- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബ്രിട്ടീഷ് പൗരത്വവും രാജ്ഞിയുടെ പുരസ്കാരവും ഉറപ്പു നൽകി സൗദി കോടീശ്വരനിൽ നിന്നും ആനുകൂല്യങ്ങൾ കൈപ്പറ്റി; 40 വർഷം ബക്കിങ്ഹാം പാലസിനെ നയിച്ച ജീവനക്കാരൻ പുറത്ത്
ലണ്ടൻ: അഴിമതി കുറ്റത്തിന് ചാൾസ് രാജകുമാരന്റെ വലംകൈയായി പ്രവർത്തിച്ച ബക്കിങ്ഹാം പാലസിലെ ജീവനക്കാരന് ജോലി തെറിച്ചു. പ്രിൻസസ് ഫൗണ്ടേഷന്റെ ചീഫ് എക്സിക്യുട്ടീവ് ആയിരുന്ന മൈക്കൽ ഫോസെറ്റിനാണ് ഇന്നലെ രാജി വയ്ക്കേണ്ടി വന്നത്. അയാൾ ആകെ തകര്ന്നുപോയിരിക്കുന്നു എന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ചാൾസിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകിയാൽ ബ്രിട്ടീഷ് പൗരത്വൗം രാജി നൽകുന്ന ബഹുമതിയും നേടിത്തരാം എന്ന് ഒരു സൗദി കോടീശ്വരനുമായി കരാർ ഉണ്ടാക്കിയത് വിവാദമായതിനെ തുടർന്നായിരുന്നു ഇയാൾക്ക് രാജിവെച്ചൊഴിയേണ്ടി വന്നത്.
ചാൾസിന്റെ മുൻ വാലെറ്റ് ആയിരുന്ന ഇയാൾ അതിവേഗമാണ് സ്വാധീനമുള്ള പദവിയിൽ എത്തിച്ചേർന്നത്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ഇത് സംബന്ധിച്ച വിവാദം ഉയർന്നത്. ഇത് മൈക്കലിനെ മാനസികമായി തളർത്തി എന്നും അതിനാലാണ് അയാൾ രാജിവെച്ചതെന്നുമാണ് ഇയാളുടെ സുഹൃത്ത് പറഞ്ഞത്. ഇനി ഒരിക്കലും മൈക്കൽ ഫോസെറ്റിന് ഒരു തിരിച്ചുവരവ് ഉണ്ടാകില്ലെന്നും സുഹൃത്ത് വ്യക്തമാക്കി. മൈക്കൽ ഫോസെറ്റ് പ്രിൻസസ് ഫൗണ്ടേഷൻ ചീഫ് എക്സിക്യുട്ടീവ് സ്ഥാനം രാജിവെച്ച കാര്യം ഫൗണ്ടെഷൻ വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇയാളുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കുകയാണെന്നും ഇയാളുടെ കമ്പനിയായ പ്രീമിയ മോഡുമായി സഹകരിച്ച് ഇനി ഒരു പരിപാടികളും സംഘടിപ്പിക്കില്ലെന്നും ക്ലാരൻസ് ഹൗസ് വ്യക്തമാക്കി. മൈക്കൽ ഫോസെറ്റും പ്രീമിയർ മോഡുമായുള്ള എല്ലാ കരാറുകളും റദ്ദാക്കിയതായും വക്താവ് അറിയിച്ചു. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ചാൾസിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയിരുന്ന വ്യക്തിയായിരുന്നു മൈക്കൽ ഫോസെറ്റ്. നേരത്തേയും രണ്ടു തവണ ഇയാൾ വിവാദത്തിൽ ആയിരുന്നു. ഫൗണ്ടേഷൻ ജീവനക്കാരെ അനാവശ്യമായി ശല്യം ചെയ്യുന്നു എന്നും രാജകുടുംബത്തിന് ലഭിച്ച ചില സമ്മാനങ്ങൾ വിൽക്കാൻ ശ്രമിച്ചെന്നുമായിരുന്നു നേരത്തേ ഉയർന്നുവന്ന ആരോപണങ്ങൾ.
ഈ രണ്ടു വിവാദങ്ങൾ ഉയർന്നപ്പോഴും മൈക്കൽ ഫോസെറ്റ് ഫൗണ്ടേഷനിൽ നിന്നും പുറത്തുപോകുന്നതു വരെ കാര്യങ്ങൾ എത്തിയെങ്കിലും ചാൾസിന്റെ ഇടപെടൽ ഇയാളെ രക്ഷിക്കുകയായിരുന്നു. 2007-ൽ ചാൾസിന്റെ പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറിയ സ്കോട്ട്ലാൻഡിലെ ഡംഫ്രൈസ് ഹൗസിന്റെ ചീഫ് എക്സിക്യുട്ടീവ് ആയി ഇയാളെ നിയമിച്ചിരുന്നു. പിന്നീട് 2018 ലാണ് വർഷം 95,000 പൗണ്ട് ശമ്പളത്തിന് പ്രിൻസസ് ഫൗണ്ടേഷന്റെ ചീഫ് എക്സിക്യുട്ടീവ് ആയി നിയമിതനായത്.
ചാൾസിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ലക്ഷക്കണക്കിന് പൗണ്ട് സ്വരൂപിക്കാൻ കഴിഞ്ഞകാലങ്ങളിൽ മൈക്കലിനായിരുന്നു. ആ ഒരു കഴിവ് തന്നെയാണ് ഇപ്പോൾ ഇയാളുടെ വീഴ്ച്ചയ്ക്കും കാരണമായത്. ഇക്കഴിഞ്ഞ ശരത്ക്കാലത്താണ് 2016-ൽ ചാൾസിൽ നിന്നും ഓണററി സി ബി ഇ പുരസ്കാരം നേടിയ സൗദി കോടീശ്വരൻ മഹ്ഫോസ് മരേയ് മുബാരക് ബിൻ മഹ്ഫോസിനെ കുറിച്ചുള്ള വിവാദമുയരുന്നത്. ചാൾസിന്റെ സ്കോട്ട്ലാൻഡിലെ വീട് പുനരുദ്ദരിക്കാനായി ഇയാൾ 1.5 മില്യൺ പൗണ്ട് സംഭാവന നൽകിയിരുന്നു. ഇതിന് പ്രതിഫലമായിട്ടായിരുന്നു പൗരത്വവും ബഹുമതിയും വാഗ്ദാനം നൽകിയത് എന്നായിരുന്നു ആരോപണം.
താൻ തെറ്റ് ചെയ്തുവെന്ന കാര്യം മൈക്കൽ ഫോസെറ്റ് നിഷേധിച്ചെങ്കിലും ഇത് സംബന്ധിച്ച് ആശയവിനിമയം നടത്തിയ ഒരു കത്ത് പുറത്തുവന്നിരുന്നു. പ്രിൻസസ് ഫൗണ്ടേഷൻ ഈ ആരോപണം ഗൗരവമായി എടുക്കുകയും ഉടനടി അന്വേഷണം പ്രഖ്യാപിക്കുകയുമായിരുന്നെന്ന് വക്താവ് അറിയിച്ചു. അന്വേഷണം നടക്കുന്ന സമയത്ത് മൈക്കലിനെ താത്ക്കാലികമായി ചുമതലകളിൽ നിന്നും മാറ്റി നിർത്തിയിരുന്നു.