ന്യൂഡൽരഹി: തന്റെ അവസാനത്തെ സമ്പൂർണ ബജറ്റ് അവതരിപ്പിക്കുമ്പോൾ അരുൺ ജെയ്റ്റ്‌ലി വ്യത്യസ്തനായി. വോട്ട് ബാങ്ക് കൂടി ലക്ഷ്യമിട്ട് ഹിന്ദിയിലും ഇംഗ്ലീഷിലുമായിരുന്നു ജയ്റ്റ്‌ലിയുടെ ബജറ്റ് അവതരണം. സാധാരണ ധനമന്ത്രിമാർ ഇംഗ്ലീഷിൽ ആണ് ബജറ്റ് അവതരിപ്പിക്കാറുള്ളത്. എന്നാൽ ഇംഗ്ലീഷും ഹിന്ദിയും ഇടകലർത്തിയായിരുന്നു ജെയ്റ്റ്ലി ബജറ്റ് അവതരിപ്പിച്ചത്.

ജെയ്റ്റ്ലിയുടെ മുൻഗാമികളായ മന്മോഹൻ സിങ്, പി ചിദംബരം, യശ്വന്ത് സിൻഹ, ജസ്വന്ത് സിങ്, പ്രണാബ് മുഖർജി തുടങ്ങിയവരൊക്കെ ഇംഗ്ലീഷിലാണ് ബജറ്റ് അവതരിപ്പിച്ചത്. ഇവരുടെ മുൻഗാമികളും ഇംഗ്ലീഷിൽ തന്നെയാണ് ബജറ്റ് അവതരിപ്പിച്ചിരുന്നത്. എന്നാൽ ഇംഗ്ലീഷിനൊപ്പം ഹിന്ദിയിയിലും ജെയ്റ്റ്ലി ബജറ്റ് പ്രസംഗം നടത്തി. ഇടയ്ക്ക് ഹിന്ദിയും വീണ്ടും ഇംഗ്ലീഷും എന്ന രീതിയിലായിരുന്നു ജയ്റ്റ്ലിയുടെ ബജറ്റ് അവതരണം.

ഗ്രാമീണ മേഖലയിലേക്കുള്ള പ്രഖ്യാപനങ്ങളാണ് പ്രധാനമായും ഹിന്ദിയിൽ വായിച്ചത്. ബിജെപിയുടെ പ്രധാന വോട്ട് ബാങ്കായ വടക്കേ ഇന്ത്യയിലെ വോട്ടർമാരെ ലക്ഷ്യമിട്ടാണ് ഹിന്ദിയിലുള്ള ബജറ്റ് പ്രസംഗമെന്ന് ഇതിനകം നിരീക്ഷണം വന്നുകഴിഞ്ഞു. അടുത്ത വർഷം ആദ്യം ഇന്ത്യയിൽ പൊതുതെരഞ്ഞെടുപ്പ് നടക്കുകയാണ്. ഇതിനാൽ തന്നെ ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിൽ പ്രതീക്ഷിക്കപ്പെടുന്നുമുണ്ട്.