നിയമസഭയുടെ മുന്നേകാൽ മണിക്കൂർ സമയം വെറുതെ പാഴാക്കി; ഐസക്കിന്റേത് ബഡായി ബജറ്റ്; നിയമസഭാ തിരഞ്ഞെടുപ്പിൽ തോൽവി ഉറപ്പിച്ചതുകൊണ്ടാണ് ഈ ജനവഞ്ചന; ഇടതുസർക്കാരിന്റെ പൊള്ളയായ പ്രഖ്യാപനങ്ങൾ നിരത്തി രമേശ് ചെന്നിത്തല; സമ്പൂർണ ബജറ്റ് രാഷ്ട്രീയ അധാർമികതയെന്ന് മുല്ലപ്പള്ളിയും
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: കഴിഞ്ഞ ബജറ്റുകളിൽ നൂറുക്കണക്കിന് പൊള്ളയായ വാഗ്ദാനങ്ങൾ നൽകിയ ജനങ്ങളെ കബളിപ്പിച്ച തോമസ് ഐസക് തിരഞ്ഞെടുപ്പ് വർഷം വാഗ്ദാനങ്ങൾ വാരി വിതറി വിണ്ടും ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇത് ഒരുബഡായി ബജറ്റ് മാത്രമാണ്. എൽ ഡി എഫ് സർക്കാരിന്റെ പ്രകടന പത്രികയിൽ 25 ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. അത് നടന്നില്ല.
ഇപ്പോൾ 5 വർഷം കൊണ്ട് ഡിജിറ്റൽ മേഖലയിൽ മാത്രം 20 ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത് 5 വർഷം കൊണ്ട് പ്രൊഫഷണൽ രംഗത്ത് 20 ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്നും പ്രഖ്യാപിക്കുന്നു. ഇത് തട്ടിപ്പാണ്.അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയം ഉറപ്പാക്കാനായതുകൊണ്ടാണ് അപ്രായോഗികമായ ഇത്തരമൊരു ബഡ്ജറ്റ് ഐസക് അവതരിപ്പിച്ചത്. നിയമസഭയുടെ മുന്നേകാൽ മണിക്കൂർ സമയം വെറുതെ പാഴാക്കി.
യാഥാർത്ഥ്യബോധം തീരെ ഇല്ലാത്ത ബഡ്ജറ്റുകളാണ് ഐസക് അവതിപ്പിച്ചിട്ടുള്ളത്. ഇത്തവണയും അത് തന്നെയാണ്. കോടിക്കണക്കിന് രൂപയുടെ പദ്ധതികൾ പ്രഖ്യാപിക്കുകയും അത് നടപ്പാക്കാതിരിക്കുകയും ചെയ്യുന്നതാണ് സ്ഥിരപരിപാടി. ബജറ്റ് എന്ന പ്രക്രിയയെ തന്നെ പ്രഹസനമാക്കി മാറ്റുകയാണ് ഐസ്‌ക്ക് ചെയ്തത്.
കമ്മി പൂർണ്ണമായി അവസാനിപ്പിക്കുമെന്നാണ് ഐസക് അഞ്ച് വർഷം മുമ്പ് പ്രഖ്യാപിച്ചത് പക്ഷെ അത് നടപ്പിലായില്ല. പകരം കമ്മി വർധിക്കുകയാണ് ചെയ്തത്. 202021 ൽ 15201 കോടി രൂപ റവന്യൂകമ്മി ഉണ്ടാകുമെന്നാണ് ഐസക് കഴിഞ്ഞ ബഡ്ജറ്റിൽ പ്രവചിച്ചത്. പക്ഷെ കമ്മി ഉണ്ടായത് 24206 കോടി. കമ്മി ലക്കും ലഗാനുമില്ലാതെ കുതിച്ച് ഉയരുകയാണ് ചെയ്തത്
2122 ൽ റവന്യു കമ്മി പ്രതീക്ഷിക്കുന്നത് തന്നെ 16910 കോടിയാണ്. 3 ലക്ഷം കോടിയാണ് സംസ്ഥാനത്തിന്റെ മൊത്തം കടബാധ്യത. ഈ സർക്കാർ വരുമ്പോൾ 1.57 ലക്ഷം കോടിയായിരുന്നു. കടംവാങ്ങിക്കൂട്ടി സംസ്ഥാനത്തെ മുടിക്കുകയാണ് ചെയ്തത്. തകർന്നു കിടക്കുന്ന സംസ്ഥാനത്തിന്റെ സാമ്പത്തിക നില മെച്ചെപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങളൊന്നും ഈ ബഡ്ജറ്റിലില്ല. കോടിക്കണക്കിന് രൂപയുടെ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു. പക്ഷേ അതിനുള്ള വരുമാന മാർഗ്ഗങ്ങൾ പറയുന്നില്ല.
കോവിഡ് കാലത്ത് ജനങ്ങളുടെ കയ്യിൽ കൂടുതൽ പണം എത്തേണ്ടതായിരുന്നു. അതിനായി ഒന്നും ബഡ്ജ്റ്റിൽ ഇല്ല. റബറിന്റെ താങ്ങുവി 150 ൽ നിന്ന് 170 ആക്കിയത് അപര്യാപ്തമാണ്. 20 രൂപയാണ് ആകെ വർദ്ധിപ്പിച്ചത്. ഇത് വഞ്ചനയാണ്. 250 രൂപയായെങ്കിലും വർധിപ്പിക്കണ്ടതായിരുന്നു.കഴിഞ്ഞ വർഷങ്ങളിൽ ഓട്ടേറെ പാക്കേജുകൾ പ്രഖ്യാപിച്ചിരുന്നു. അവ ഒന്നും നടപ്പാക്കിയില്ല.
5000 കോടിയുടെ ഇടുക്കി പാക്കേജ്, രണ്ട് ബഡ്ജറ്റുകളിലായി 3400 കോടിയുടെ കുട്ടനാട് പാക്കേജ്, 2000 കോടിയുടെ വയനാട് പാക്കേജ് തുടങ്ങിയവ നേരത്തെ പ്രഖ്യാപിച്ചവയാണ്. അത് നടന്നില്ല. ഇപ്പോൾ കുട്ടനാട് പാക്കേജിന് വീണ്ടും ഒരു 2400 കോടി കൂടി പ്രഖ്യാപിച്ചിരിക്കുന്നു.
മൽസ്യത്തൊഴിലാളികൾക്ക് നേരത്തെ പ്രഖ്യാപിച്ച പാക്കേജുകളൊന്നും നടന്നില്ല. ഇപ്പോൾ 1700 കോടിയുടെ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുകയാണ്. കടൽ തീരത്തുള്ള വരെ മാറ്റി പാർപ്പിക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ച പദ്ധതി എങ്ങും എത്തിയില്ല. പക്ഷെ മൽസ്യത്തൊഴിലാളികൾക്ക് 10,000 വീടുനൽകുമെന്ന് ഇപ്പോൾ പ്രഖ്യാപിച്ച് അവരെ വഞ്ചിക്കുകയാണ്. കശുവണ്ടി മേഖല തകർന്നകിടക്കുന്നു. എല്ലാ ഫാക്ടറികളും തുറക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചതെങ്കിലും നടന്നില്ല. ഇപ്പോഴാകട്ടെ 5000 തൊഴിലാളികൾക്ക് ജോലി നൽകുമെന്ന്പ്രഖ്യാപിച്ചിരിക്കുന്നു. അത് തട്ടിപ്പാണ്.
ആന്ധ്രയിൽ കശുമാവ് കൃഷി നടത്തുമെന്ന് കഴിഞ്ഞ ബഡ്ജറ്റുകളിൽ ആവർത്തിച്ച് പ്രഖ്യാപിച്ചിരുന്നു. അത് നടന്നില്ല. ഇപ്പോൾ സംസ്ഥാനത്ത് കശുമാവ് കൃഷി വ്യാപിപ്പിക്കാൻ 5.5 കോടിയുടെ പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുകായണ്. അതും നടക്കാത്ത് പദ്ധതിയാണ്.
കയർ മേഖലയിൽ 10,000 പേർക്ക് ജോലി നൽകുമെന്നാണ് പ്രഖ്യാപനം. പക്ഷേ കഴിഞ്ഞ വർഷങ്ങളിൽ കയർമേഖലയിൽ വൻ തിരിച്ചടിയെന്നാണ് ഇക്കണോമിക് സർവ്വേയിൽ പറയുന്നത്.ഓരോ ദിവസം ഓരോ യന്ത്രവത്കൃത കയർ ഫാക്ടറി ആരംഭിക്കുമെന്ന് നൂറുദിന പരിപാടിയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചിതിനെക്കുറിച്ചും ഇപ്പോൾ ഒന്നും പറയുന്നില്ല.
ഈസ് ഓഫ് ഡൂയിങ് ബിസിനസ് രാജ്യത്തെ റാങ്കിൽ ആദ്യത്തെ പത്തിനുള്ളിൽ കൊണ്ടുവരുമെന്നാണ് പുതിയ പ്രഖ്യാപനം. ഇടതു സർക്കാരിന് കീഴിൽ 28 -ാം റാങ്കിലേക്കാണ് കേരളം പോയത്. നേരത്തെ യു.ഡി.എഫ് കാലത്ത് 21ാം റാങ്കായിരുന്നു കേരളത്തിന്. മംഗലാപുരം - കൊച്ചി വ്യവസായ ഇടനാഴിയെക്കുറിച്ച് നേരത്തെ നടത്തിയ വാചകമടി ഇത്തവണയും ആവർത്തിച്ചു. അതിന്റെ രൂപ രേഖ പോലും ആയിട്ടില്ല.
മൂന്ന് വ്യവസായ ഇടനാഴികൾക്ക് 5000 കോടിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പണം എവിടെനിന്ന് അറിയില്ല. എല്ലാ വീട്ടിലും ഒരു ലാപ്‌ടോപ് നൽകുമെന്ന പ്രഖ്യാപനം തെരഞ്ഞെടുപ്പിൽ ജനങ്ങളെ കബളിപ്പിക്കുന്നതിനാണ്. നൂറുദിന പരിപാടിയിൽ 5 ലക്ഷം ലാപ്‌ടോപ് നൽകുമെന്ന് പറഞ്ഞിരുന്നതാണ്. അത് നടക്കാതിരിക്കുമ്പോഴാണ് പുതിയ പ്രഖ്യാപനം.
കിഫ്ബിയിൽ 5 വർഷം കൊണ്ട് 60,000 കോടിയുടെ പദ്ധതി പൂർത്തിയാക്കുമെന്ന് പറഞ്ഞു. ഇതുവരെ 6000 പദ്ധതി മാത്രമേ പൂർത്തിയാക്കിയിട്ടുള്ള. ആകെ 10% വർക്ക് മാത്രം. എന്നിട്ടും 21-22 ൽ 15,000 കോടിയുടെ പദ്ധതി പൂർത്തിയാക്കുമെന്നാണ് പുതിയ തള്ള്.
സിൽവർലൈൻ പദ്ധതി ഈ വർഷം നടപ്പാക്കുമെന്നും ഭൂമി ഏറ്റെടുക്കുമെന്നും ധനകാര്യമന്ത്രി പറയുന്നു. പക്ഷേ കേന്ദ്ര ധനകാര്യവകുപ്പ് ഉപേക്ഷിച്ച പദ്ധതിയാണിത്. പരിസ്ഥിതി അനുമതി ലഭിച്ചിട്ടുമില്ല.പിന്നെ എങ്ങിനെ നടപ്പാക്കും? ജനങ്ങളെ കബളിപ്പിക്കുന്നതിനും വോട്ടു തട്ടുന്നതിനും ഭാവനയിൽ മെനഞ്ഞെടുത്ത ബഡ്ജറ്റാണിത്.
കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ഇടതുസർക്കാർ നടത്തിയ പൊള്ളയായ പ്രഖ്യാപനങ്ങളിൽ ചിലത്
1. ആദിവാസികൾക്ക് 1 ഏക്കർ ഭൂമി വീതം
2. 3000 കോടിയുടെ തീരദേശപാക്കേജ് (രണ്ട് ബജറ്റുകളിൽ പ്രഖ്യാപനം)
3. 5000 കോടിയുടെ ഇടുക്കി പാക്കേജ്
4. 3400 കോടിയുടെ കുട്ടനാട് പാക്കേജ് (രണ്ട് ബജറ്റുകളിലായി)
5. 2000 കോടിയുടെ വയനാട് പാക്കേജ്
6. 5000 ഏക്കറിൽ ഇൻഡസ്ട്രിയൽ പാർക്ക്
7. ഐ.ടി., ബയോടെക്‌നോളജി, ടൂറിസം, മേഖലകളിൽ 10 ലക്ഷം പേർക്ക് തൊഴിൽ
8. കൃഷി, നിർമ്മാണം, ചെറുകിട വ്യവസായം മേഖലകളിൽ 15 ലക്ഷം പേർക്ക് തൊഴിൽ
9. എല്ലാവർക്കും ആരോഗ്യഇൻഷ്വറൻസ്
10. മറ്റു സംസ്ഥാനങ്ങളിൽനിന്ന് സ്ഥലം പാട്ടത്തിനെടുത്ത് കശുവണ്ടി കൃഷി ആരംഭിക്കും.
11. മലയോര ഹൈവേയ്ക്ക് 3500 കോടി
12. തീരദേശഹൈവേയ്ക്ക് 6580 കോടി
13. തിരുവനന്തപുരത്ത് ലൈറ്റ് മെട്രോ - 4219 കോടി
14. കോഴിക്കോട് ലൈറ്റ് മെട്രോ 2509 കോടി
15. വ്യവസായ പാർക്കുകൾക്ക് 6700 ഏക്കർ ഭൂമി
16. 10,000 പട്ടികവിഭാഗങ്ങൾക്ക് പുതുതായി തൊഴിൽ
17. വൈദ്യുതി ഉള്ള എല്ലാ വീടുകൾക്കും ഇന്റർനെറ്റ് കണക്ഷൻ
18. ആഴക്കടൽ മണൽ ഖനനം തുടങ്ങും
19. മൂന്ന് മൊബൈൽ ഫോൺ നിർമ്മാണ യൂണിറ്റുകൾ തുടങ്ങും
20. സ്വകാര്യമേഖലയിലെ തൊഴിലുകളിൽ സംവരണം
21. ഗൾഫിൽ പബ്ലിക്ക് സ്‌കൂളുകളും പ്രൊഫഷണൽ കോളജേകുളും തുടങ്ങും
22. അൺ എയ്ഡഡ് അദ്ധ്യാപകർക്ക് മിനിമം വേതന നിയമം
23. കോസ്റ്റൽ ഷിപ്പിങ് പദ്ധതി
24. കടൽമാലിന്യത്തിൽനിന്ന് ഡീസൽ
25. ഖരമാലിന്യത്തിൽനിന്ന് ഊർജ്ജും ഉത്പാദിപ്പിക്കുന്ന പ്ലാന്റ്
സമ്പൂർണ്ണ ബജറ്റ് രാഷ്ട്രീയ അധാർമികത: മുല്ലപ്പള്ളി
കലാവധി അവസാനിക്കാൻ കേവലം രണ്ടുമാസം മാത്രമുള്ളപ്പോൾ ധനകാര്യമന്ത്രി സമ്പൂർണ്ണ ബജറ്റ് അവതരിപ്പിച്ചത് രാഷ്ട്രിയ അധാർമികതയും തെറ്റായ നടപടിയും ആണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ശഷിക്കുന്ന കാലയളവിലേക്കുള്ള ചെലവുകൾക്കായി വോട്ട് ഓൺ അക്കൗണ്ട് പാസാക്കുകയാണ് സർക്കാർ ചെയ്യേണ്ടിരുന്നത്.കാലാവധി പൂർത്തിയാക്കുന്ന സർക്കാരിന് സമ്പൂർണ്ണ ബജറ്റ് അവതരിപ്പിക്കാൻ എങ്ങനെയാണ് സാധിക്കുക എന്നതിന് വിദഗ്ദധർ മറുപടി പറയണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഇടതു സർക്കാർ അഞ്ചു വർഷംകൊണ്ട് സമസ്തമേഖകളും തകർത്തതിന്റെ നേർചിത്രമാണ് ബജറ്റിലുള്ളത്. നിറംപിടിപ്പിച്ച നുണകൾ നിരത്തി എൽഡിഎഫിന്റെ പ്രകടന പത്രിക വായിക്കുക മാത്രമാണ് ധനമന്ത്രി സഭയിൽ ചെയ്തത്. കരകയറാൻ കഴിയാത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കേരളം.സാമ്പത്തിക വളർച്ചയിലും റവന്യൂ വരുമാനത്തിലും ഉണ്ടായ വൻ ഇടിവും കാർഷിക മേഖലയുടെ തകർച്ചയും കോവിഡ് മഹാമാരിയും കടുത്ത പ്രതിസന്ധിയിലേക്കാണ് വിരൽ ചൂണ്ടുന്നത്.ഇതുപോലെ ധനകാര്യ മാനേജ്മെന്റ് തകർന്ന കാലഘട്ടം കേരള ചരിത്രത്തിലുണ്ടായിട്ടില്ല. അഴിമതിയും പിടിപ്പുകേടും സ്വജനപക്ഷപാതവുമാണ് സർക്കാരിന്റെ മുഖമുദ്ര. സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാനുള്ള ഭാവനാപൂർണ്ണമായ ഒരു നടപടിയും ബജറ്റിലില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
എല്ലാ മേഖലയിലും പരാജയപ്പെട്ട സർക്കാരിന്റെ വാചോടാപം മാത്രമാണ് ബജറ്റിലുള്ളത്.അഞ്ചു വർഷം ഒന്നും ചെയ്യാതെ ഭരണം തീരാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ധനകാര്യമന്ത്രി ഗിരിപ്രഭാഷണം നടത്തുകയാണ്. യാഥാർത്ഥ്യങ്ങളിൽ നിന്നും ഒളിച്ചോടി സ്വപ്ന ലോകത്ത് നിന്നാണ് അദ്ദേഹം ബജറ്റ് അവതരിപ്പിച്ചത്.ധന സമാഹരണത്തെ കുറിച്ച് ധനമന്ത്രിക്ക് വ്യക്തമായ കാഴ്ചപ്പാടില്ല.ദിശാബോധം ഇല്ലാത്ത ബജറ്റാണിത്.വിഭവ സമാഹരണത്തിന് ഒരു വഴിയും കണ്ടെത്താതെ പ്രഖ്യാപനങ്ങളുടെ ഘോഷയാത്രയാണ് ബജറ്റിൽ ഉടനീളം.അടുത്ത സർക്കാരിന്റെ മേൽ അധിക സാമ്പത്തികഭാരം വരുത്തുന്നതാണ് ബജറ്റിലെ പ്രഖ്യാപനങ്ങൾ.
കോവിഡ് ബാധിതർ,മടങ്ങിയെത്തിയ പ്രവാസികൾ,യുവജനങ്ങൾ തുടങ്ങിയവർക്ക് പ്രതീക്ഷിക്കാൻ ഒന്നും ബജറ്റിലില്ല. യുവാക്കളെ പൂർണ്ണമായും വഞ്ചിച്ചു.പിഎസ് സി റാങ്ക് പട്ടികയിൽ വന്നിട്ടും ജോലി ലഭിക്കാതെ ആത്മത്യ ചെയ്യുകയാണ് ഉദ്യോഗാർത്ഥികൾ. പാർട്ടി അനുഭാവികൾക്കും സിപിഎമ്മിന്റെ ഇഷ്ടക്കാർക്കും മാത്രമാണ് പിൻവാതിൽ വഴി നിയമനം ലഭിച്ചത്.തൊഴിലില്ലായ്മ കേരളം നേരിടുന്ന വെല്ലുവിളിയും ഗുതുതരമായ പ്രശ്നവുമാണെന്ന തിരിച്ചറിവ് സർക്കാരിനുണ്ടായത് അധികാരം വിട്ടൊഴിയാൻ നാളുകൾ മാത്രം ശേഷിക്കുമ്പോഴാണ്. പോകുന്ന പോക്കിൽ കുറച്ച് പ്രഖ്യാപനങ്ങൾ നടത്തിയതുകൊണ്ട് കേരളത്തിൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടില്ലെന്ന് സർക്കാർ തിരിച്ചറിയണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയുടെ കാരണം കോവിഡ് ആണെന്ന് സമർത്ഥിക്കാനാണ് ധനമന്ത്രി ശ്രമിക്കുന്നത്.എന്നാൽ അതിന് മുമ്പേ സാമ്പത്തിക പ്രസിസന്ധിയുണ്ടെന്ന് സാമ്പത്തിക സർവെ തന്നെ വ്യക്തമാക്കുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ