കൊച്ചി: പ്രവാസികളാണ് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല്. ലോക കേരള സഭ പോലും നടത്തിയത് ഈ തിരിച്ചറിവിൽ നിന്നാണ്. കേരളത്തെ മുന്നോട്ട് കൊണ്ടു പോകാൻ നിക്ഷേപം വേണം. പണവും. ഇതിനെല്ലാം കേരളം ആശ്രയിക്കുന്നവർക്ക് പക്ഷേ ഇത്തവണ തോമസ് ഐസകിന്റെ ബജറ്റിൽ ലഭിച്ചത് നാമമാത്ര അംഗീകാരം.

കേരളത്തിലേക്കു പ്രതിവർഷം ഒരു ലക്ഷം കോടി രൂപയിലേറെ അയയ്ക്കുന്നവരാണ് പ്രവാസികൾ. എന്നാൽ അവരുടെ ക്ഷേമത്തിനായി ബജറ്റിൽ അനുവദിച്ചത് 80 കോടി രൂപയും. ലോകകേരളസഭയിൽ പ്രവാസികൾ ഉന്നയിച്ച ആവശ്യങ്ങളിൽ അനുകൂല തീരുമാനം ഒന്നുമില്ല. ലോക കേരള സഭയ്ക്കു വിഷയാടിസ്ഥാനത്തിൽ സ്ഥിരം സമിതികൾ രൂപീകരിക്കുമെന്ന മുൻ പ്രഖ്യാപനം ബജറ്റിലും ആവർത്തിച്ചിട്ടുണ്ട്. അടുത്ത ലോക കേരള സഭയുടെയും ഗ്ലോബൽ കേരള ഫെസ്റ്റിവലിന്റെയും നടത്തിപ്പിനായി 19 കോടി രൂപയുണ്ട്. അതിന് അപ്പുറം നിരാശയാണ് ബജറ്റിലെ പ്രവാസികൾക്കുള്ള ബാക്കി പത്രം.

നിയമവിരുദ്ധ റിക്രൂട്ട്‌മെന്റുകൾക്കെതിരായ ബോധവൽക്കരണത്തിന് ഏഴുകോടി. നോർട്ട റൂട്‌സിനു കീഴിൽ പ്രവാസി ജോബ് പോർട്ടൽ വികസിപ്പിക്കാൻ എട്ടുകോടി. പ്രവാസികൾക്കു പെൻഷൻ നൽകുന്ന നോർക്ക വെൽഫെയർ ഫണ്ടിന് ഒൻപതുകോടി വകയിരുത്തി. 300 രൂപ അംശാദായം അടയ്ക്കുന്നവർക്ക് ഇപ്പോഴുള്ള 2000 രൂപ പെൻഷൻ വർധിപ്പിക്കാനായി പുതിയ സ്‌കീം. കോഴിക്കോട്ടെ കേരള-അറബ് സാംസ്‌കാരിക പഠനകേന്ദ്രത്തിനു 10 കോടി. മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസമാണ് ഏറ്റവും വലിയ വെല്ലുവിളിയെന്നു ധനമന്ത്രി ഉൾപ്പെടെയുള്ളവർ പ്രസംഗിക്കാറുണ്ടെങ്കിലും ഇതിനും നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിനുമായി അനുവദിച്ചതു 17 കോടി മാത്രം. എൻആർഐ കമ്മിഷനു മൂന്നു കോടിയും അനുവദിച്ചിട്ടുണ്ട്.

വിദേശരാജ്യങ്ങളിൽ പ്രവാസി പ്രഫഷനൽ സമിതികൾക്കും ബിസിനസ് ചേംബറുകൾക്കും രൂപം നൽകും, പ്രവാസി നിക്ഷേപം പ്രോൽസാഹിപ്പിക്കാൻ കേരള വികസനനിധിക്കു രൂപം നൽകും തുടങ്ങിയ മുൻ പ്രഖ്യാപനങ്ങളും ആവർത്തിച്ചു. ദുരന്തബാധിതരും ഒരുലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ളവരുമായ പ്രവാസികൾക്ക് ഒറ്റത്തവണ സഹായമായി സാന്ത്വനം സ്‌കീം പ്രഖ്യാപിച്ചിട്ടുണ്ട്. ചികിൽസാ ചെലവ്, നിയമസഹായം, എയർ ആംബുലൻസ്, മൃതദേഹം തിരികെയെത്തിക്കൽ, ജയിൽമോചിതർക്കുള്ള സഹായം എന്നിവയ്ക്കായി 16 കോടിയാണു നീക്കിവച്ചിരിക്കുന്നത്. പ്രവാസികളുടെ ഓൺലൈൻ റിയൽ ടൈം ഡേറ്റാബേസും പരാതി പരിഹാര സെല്ലും തുടങ്ങും.

പ്രവാസിക്ഷേമത്തിനും പ്രവാസം തേടുന്നവർക്കുമായി 80 കോടി രൂപയാണ് ആകെ നീക്കിവെച്ചത്. പിണറായി സർക്കാർ നേരത്തേ പ്രഖ്യാപിച്ച പ്രവാസി ചിട്ടിയും ഗൾഫ് മലയാളികളെ ലക്ഷ്യമിട്ടുള്ളതാണ്. കിഫ്ബി മസാല ബോണ്ടുമുണ്ട്. എന്നാൽ ഇതിലൊന്നും പ്രവാസികൾക്ക് ഒരു വ്യക്തതയും വന്നിട്ടില്ല. അതിനിടെ കേരള ബജറ്റ് പ്രവാസികളെ വീണ്ടും വഞ്ചിക്കുന്നതായിരുന്നുവെന്ന് ഇൻകാസ് യു.എ.ഇ. കമ്മിറ്റി ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ബജറ്റിൽ പറഞ്ഞ കാര്യങ്ങൾ ഒന്നും ചെയ്യാതെ തനി ആവർത്തനമാണ് പിണറായി സർക്കാർ നടത്തിയിരിക്കുന്നത്. പുതുതായി ഒന്നുംതന്നെ ഈ ബജറ്റിൽ ഇല്ലെന്ന് മാത്രമല്ല, കോടികളുടെ കണക്കുപറഞ്ഞ് പ്രവാസികളെ അപമാനിക്കുകയാണ്. കഴിഞ്ഞ ബജറ്റിൽ പറഞ്ഞ വർധിപ്പിച്ച പെൻഷൻ ഇന്നുവരെ നടപ്പാക്കിയിട്ടില്ല. മുഖ്യമന്ത്രി പിണറായി ദുബായിൽ പറഞ്ഞ കാര്യങ്ങളും ലോക പ്രവാസിസഭയിൽ പറഞ്ഞതും ബജറ്റിൽ കാണാനില്ല. കേന്ദ്രസംസ്ഥാന ബജറ്റുകൾക്കെതിരേ പ്രവാസികൾ ഒന്നിച്ച് പ്രതിഷേധിക്കണമെന്നും പുന്നക്കൻ മുഹമ്മദലി ആവശ്യപ്പെട്ടു.

മുൻ ബജറ്റുകളിലെ പ്രഖ്യാപനങ്ങൾ നടപ്പാക്കാതെ, അതിനുവേണ്ടി ഒരു രൂപ പോലും ചെലവാക്കാതെ വീണ്ടും പദ്ധതികൾ പ്രഖ്യാപിച്ച് ജനങ്ങളെ മണ്ടന്മാരാക്കുന്ന രീതിയാണ് പിണറായി സർക്കാർ തുടരുന്നതെന്ന് ബഹ്റൈൻ ഐ.വൈ.സി.സി. പ്രതികരിച്ചു. കഴിഞ്ഞ രണ്ടു ബജറ്റുകളിലും പ്രഖ്യാപിച്ച ഭൂരിഭാഗം പദ്ധതികളും ആരംഭിക്കാൻ സാധിച്ചിട്ടില്ല. മുൻ ബജറ്റുകളിൽ സംഭവിച്ചതുപോലെ പ്രവാസികളെ ഇതിലും അവഗണിച്ചു. പ്രവാസികളിൽനിന്ന് പിരിക്കുന്നതിനെക്കുറിച്ച് മാത്രമേ ധനമന്ത്രി സംസാരിക്കുന്നൂള്ളൂ. കഷ്ടതയനുഭവിക്കുന്ന പ്രവാസികളുടെ ഉന്നമനത്തിനായി എന്ത് ചെയ്യാൻ സാധിക്കുമെന്ന് ആലോചിക്കുന്നില്ല.

എല്ലാ മേഖലയിലും പൂർണപരാജയമായ സർക്കാർ ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാൻ ശ്രമിക്കുകയാണ്. പെൻഷൻ നൽകാൻ പണമില്ലാത്ത സർക്കാർ എ.കെ.ജി.യുടെ പ്രതിമ നിർമ്മിക്കാൻ 10 കോടി അനുവദിച്ചത് വിരോധാഭാസമാണ്. വിഭൂതിയിൽ നിന്നും ആപ്പിളും ഓറഞ്ചും സൃഷ്ടിക്കുന്ന മാന്ത്രികന്റെ ചേഷ്ടകളും പെരുമാറ്റങ്ങളുമാണ് ധനമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത് എന്നും ഭാരവാഹികൾ അഭിപ്രായപ്പെട്ടു.