തിരുവനന്തപുരം: ഒരുതരത്തിലുള്ള നിയമന നിരോധനവും സംസ്ഥാനത്ത് ഉണ്ടാകില്ലെന്നു ധനമന്ത്രി ടി എം തോമസ് ഐസക്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി എല്ലാ വകുപ്പുകളിലും മാനദണ്ഡങ്ങൾ അനുസരിച്ചു പുതിയ തസ്തിക അനുവദിക്കുമെന്നും തോമസ് ഐസക്ക് സഭയെ അറിയിച്ചു.

ബജറ്റിനുള്ള പൊതു ചർച്ചയ്ക്ക് നിയമസഭയിൽ മറുപടി പറയുകയായിരുന്നു ധനമന്ത്രി. 1000 രൂപയിൽ കൂടുതലുള്ള ക്ഷേമ പെൻഷനുകൾ തുടരും. കൈത്തറിക്ക് വർഷം മുഴുവൻ അഞ്ചു ശതമാനം റിബേറ്റ് എന്നിവയാണ് മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ.

ബജറ്റിന്മേലുള്ള പൊതുചർച്ച ബുധനാഴ്ച അവസാനിച്ചു. മൂന്ന് മാസത്തേക്കുള്ള വോട്ട് ഓൺ അക്കൗണ്ട് സഭ നാളെ പാസാക്കും.

പൂട്ടിക്കിടക്കുന്ന തോട്ടങ്ങൾ തുറക്കാൻ പുതിയ പാക്കേജ് കൊണ്ടുവരും. തൊഴിലാളികൾക്കു താമസിക്കാനുള്ള ലയങ്ങൾ പുനർ നിർമ്മിക്കും. ഇതിനായി പഞ്ചായത്തിന് ഫണ്ടില്ലെങ്കിൽ സംസ്ഥാന സർക്കാർ പണം ചെലവിടുമെന്നും തോമസ് ഐസക്ക് പറഞ്ഞു. കൈത്തറിക്ക് വർഷം മുഴുവൻ അഞ്ച് ശതമാനം നികുതിയിളവ് നൽകുന്നത് പരിഗണിക്കും.

മേഴ്‌സിക്കുട്ടൻ അക്കാദമിക്ക് അമ്പതു ലക്ഷം രൂപ അനുവദിക്കും. തിരുവനന്തപുരം പ്രസ് ക്‌ളബിന് 25 ലക്ഷം രൂപയും അനുവദിച്ചു. ശുചിത്വമിഷന് 15 കോടി. വഖഫ് ബോർഡിന് 2 കോടി. കൊച്ചി ബിനാലേക്കു സ്ഥിരം വേദി തയാറാക്കുന്നതു സംബന്ധിച്ച് വിശദമായ പഠനങ്ങൾക്കു ശേഷം തുക വകയിരുത്തുമെന്നും മന്ത്രി പറഞ്ഞു.

ക്രസ്റ്റ് കോഴിക്കോടിന് 15 കോടി, ആലപ്പുഴ ദേശീയ ഗെയിംസ് റോവിങ് ട്രാക്കിന് 10 കോടി, അഖിലേന്ത്യാ സർവീസ് ഓഫീസർമാരുടെ ഫ്‌ളാറ്റ് സമുച്ചയത്തിന് 15 കോടി, കുടിവെള്ളം, ജലസേനം എന്നിവയ്ക്ക് 147 കോടി, റോഡ് വികസനത്തിന് 560 കോടി, ആറ് ബൈപ്പാസുകളുടെ നിർമ്മാണത്തിന് 105 കോടി, ഒമ്പത് പാലങ്ങൾക്കായി 100 കോടി, അഞ്ച് ഫ്‌ളൈഓവർ നിർമ്മാണത്തിന് 90 കോടി, നാല് പുതിയ റെയിൽവെ മേൽപ്പാലങ്ങളുടെ നിർമ്മാണത്തിന് 70 കോടി, സ്റ്റേഡിയങ്ങളുടെ നിർമ്മാണത്തിന് 60 കോടി, റവന്യൂടവറുകളുടെ നിർമ്മാണത്തിന് 70 കോടി എന്നിങ്ങനെ നിക്ഷേപ പദ്ധതിയിൽ വകയിരുത്തുമെന്നും ധനമന്ത്രി നിയമസഭയിൽ മറുപടി പ്രസംഗത്തിൽ പറഞ്ഞു.