മോഹൻലാലിന്റെയും സുരേഷ് ഗോപിയുടെയും മോദി പ്രേമത്തെ വിമർശിച്ച് വിടി ബൽറാം ഫേസ്‌ബുക്ക് പോസ്റ്റുമായി രംഗത്ത്. നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ അടുത്ത സാഹചര്യത്തിൽ പുതിയ ഫോട്ടോഷോപ്പ് വികസന ഗാഥകളുമായി ഫേക്കുവും കൂട്ടരും ഇറങ്ങിയിട്ടുണ്ട് എന്നു തുടങ്ങുന്ന ഫേസ്‌ബുക്ക് പോസ്റ്റിലാണ് മോഹൻലാലിന്റെയും സുരേഷ്‌ഗോപിയുടെയും മോദി പ്രേമത്തെ പരിഹസിക്കുന്നത്.

അഹമ്മദാബാദിൽ നടപ്പാക്കിയ ബുള്ളറ്റ് ട്രെയിൻ ഹരിയാണയിലേക്കും കൊണ്ടുവരുമെന്ന് പറഞ്ഞ് ഫേസ്‌ബുക്കിൽ ഫേക്ക് ഫോട്ടോ പ്രചരിപ്പിക്കുന്ന മോദി അനുയായികളെ കളിയാക്കുന്ന പോസ്റ്റിൽ ഇതുപോലുള്ള മന്ദബുദ്ധി അനുയായികളുമായി വേണം നമ്മുടെ മോഹല്ലാൽ നായരേയും കസവുഷാൾ ഗോപിയേയും പോലുള്ള അടിമക്കൂട്ടങ്ങൾ പ്രീതി പിടിച്ചുപറ്റാൻ മത്സരിക്കേണ്ടത് എന്നാണ് ബൽറാം എഴുതിയിരിക്കുന്നത്.

ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ നിന്ന് ,

സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പുതിയ ഫോട്ടോഷോപ്പ് വികസന ഗാഥകളുമായി ഫേക്കുവും കൂട്ടരും ഇറങ്ങിയിട്ടുണ്ട്. കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിനുശേഷം റാംബോയുടെ വികസനം കൊണ്ട് വീർപ്പുമുട്ടി കഴിഞ്ഞ നൂറു ദിവസങ്ങളായി പ്രത്യേകിച്ച് ശല്ല്യമൊന്നുമുണ്ടാക്കാതെ മാളത്തിൽ ഒളിച്ചിരിക്കുകയായിരുന്നു ഇക്കൂട്ടർ.
ഗുജറാത്തിലെ നമ്മുടെ സ്വന്തം സർക്കാർ അഹമ്മദാബാദിൽ നടപ്പാക്കിയ ബുള്ളറ്റ് ട്രെയിൻ ഹരിയാണയിലേക്കും കൊണ്ടുവരും എന്നാണു 'മിഷൻ നയാ ഹരിയാണ' ക്യാമ്പയിന്റെ പ്രധാന മുദ്രാവാക്യം. സംശയമുള്ളവർക്ക് വേണമെങ്കിൽ ഗുജറാത്തിലെ ബാലിമോറിയ സ്റ്റേഷനിൽ പോയി നേരിട്ട് കണ്ടു മനസ്സിലാക്കാം എന്ന വെല്ലുവിളി പോലുമുണ്ട്.

 

തിരിച്ച് പോരും വഴി പ്രധാനമന്ത്രി നരേന്ദ്രജിക്ക് ശത ശത പ്രണാമമർപ്പിക്കുകയുമാവാം. ഏതായാലും ഹരിയാണ ബിജെപി അണ്ണന്മാരുടെ തൊലിക്കട്ടി സമ്മതിക്കണം. ഇതുപോലുള്ള മന്ദബുദ്ധി അനുയായികളുമായി വേണം നമ്മുടെ മോഹല്ലാൽ നായരേയും കസവുഷാൾ ഗോപിയേയും പോലുള്ള അടിമക്കൂട്ടങ്ങൾ പ്രീതി പിടിച്ചുപറ്റാൻ മത്സരിക്കേണ്ടത് എന്നോർക്കുമ്പോഴാ. ഏതായാലും അവർക്ക് വിജയാശംസകൾ. ശംഭോ മഹാദേവ.

എൻ.ബി: ഇത്തരം പോസ്റ്റുകളിടുന്നത് ബാലിശമല്ലേ, ഇതൊക്കെ ഒരു എംഎൽഎക്ക് ചേർന്നതാണോ എന്നൊക്കെ സന്ദേഹിക്കുന്ന സംഘി മനസ്സുള്ള നിഷ്പക്ഷർക്ക് ഈ പോസ്റ്റ് അവഗണിക്കാവുന്നതാണു. നിങ്ങളേപ്പോലുള്ള ശുദ്ധന്മാർ ദുഷ്ടന്മാരുടെ ഫലം ചെയ്തതതിനാണു ഇന്ന് ഇന്ത്യ അനുഭവിക്കുന്നത്.