- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയനാട്ടിൽ അടുത്ത വർഷം മെഡിക്കൽ കോളേജ്; കാപ്പിപ്പൊടിക്ക് കരുത്ത് പകരാൻ പദ്ധതി; തുരങ്കപാതയ്ക്കും മുൻഗണന; വയനാട്-ബന്ദിപ്പൂർ എലവേറ്റഡ് ഹൈവേക്കും അനുകൂല മനസ്സ്; പഴശ്ശി ട്രൈബൽ കോളേജും വരും; ബജറ്റിൽ വയനാടിന് മുന്തിയ പരിഗണന; രാജാരവിവർമ്മയ്ക്കും സുഗതകുമാരിക്കും വീരേന്ദ്രകുമാറിനും ആദരവ്
തിരുവനന്തപുരം: വയനാട്ടുകാരുടെ ദീർഘകാല അഭിലാഷമായ മെഡിക്കൽ കോളേജ് 2021-22ൽ യാഥാർഥ്യമാകുമെന്ന് ധനമന്ത്രി തോമസ് ഐസകിന്റെ ബജറ്റ് പ്രഖ്യാപനം. ഇതിനായി കിഫ്ബിയിൽ നിന്ന് 300 കോടി രൂപ അനുവദിക്കുമെന്നും ധനമന്ത്രി പറഞ്ഞു. പുതിയ മെഡിക്കൽ കോളേജിന്റെ ഭാഗമായി സിക്കിൾ സെൽ അനീമിയ തുടങ്ങിയ ജനിതക രോഗങ്ങളെ പഠിക്കുന്നതിന് വേണ്ടി ഹിമോഗ്ലോബിനോപ്പതി റിസർച്ച് ആൻഡ് കെയർ സെന്റർ സ്ഥാപിക്കും.
വയനാട്ടിൽ ബ്രാൻഡ് കാപ്പിപ്പൊടി പത്തു ശതമാനമാണ് കാപ്പിക്കുരുവിന് വിലയായി കാപ്പി കർഷർകർക്ക് ലഭിക്കുന്നത്. കാപ്പിപ്പൊടി ബ്രാൻഡ് ചെയ്ത് വിൽക്കുന്നതിന്റെ ഭാഗമായി മൂന്നോ നാലോ വർഷം കൊണ്ട് അനുപാതം ഗണ്യമായി ഉയർത്താൻ കഴിഞ്ഞാൽ വയനാട്ടിലെ കർഷകരുടെ പ്രതിസന്ധി പരിഹരിക്കാനാകും. കാപ്പി ബ്രാൻഡ് ചെയ്യുന്നതിന് കാർബൺ ന്യൂട്രൽ പദ്ധതി വയനാടിനെ സഹായിക്കും.
ഇപ്പോൾ ജില്ലയിലെ കാർബൺ എമിഷൻ 15 ലക്ഷം ടണ്ണാണ്. ഇതിൽ 13 ലക്ഷം ടൺ ആഗിരണം ചെയ്യാൻ നിലവിലുള്ള മരങ്ങൾക്ക് കഴിയും. കാർബൺ കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമായി 6500 ഹെക്ടർ ഭൂമിയിൽ മുളയും 70 ലക്ഷം മരങ്ങളും നട്ടുപിടിപ്പിക്കണം. മരം നൽകുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് ട്രീ ബാങ്കിങ് പദ്ധതിയെ ഉപയോഗപ്പെടുത്താവുന്നതാണ്. ഇതിന്റെ ഭാഗമായി ജൈവ വൈവിധ്യം വർധിക്കും എക്കോ ടൂറിസത്തിന് ഇത് സഹായകമാകും.
വാർഷിക പദ്ധതിയിൽ നൂറുകോടിയിൽപ്പരം രൂപ വകയിരുത്തിയിട്ടുണ്ട്. പട്ടിക വർഗ സ്ത്രീകൾക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിന് വേണ്ടി 25 കോടി രൂപ ചെലവഴിക്കും. കിഫ്ബിയിൽ നിന്ന് വിവിധ പദ്ധതികൾക്കായി 941 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. തുരങ്കപാതയുടെ പാരിസ്ഥതിക വിലയിരുത്തൽ കഴിഞ്ഞാൽ നിർമ്മാണം ആരംഭിക്കും. വയനാട്-ബന്ദിപ്പൂർ എലവേറ്റഡ് ഹൈവേക്ക് അനുമതി ലഭിച്ചാൽ അതിന്റെ ചെലവിന്റെ ഒരു ഭാഗം കേരളം വഹിക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ട്രൈബൽ വിദ്യാർത്ഥികൾക്കായി പഴശ്ശി ട്രൈബൽ കോളേജ് സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു. അങ്ങനെ വയനാടിനെ ചേർത്തു നിർത്തുന്നതാണ് ബജറ്റ്.
പ്രമുഖ സോഷ്യലിസ്റ്റ് നേതാവായിരുന്ന എംപി. വീരേന്ദ്രകുമാറിന് കോഴിക്കോട് സ്മാരകം നിർമ്മിക്കുന്നതിന് അഞ്ച് കോടി രൂപ ബജറ്റിൽ നീക്കിവെച്ചു. വനിതാ സിനിമാ സംവിധായകരുടെ പ്രോത്സാഹനത്തിന് മൂന്നു കോടി രൂപയും പട്ടിക വിഭാഗ സംവിധായകരുടെ പ്രോത്സാഹനത്തിന് രണ്ടു കോടി രൂപയും വകയിരുത്തി. അമച്വർ നാടകങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് മൂന്നു കോടി രൂപയും പ്രൊഫഷണൽ നാടക മേഖലയ്ക്ക് രണ്ടു കോടി രൂപയും വകയിരുത്തിട്ടിയിട്ടുണ്ട്.
ആറന്മുളയിൽ സുഗതകുമാരിയുടെ തറവാട് വീട് സംരക്ഷിത സ്മാരകമാക്കി, അവിടെ മലയാള കവിതകളുടെ ദൃശ്യ, ശ്രാവ്യ ശേഖരവും മ്യൂസിയവും സ്ഥാപിക്കുന്നതിന് രണ്ടു കോടി രൂപ അനുവദിച്ചു. മലയാളം മിഷന് നാല് കോടി രൂപ വകയിരുത്തുന്നതായും മന്ത്രി പറഞ്ഞു. രാജാരവിവർമ്മയുടെ സ്മരണയ്ക്ക് കിളിമാനൂരിൽ ആർട്ട് ഗാലറി സ്ഥാപിക്കും. കൂനന്മാവിലെ ചവറ കുരിയാക്കോസ് അച്ഛന്റെ 175 വർഷം പഴക്കമുള്ള ആസ്ഥാനം മ്യൂസിയമാക്കും - 50 ലക്ഷം രൂപ വിലയിരുത്തി.
തൃശ്ശൂരിൽ വിവേകാനന്ദ പ്രതിമ സ്ഥാപിക്കാൻ ശ്രീരാമകൃഷ്ണമഠത്തിന് 25 ലക്ഷം അനുവദിച്ചു. സൂര്യ ഫെസ്റ്റിവലിനും ഉമ്പായി മ്യൂസിക്ക് അക്കാദമിക്കും സാമ്പത്തിക സഹായം നൽകുമെന്നും പ്രഖ്യാപനമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ