- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബംഗാളിനെ നാശത്തിലേക്ക് നയിച്ചത് തൃണമൂൽ കോൺഗ്രസിന്റെ സ്വേച്ഛാധിപത്യഭരണവും ബിജെപിയുടെ ഭിന്നിപ്പും മതധ്രുവീകരണവും; പത്ത് വർഷമായി പശ്ചിമബംഗാളിലെ സർവ മേഖലകളിലും പിന്നോട്ടടിയാണെന്ന് മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ
കൊൽക്കത്ത: പത്ത് വർഷമായി പശ്ചിമബംഗാളിലെ സർവ മേഖലകളിലും പിന്നോട്ടടിയാണെന്ന് മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ. സംസ്ഥാനത്തെ മതേതരത്വം തകർന്നെന്നും തൊഴിലില്ലായ്മ വർധിച്ചെന്നും കാർഷിക - വ്യാവസായിക മേഖലകൾ മുരടിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇടതു-കോൺഗ്രസ്- ഐഎസ്എഫ് സഖ്യത്തിന് മാത്രമേ ബംഗാളിനെ ഇരുട്ടിൽ നിന്ന് കരകയറ്റാൻ സാധിക്കുകയുള്ളൂ എന്നും ബുദ്ധദേവ് ഭട്ടാചാര്യ കൂട്ടിച്ചേർത്തു.
സിംഗൂറിലും നന്ദിഗ്രാമിലും ശ്മശാന നിശ്ശബ്ദതയാണ് നിലനിൽക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ ഭരണത്തിൽ കാർഷിക മേഖല പിന്നോക്കം പോയിരിക്കുകയാണെന്നും പത്ത് വർഷത്തെ ഭരണത്തിൽ യാതൊരു വ്യവസായവും ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമബംഗാളിന്റെ അഭിമാനമായിരുന്ന മതേതരത്വം വിഷമയമായെന്നും അദ്ദേഹം വിമർശിച്ചു. ഒരു വശത്ത് തൃണമൂൽ കോൺഗ്രസിന്റെ സ്വേച്ഛാധിപത്യഭരണവും മറുവശത്ത് ബിജെപിയുടെ ഭിന്നിപ്പും മതധ്രുവീകരണവും സംസ്ഥാനത്തെ നാശത്തിലേക്ക് എത്തിച്ചിട്ടുണ്ടെന്നും ബുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞു.
തൃണമൂൽ കോൺഗ്രസ് മേധാവി മമത ബാനർജിയുടെ നേതൃത്വത്തിൽ 2007-2008 കാലഘട്ടത്തിൽ സിംഗൂരിലും നന്ദിഗ്രാമിലും നടന്ന ഭൂവിനിയോഗ വിരുദ്ധ പ്രസ്ഥാനങ്ങളാണ് ശക്തമായിരുന്ന ഇടതുമുന്നണി സർക്കാരിനെ തകർത്ത് തൃണമൂൽ കോൺഗ്രസ് ഭരണത്തിന് അടിത്തറയിട്ടത്. ബംഗാളിലെ ചെറുപ്പക്കാർക്ക് തൊഴിൽ അവസരങ്ങൾ നഷ്ടപ്പെട്ടു. വിദഗ്ധരായ തൊഴിലാളികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയി.അഴിമതിയും കൊള്ളയും സിൻഡിക്കേറ്റും ചേർന്ന് ജനങ്ങളുടെ ജീവിതം അസഹനീയമാക്കി. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ മൂലം സ്ത്രീകളുടെയും കുട്ടികളുടെയും ആദരവും സുരക്ഷയും അപകടത്തിലാണെന്നും ഭട്ടാചാര്യ കുറ്റപ്പെടുത്തി.
മറുനാടന് മലയാളി ബ്യൂറോ