ബിൻജോർ: വരാൻപോകുന്ന യുപി തിരഞ്ഞെടുപ്പിൽ 100 മുസ്‌ളീം സ്ഥാനാർത്ഥികളെ അണിനിരത്തി പരീക്ഷണം നടത്താൻ സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയകക്ഷിയാ ബഹുജൻ സമാജ് വാദി പാർട്ടി. മുസ്‌ളീം ഭൂരിപക്ഷ മേഖലയായ ബിൻജോറിലെ എട്ടു മണ്ഡലങ്ങളിൽ അഞ്ചിടത്ത് മുസ്‌ളീം സ്ഥാനാർത്ഥികളെ നിർത്തുമെന്ന് ബിഎസ്‌പി നേതാവ് മായാവതി പ്രഖ്യാപിച്ചു.

ഇപ്പോൾ ഉത്തർപ്രദേശിൽ ഭരണത്തിലുള്ള സമാജ് വാദി പാർട്ടിയേയും സംസ്ഥാനം പിടിച്ചടക്കുമെന്ന പ്രഖ്യാപനവുമായി തിരഞ്ഞെടുപ്പിനെ നേരിടുന്ന ബിജെപിയെയും തടയാൻ മുസഌം-ദളിത് തന്ത്രമാണ് മായാവതി പയറ്റുകയെന്ന് പുതിയ നീക്കത്തിലൂടെ വ്യക്തമാവുകയാണ്. അതേസമയം ബിൻജോർ മേഖലയിൽ നാല് മുസ്‌ളീം സ്ഥാനാർത്ഥികളെ പോരിനിറക്കാനാണ് സമാജ് വാദി പാർട്ടിയുടെ തീരുമാനം.

ചരിത്രത്തിലാദ്യമായാണ് ഇത്രയധികം മുസ്‌ളീം സ്ഥാനാർത്ഥികൾക്ക് യുപിയിൽ അവസരം ലഭിക്കുന്നത്. മുസ്‌ലിങ്ങൾ കൂടുതലുള്ള പടിഞ്ഞാറൻ യുപിയിലാണ് സമുദായാംഗങ്ങൾക്ക് ഇത്തരത്തിൽ സീറ്റുകൾ ലഭിക്കുക. ബിഎസ്‌പിയും എസ്‌പിയും ഇത്തരത്തിൽ നീക്കങ്ങൾ ആരംഭിച്ചതോടെ അടുത്തവർഷം നടക്കുന്ന ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് വർഗീയ ധ്രുവീകരണത്തിന് വേദിയാകുമെന്ന് തിരഞ്ഞെടുപ്പ് നിരീക്ഷകർ കണക്കുകൂട്ടുന്നു.

ബിൻജോർ മേഖല മുസഌം-ദളിത് വോട്ടുകളാൽ സമ്പന്നമാണ്. മിക്ക അസംബഌ മണ്ഡലങ്ങളിലും ശരാശരി ഒരു ലക്ഷം മുസ്‌ളീം വോട്ടർമാരും അരലക്ഷത്തോളം ദളിത് വോട്ടർമാരുമാണുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മേഖലയിൽ ബിഎസ്‌പി നാലു സീറ്റുകൾ നേടിയപ്പോൾ എസ്‌പിക്കും ബിജെപിക്കും രണ്ടുവീതം സീറ്റുകളാണ് നേടാനായത്. ഇവിടെ രണ്ടെണ്ണം സംവരണ മണ്ഡലങ്ങളാണ്.

അതേസമയം, മുസ്‌ലിങ്ങൾക്ക് കൂടുതൽ അവസരം നൽകി തങ്ങളെ തോൽപിക്കാനുള്ള ശ്രമം വിലപ്പോവില്ലെന്നാണ് എസ്‌പി നേതാക്കളുടെ പ്രതികരണം. തങ്ങളുടെ മുഖ്യമന്ത്രി അഖിലേഷ് യാദവ് നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ ഭരണം ജനങ്ങൾ ഇഷ്ടപ്പെടുന്നതിനാൽ ഭരണത്തുടർച്ചയുണ്ടാകുമെന്നും സമാജ് വാദി പാർട്ടിതന്നെ അധികാരത്തിൽ തിരിച്ചെത്തുമെന്നും നേതാക്കൾ വ്യക്തമാക്കുന്നു.

അതേസമയം, യുപിയിലെ തന്ത്രങ്ങൾ ഇനിയും പുറത്തുവിടാത്ത ബിജെപിയുടെയും കോൺഗ്രസിന്റെയും തന്ത്രങ്ങൾ എന്തായിരിക്കുമെന്നറിയാൻ കാത്തിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ. ഇക്കുറി യുപി പിടിക്കുകയും അതുവഴി രാജ്യസഭയിൽ കൂടുതൽ അംഗങ്ങളെ എത്തിച്ച് മേൽക്കൈ നേടുകയും ചെയ്യണമെന്ന കൃത്യമായ ലക്ഷ്യത്തോടെയാണ് ബിജെപിയുടെ നീക്കങ്ങൾ. കോൺഗ്രസ്സാകട്ടെ പ്രിയങ്കയെ രംഗത്തിറക്കി യുപിയിൽ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കത്തിലാണ്. പക്ഷേ, ഇക്കാര്യത്തിൽ അന്തിമതീരുമാനം ആകാത്തതിനാൽ സംസ്ഥാന കോൺഗ്രസ് നേതൃത്വം വലിയ ആശയക്കുഴപ്പത്തിലുമാണ്.