തിരുവനന്തപുരം: സംസ്ഥാന ബജറ്റ് വെള്ളിയാഴ്ച ഡോ.തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിക്കും. നികുതി കൂട്ടില്ല. അടിസ്ഥാന നിരക്കുകളിൽ മാറ്റം വരുത്താതെ, നികുതി പിരിവ് ഊർജ്ജിതമാക്കാനും അടിസ്ഥാന സൗകര്യത്തിന് വൻതോതിൽ നിക്ഷേപം സമാഹരിക്കാനുമുള്ള മാർഗങ്ങൾക്കാണ് ബജറ്റിൽ പ്രാമുഖ്യം ലഭിക്കുക. ജനകീയാസൂത്രണത്തിന്റെ പരിഷ്‌കരിച്ച രണ്ടാംഘട്ടം, അടിസ്ഥാന സൗകര്യമേഖലയുടെ വികസനത്തിന് അരലക്ഷം കോടിയിലധികം രൂപയുടെ പ്രത്യേക നിധിസമാഹരണം, വിനോദ സഞ്ചാര മേഖലയുടെ വികസനം ലക്ഷ്യമിട്ടു ബാർ പൂട്ടലിൽ പുനഃപരിശോധന-ഇങ്ങനെ നയപരമായ പല പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാകും. തുറസായ സ്ഥലങ്ങളിൽ മല മൂത്ര വിർജനം ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കാനും ഇതിനു കേന്ദ്ര സർക്കാരിന്റെ ധനസഹായം ഉറപ്പു വരുത്താനും ശ്രമമുണ്ടാകും. കേന്ദ്ര സർക്കാർ സഹായത്തോടെ ഈ പദ്ധതി നടപ്പാക്കാനാണ് നീക്കം.

പതിവു കേന്ദ്രമായ വിഴിഞ്ഞം ഇൻസ്‌പെക്ഷൻ ബംഗ്ലാവിലെ ബജറ്റെഴുത്ത് ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക് ഇന്നു പൂർത്തിയാക്കും. നാളെ വൈകിട്ടു മുഖ്യമന്ത്രിയെ ബജറ്റ് പ്രസംഗം വായിച്ചു കേൾപ്പിച്ച് ആവശ്യമെങ്കിൽ തിരുത്തൽ വരുത്തും. സംസ്ഥാനത്തെ 67ാമത്തെയും തോമസ് ഐസക്കിന്റെ ഏഴാമത്തെയും ബജറ്റ് അവതരണത്തിനാണു മറ്റന്നാൾ നിയമസഭ സാക്ഷ്യം വഹിക്കുക. ധനപ്രതിസന്ധിയിൽ നിന്നു കരകയറാൻ സാധാരണക്കാർക്കു മേൽ പുതിയ നികുതി അടിച്ചേൽപിക്കില്ലെങ്കിലും വരുമാനം കൂട്ടാൻ വ്യവസായ മേഖലയ്ക്കു മേൽ ഭാരം കയറ്റുമെന്നാണു സൂചന. സ്വർണ വ്യാപാരം, റിയൽ എസ്റ്റേറ്റ് ഇടപാടുകൾ, ഭൂമി റജിസ്‌ട്രേഷൻ എന്നിവയിൽ നിന്നു കൂടുതൽ വരുമാനം ബജറ്റിലൂടെ ലക്ഷ്യമിട്ടേക്കും. ആഗോളവത്കരണത്തിനു കേരളത്തിന്റെ ജനകീയബദലായിരിക്കും ബജറ്റെന്നാണ് തോമസ് ഐസക് നൽകുന്ന സൂചന.

ജനകീയാസൂത്രണത്തിന്റെ രണ്ടാംഘട്ടം എങ്ങനെ നടപ്പാക്കണമെന്നതു സംബന്ധിച്ചു ചീഫ് സെക്രട്ടറി വിശദമായ നിർദ്ദേശം സമർപ്പിച്ചിട്ടുണ്ട്. സർക്കാരിന്റെ സേവനം ജനങ്ങളിലെത്തിക്കാൻ കുടുംബശ്രീകളുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തും. ക്ഷേമ പെൻഷനുകൾ വീട്ടിലെത്തിക്കുന്ന പ്രക്രിയയിലും ഇവരുടെ പങ്കാളിത്തം ഉറപ്പാക്കും. വിനോദ സഞ്ചാര മേഖലയിലെ വളർച്ചാ നിരക്കു കുറയുന്നതു കണക്കിലെടുത്താണു യുഡിഎഫ് സർക്കാരിന്റെ ബാർ പൂട്ടൽ തീരുമാനം പുനഃപരിശോധിക്കാൻ ഒരുങ്ങുന്നത്. ഇതോടൊപ്പം, മദ്യത്തിനെതിരായ വിപുലമായ ബോധവൽക്കണ പരിപാടിയും ബജറ്റിൽ പ്രഖ്യാപിച്ചേക്കും. ഫോർ സ്റ്റാർ ബാറുകൾക്ക് അനുമതി നൽകുമെന്നാണ് സൂചന. ഉയർന്ന പലിശ വാഗ്ദാനം ചെയ്തു

പ്രവാസികളിൽ നിന്നു നിക്ഷേപം ശേഖരിക്കുകയും അവർ മടങ്ങിയെത്തുമ്പോൾ തൊഴിൽ ഉറപ്പാക്കുകയും ചെയ്യുന്ന പദ്ധതിയും പ്രഖ്യാപിച്ചേക്കാനിടയുണ്ട്. സഹകരണ ബാങ്കുകളെ പരിഷ്‌ക്കരിച്ചു കേരളത്തിനു സ്വന്തം ബാങ്കെന്ന ദീർഘനാളത്തെ പ്രതീക്ഷയും ബജറ്റിന്റെ ഭാഗമാകാം. നികുതി വരുമാന വർധനാ നിരക്കു 20 ശതമാനത്തിലെത്തിക്കുകയെന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ കടുത്ത നടപടികളുണ്ടാകുമെന്നാണു സൂചന. അഴിമതി തടയൽ, നികുതി പിരിവിനു പുതിയ സാങ്കേതികവിദ്യ ഏർപ്പെടുത്തൽ, ഉപഭോക്താക്കൾ ബിൽ വാങ്ങുന്നുവെന്ന് ഉറപ്പാക്കാൻ ലക്കി വാറ്റിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് തുടങ്ങിയവ കൊണ്ടുവരും. മാലിന്യ ശേഖരണത്തിനും സംസ്‌കരണത്തിനുമായി പുതിയ പദ്ധതി പ്രഖ്യാപിച്ചേക്കും.

ബജറ്റിൽ സ്ത്രീകളുടെ ഉന്നമനത്തിനായുള്ള ഒട്ടേറെ പ്രഖ്യാപനങ്ങളുമുണ്ടാകും. ധന ചോർച്ച തടയാനും അഴിമതി ഇല്ലാതാക്കാനും സോഷ്യൽ ഓഡിറ്റ് എല്ലാ മേഖലയിലേക്കും വ്യാപിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. ഇതിനെല്ലാം പുറമെ, കഴിഞ്ഞ സർക്കാരിനെതിരെ കണക്കു നിരത്തിയുള്ള ആക്രമണങ്ങളും ബജറ്റിൽ പ്രതീക്ഷിക്കാം. റോഡ്, പാലങ്ങൾ എന്നിവയുടെ നിർമ്മാണത്തിന് ബജറ്റിന് പുറത്തുനിന്ന് പണം സമാഹരിക്കാൻ പ്രത്യേക ഉദ്ദേശ കമ്പനിപോലുള്ള സംവിധാനങ്ങൾക്ക് രൂപം നൽകും. ഇതുവഴി കടപ്പത്രങ്ങൾ ഇറക്കി അഞ്ചുവർഷം കൊണ്ട് 50,000 കോടിയിലേറെ രൂപ സമാഹരിക്കാനാണ് ലക്ഷ്യം. നികുതി വരുമാനം 25 ശതമാനം വർധിപ്പിക്കാനുള്ള നടപടികൾ പ്രഖ്യാപിക്കും. ചിലമേഖലകളിൽ നികുതിയിളവിന് സാധ്യതയുണ്ട്. നികുതിയേതര വരുമാനം വർധിപ്പിക്കാൻ സേവനത്തിനുള്ള ഫീസുകളൊന്നും വർധിപ്പിക്കാനും ധനവകുപ്പ് ഉദ്ദേശിക്കുന്നില്ല.

സംസ്ഥാനത്തു നികുതിച്ചോർച്ച തടയാൻ പുതിയ നിയമവും പരിഗണനയിലാണ്. നികുതിദായകരെ പ്രോത്സാഹിപ്പിക്കാൻ കഴിഞ്ഞ ഇടതുസർക്കാർ ആവിഷ്‌കരിച്ച ലക്കിവാറ്റ് പദ്ധതി മടക്കിക്കൊണ്ടുവരും. നികുതി പരിഷ്‌കരണങ്ങൾക്കാകും ഇക്കുറി ബജറ്റിൽ പ്രധാന്യം.
പൊതുമേഖലയെ ശക്തിപ്പെടുത്തി, സംസ്ഥാനത്തിന്റെ തനതുവരുമാനം വർധിപ്പിച്ച് സാമ്പത്തികസ്ഥിരത കൈവരിക്കുകയാകും മുഖ്യലക്ഷ്യം. പങ്കാളിത്ത പെൻഷൻ പുനഃപരിശോധിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഈ ബജറ്റിൽ അതിനു സാധ്യത കുറവാണ്. നികുതി വരുമാനം വർധിപ്പിക്കാൻ നടപടിയുണ്ടാകുമെങ്കിലും നികുതി നിരക്കുവർധനയുണ്ടാകില്ല. എന്നാൽ, നികുതി വെട്ടിപ്പ് തടയാൻ നടപടി ഊർജിതമാക്കും.

പൊതുമേഖലയെ ശക്തിപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ ബജറ്റിലുണ്ടാകും. കയർ സംഭരണത്തിനു പുതിയ പദ്ധതി പ്രഖ്യാപിക്കും. പൊതുവിതരണസംവിധാനം കൂടുതൽ കാര്യക്ഷമമാക്കും.