രോൽസാഹിപ്പിച്ചു. അങ്ങനെ സാമൂഹിക നീതിക്കായുള്ള പോരാട്ടത്തെ അവർ അട്ടിമറിച്ചുവെന്ന് മായാവതി പറയുന്നു.

രാജ്യത്തുടനീളമുള്ള പാർട്ടി നേതാക്കളെ അഭിസംബോധന ചെയ്യുകയായിരുന്നു ബിഎസ്‌പി അധ്യക്ഷ. അടിച്ചമർത്തപ്പെട്ടവർക്കൊപ്പമാകണം പാർട്ടിയെന്നാണ് മായവതി നൽകുന്ന നിർദ്ദേശം. ഉത്തർപ്രദേശിൽ നിയമവാഴ്ച ഉറപ്പാക്കാൻ ബിഎസ്‌പിയ്‌ക്കേ കഴിയൂ എന്നാണ് ആളുകൾ ചിന്തിക്കുന്നത്. അവരുടെ ഏക പ്രതീക്ഷായണ് ബിഎസ്‌പി-മായാവതി പറഞ്ഞു. എന്നാൽ മായാവതിയുടെ വാക്കുകളെ നേതൃത്വത്തിനോട് നീരസമുള്ള രാജ്യസഭാ അംഗ് ജുഗൽ കിഷോർ തള്ളിക്കളഞ്ഞു. മായവതിയും കുടുംബവും ബിഎസ്‌പി ഭരണകാലത്ത് തടിച്ചു കൊഴുത്തുവെന്നാണ് ജുഗൽ കിഷോറിന്റെ വിമർശനം.

മായവതി അതിസമ്പന്നയായി. പാർട്ടിയെ ദുരുപയോഗപ്പെടുത്തി അവരുടെ ബന്ധുക്കളും വളർന്നു. മായവതിയുടെ സഹോദരങ്ങൾക്കും കുടുംബാഗങ്ങൾക്കും അവർ മുഖ്യമന്ത്രിയായിരുന്നപ്പോൾ കോടിക്കണക്കിന് രൂപയുടെ ആസ്തിയാണ് ഉണ്ടായത്. മായാവതിയാണ് ബിഎസ്‌പിയെ തകർത്തത്-ജുഗൽ കിഷോർ ആരോപിച്ചു.