ഗുരുവായൂർ സത്യാഗ്രഹത്തിന്റെ മുന്നണി പോരാളികളിൽ പ്രമുഖൻ സഖാവ് കൃഷ്ണപിള്ളയ്ക്ക് വൈക്കത്ത് സ്മാരകം; കൃഷ്ണഗാഥ എഴുതിയ ചെറുശ്ശേരിക്ക് കണ്ണൂരിലെ ചിറയ്ക്കലിൽ സാംസ്കാരിക കേന്ദ്രം; ഗുരുവായൂരിലെ യഥാർത്ഥ നായകന് വീണ്ടും അവഗണന; ബാലഗോപാലിന്റെ ബജറ്റും കേളപ്പനെ കണാതെ പോകുമ്പോൾ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: ഗുരുവായൂർ സമരനായകനാണ് കെ കേളപ്പൻ. കേളപ്പനെ ഈ ബജറ്റിലും മറന്നു. മറുനാടൻ അടക്കമുള്ളവർ ശ്രദ്ധയിൽ പെടുത്തിയിട്ടും കേളപ്പന് ഇനിയും അർഹിക്കുന്ന സ്മാരകമില്ല. എന്നാൽ ഗുരുവായൂർ സത്യഗ്രഹ സമരനായകൻ എന്ന പരിവേഷവുമായി കമ്യൂണിസ്റ്റ് നേതാവ് പി കൃഷ്ണപള്ളിക്ക് സ്മാരകം നിർമ്മിക്കുകയാണ് സർക്കാർ. വൈക്കത്ത് പി ക്യഷ്ണപിള്ള സ്മാരകം സ്ഥാപിക്കും. കൃഷ്ണ പിള്ളയുടെ ജന്മസ്ഥലമാണ് വൈക്കം.
നവോത്ഥാന നായകനും സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അനിഷേധ്യനായ നേതാവുമായിരുന്നു സഖാവ് പി കൃഷ്ണ പിള്ള. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ മുന്നണി പോരാളികളിൽ പ്രമുഖൻ-ഇങ്ങനെയാണ് ബജറ്റ് പ്രസംഗത്തിൽ കൃഷ്ണ പിള്ളയെ വിശേഷിപ്പിക്കുന്നതും. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ നായകനായ കെ കേളപ്പന് സ്മാരകമില്ലെന്ന് ചർച്ചയാക്കിയത് പ്രമുഖ എഴുത്തുകാരനായ ടി പത്മനാഭനാണ്. സത്യഗ്രഹത്തിന്റെ പേരിൽ എകെജിക്ക് ഗുരുവായൂരിൽ പ്രതിമയുണ്ടെന്ന് പറഞ്ഞായിരുന്നു അധികാരികളുടെ ശ്രദ്ധയിലേക്ക് ഇതു കൊണ്ടു വന്നത്.
ഇത് ചർച്ചയായിട്ടും കേളപ്പനെ ബജറ്റ് വീണ്ടും മറന്നു. നിരവധി സ്മാരകങ്ങൾക്ക് ഈ ബജറ്റിൽ പണം വകയിരുത്തിയിട്ടുണ്ട്. കൊട്ടാരക്കരയിൽ കഥകളി പഠന കേന്ദ്രം തുടങ്ങും. കഥകളിയുടെ തുടക്കം കൊട്ടാരക്കരയിലാണ്. കഥകളി.ുചെ ഉപജ്ഞാതാവ് കൊട്ടാരക്കര തമ്പുരാനാണ്. കൊട്ടാരക്കര തമ്പുരാന്റെ പേരിലാകും കഥകളി പഠന കേന്ദ്രം. കൃഷ്ണഗാഥ രചിച്ച ചെറുശ്ശേരിയുടെ സ്മാരകം കണ്ണൂരിലെ ചിറയക്കലിൽ സ്ഥാപിക്കും. ഇതിനും രണ്ടു കോടിയുണ്ട്. വടകരയാണ് ചെറുശ്ശേരിയുടെ വീട്. സ്മാരകം വരുന്നത് കണ്ണൂരിലും.
പണ്ഡിറ്റ് കറുപ്പൻ സ്മാരകം ചെരാനെല്ലുരിൽ സ്ഥാപിക്കും. സംഗീതജ്ഞൻ എം എസ് വിശ്വനാഥന് പാലക്കാട് സ്മാരകം ഒരുക്കും. കണ്ണൂരിലെ ചിറക്കല്ലിൽ പ്രാചീന കവിയായ ചെറുശ്ശേരിയുടെ പേരിൽ സാംസ്കാരികകേന്ദ്രം സ്ഥാപിക്കും. പുരാവസ്തുവകുപ്പിന്റെ വിവിധ പദ്ധതികൾക്ക് 19 കോടി അനുവദിച്ചു. തിരുവനന്തപുരം മ്യൂസിയത്തിനും കോഴിക്കോട്ടെ ആർട്ട് ഗാലറിക്കുമായി 28 കോടിയും നൽകും.
വിനോദം,വിദ്യാഭ്യാസം, ഗവേഷണം എന്നിവയ്ക്ക് പ്രാധാന്യം നൽകി തൃശ്ശൂരിൽ പുതിയ മ്യൂസിയവും വരും. സംസ്ഥാന ചലച്ചിത്ര വികസനത്തിന് 16 കോടി വകയിരുത്തി. മലയാള സിനിമ മ്യൂസിയം സ്ഥാപിക്കും. ചലച്ചിത്ര അക്കാദമിക്ക് 12 കോടിയും ഉണ്ട്. തുഞ്ചത്ത് എഴുത്തച്ഛൻ ഗവേഷണകേന്ദ്രത്തിന് ഒരുകോടിയും ചാവറയച്ഛൻ ഗവേഷണകേന്ദ്രത്തിന് ഒരു കോടിയും അനുവദിച്ചു.
കേളപ്പനെ വിസ്മരിക്കുമ്പോൾ
ഒരു സ്മാരകം പോലും ഇല്ലാതെ കേളപ്പൻ അവഗണിക്കപ്പെടുന്നതിന് എതിരെ, പ്രശസ്ത സാഹിത്യകാരൻ ടി പത്മനാഭൻ, മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ രൂക്ഷമായ പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു. ഐതിഹാസികമായ ഗുരുവായൂർ സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്ത, കെ കേളപ്പന്റെ പ്രതിമക്ക് പകരം ശിഷ്യനായ എകെജിയുടെ പ്രതിമയാണ് ഗുരുവായൂരിൽ ഉയർന്നതെന്നും, എകെജി ഉണ്ടായിരുന്നെങ്കിൽ, ഇവരെ അടിച്ച് ഓടിക്കുമായിരുന്നെന്നുമുള്ള ടി പത്മനാഭന്റെ ലേഖനം സാംസ്കാരിക ലോകത്ത് വലിയ ചർച്ചയായിരുന്നു. ഇതെല്ലാം വായിച്ചിട്ടും ഈ ബജറ്റും കേളപ്പനെ മറന്നു.
കെ കേളപ്പന് സമുചിതമായ ഒരു സ്മാരകം വേണമെന്ന ചിന്തകൾക്ക് ഏറെ പഴക്കമുണ്ട്. 1981ൽ ആദ്യ നായനാർ ഗവൺമെന്റ് കേരളം ഭരിക്കുന്ന കാലം. നാടിന്റെ നവോത്ഥാന ചരിത്രത്തിൽ പ്രധാനപ്പെട്ട സംഭവങ്ങളിൽ ഒന്നായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഗുരുവായൂർ സത്യാഗ്രത്തിന്റെ സുവർണ്ണ ജൂബിലി വർഷം. സത്യാഗ്ര സ്മരണ ഉണർത്തുന്ന ഉചിതമായ ഒരു സ്മാരകം ഗുരുവായൂർ ക്ഷേത്ര പരിസരത്ത് നിർമ്മിക്കണമെന്ന് ദേവസ്വം ഭരണ സമിതി ചർച്ച ചെയ്തു. എകെജിയും പി കൃഷ്ണപിള്ളയും ഉൾപ്പെട്ട പിൽക്കാല കമ്മ്യൂണിസ്റ്റ് നേതാക്കൾ പങ്കെടുത്ത ചരിത്ര സംഭവത്തിന് സ്മാരകം പണിയാൻ ഇടതു സർക്കാർ ധനസഹായം വാഗ്ദാനം ചെയ്തു. സത്യാഗ്രഹ നായകൻ കെ കേളപ്പന്റെ പൂർണ്ണകായ പ്രതിമ സ്ഥാപിക്കാൻ ദേവസ്വം കമ്മിറ്റി തീരുമാനിച്ചു.
പ്രതിമയുടെ നിർമ്മാണ ജോലികൾക്ക് പ്രശസ്തനായ ശിൽപ്പി എം ആർ ഡി ദത്തനെ ചുമതലപ്പെടുത്തി. കേളപ്പന്റെ നിരവധി ഫോട്ടോകൾ ശേഖരിച്ച് ദത്തൻ മാതൃകാ ശിൽപ്പം തയ്യാറാക്കാൻ ഒരുങ്ങുമ്പോഴേക്കും കേരളത്തിൽ വലിയ രാഷ്ട്രീയ മാറ്റങ്ങളുണ്ടായി. നായനാരുടെ ഇടതുമുന്നണി മന്ത്രിസഭയിൽ പങ്കാളിത്തമുണ്ടായിരുന്ന ആന്റണി കോൺഗ്രസ്സും മാണി ഗ്രൂപ്പ് കേരള കോൺഗ്രസ്സും അധികാരത്തിന്റെ ശീതളച്ഛായയിൽ നിന്ന് വിവാദപരമായ പിന്മാറ്റം നടത്തി. കെ കരുണാകരൻ ഇടതു സർക്കാരിനെ ഇറക്കി, ഒരംഗത്തിന്റെ ഭൂരിപക്ഷത്തോടെ മന്ത്രിസഭയുണ്ടാക്കി. സ്പീക്കറുടെ കാസ്റ്റിങ് വോട്ടോടെ നില നിന്ന ആ മന്ത്രിസഭ ഏറെ മുന്നോട്ടു പോയില്ല. മാണിഗ്രൂപ്പ് കേരള കോൺഗ്രസ്സിലെ ലോനപ്പൻ നമ്പാടൻ എം എൽ എ ഇടതുമുന്നണിയിൽ തിരിച്ചു കയറിയതോടെ കരുണാകരൻ മന്ത്രിസഭ രാജിവച്ചു. ഇടക്കാല നിയമസഭാ തെരഞ്ഞെടുപ്പിൽ കരുണാകരന്റെ നേതൃത്വത്തിൽ യു ഡി എഫ് അധികാരത്തിൽ വന്നു.
കേളപ്പന്റെ പ്രതിമാനിർമ്മാണയജ്ഞം അതിനിടെ ഗുരുവായൂർ ദേവസ്വം അട്ടിമറിച്ചു. ''അമ്പലത്തിനുള്ളിൽ കണ്ടവനെല്ലാം പ്രവേശനം നേടിക്കൊടുത്ത കേളപ്പന്റെ സ്മാരകമൊന്നും ഇവിടെ വേണ്ട.'' എന്ന് ഒരു അംഗം ദേവസ്വം ഭരണസമിതി യോഗത്തിൽ വികാരക്ഷോഭത്തോടെ പ്രസംഗിച്ചു. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ആ അംഗത്തിന്റെ നിലപാടിന് ഭൂരിപക്ഷ പിന്തുണ ലഭിച്ചു. അങ്ങനെ കേളപ്പന്റെ പ്രതിമ നിർമ്മിക്കാനുള്ള തീരുമാനം പിൻവലിച്ചതായി സമിതി രേഖാമൂലം ശിൽപ്പിയെ അറിയിച്ചു. എം ആർ ഡി ദത്തൻ അൽപ്പം വാശിയുള്ള വ്യക്തിയായിരുന്നു. ഒരു കലാകാരന്റെ നൈസർഗ്ഗികമായ ക്ഷോഭവും പ്രതിഷേധവും അദ്ദേഹത്തിനുണ്ടായിരുന്നു. മുഖ്യമന്ത്രി കരുണാകരനെ അദ്ദേഹം നേരിട്ടുകണ്ട് ഗുരുവായൂർ ദേവസ്വത്തിന്റെ ചുവടുമാറ്റത്തെക്കുറിച്ച് പരാതി പറഞ്ഞു.
ഫയലുകൾ വരുത്തി കരുണാകരൻ പരിശോധിച്ചു. സത്യാഗ്രഹ ജൂബിലി സ്മാരകം നിർമ്മിക്കാൻ ഗുരുവായൂർ ദേവസ്വത്തിന് സർക്കാർ അനുമതിയും ഫണ്ടും നൽകിയിട്ടുള്ള കാര്യം മുഖ്യമന്ത്രിക്കു ബോധ്യപ്പെട്ടു. സർക്കാർ മാറിയെന്ന കാരണത്താൽ കേളപ്പന്റെ പ്രതിമ വേണ്ട എന്ന് തീരുമാനിക്കാനെന്തുകാര്യമെന്ന് അദ്ദേഹം അന്വേഷിച്ചു. ഗുരുവായൂരപ്പന്റെ പ്രശസ്ത ഭക്തനായ കരുണാകരൻ ദേവസ്വം കമ്മിറ്റിയുടെ ഭൂരിപക്ഷ തീരുമാനം അറിഞ്ഞ് നിസ്സഹായനായി. സ്മാരകം നിർമ്മിക്കാൻ അനുവദിച്ച ഫണ്ട് പിൻവലിക്കാൻ നിർവാഹമില്ലെന്ന് വന്നപ്പോൾ ദേവസ്വം സമിതി 'മനോഹരമായ' ഒരു പോംവഴി കണ്ടുപിടിച്ചു. ചരിഞ്ഞുപോയ ഗുരുവായൂർ കേശവൻ എന്ന തലയെടുപ്പുള്ള ആനയുടെ പ്രതിമ നിർമ്മിച്ച് ദേവസ്വം അതിഥി മന്ദിരവളപ്പിൽ സ്ഥാപിക്കാൻ തീരുമാനിച്ചു.
അങ്ങനെ കെ കേളപ്പൻ എന്ന ഗാന്ധിയനു പകരം കേശവൻ എന്ന ആനയുടെ പ്രതിമായാണ് ശിൽപ്പി ദത്തൻ പൂർത്തിയാക്കിയത്. തീർച്ചയായും ഗുരുവായൂരിന്റെയു വിശ്വാസികളുടെയും വികാരമാണ്, ഗുരുവായൂർ കേശവൻ. ആ ആനക്ക് പ്രതിമവേണം. പക്ഷേ അത് കേരാളഗാന്ധിക്ക് പകരം ആവുമോ.
അതിനുശേഷം ഉയർന്നത് എകെജിയുടെ പ്രതിമ
ഒരു തവണ ഗുരുവായൂർ കേശവനുവേണ്ടി മാറിയ പ്രതിമ, പിന്നീട് വീണ്ടും മാറുന്നത് എകെജിയുടെ പേരിലാണ്. എഴുത്തുകാൻ ടി പത്മനാഭൻ മാതൃഭൂമി നവതി പ്രത്യേക പതിപ്പിൽ എഴുതിയ ലേഖനത്തിൽ ഇങ്ങനെ പറയുന്നു. ''കേളപ്പൻ കഥാവശേഷനായിട്ട് കാലമേറെയായി. ഇതുവരെ ആയിട്ടും പിറന്ന നാടിനുവേണ്ടി സവർവസ്വവും സമർപ്പിച്ച ആ നിസ്വാർഥ സേവകന് സമുചിതമായ ഒരു സ്മാരകം ഉയർന്നുവന്നിട്ടില്ല. അദ്ദേഹത്തിന് ഒരു സ്മാരകം ഉണ്ടാവുകയാണെങ്കിൽ അതിന് ഏറ്റവും ഉചിതമായ സ്ഥലം, ഗുരുവായൂരാണെന്ന് ഏത് നിഷ്പക്ഷമതിയും സമ്മതിക്കാതിരിക്കില്ല. മഹത്തായ ക്ഷേത്രപ്രവേശന സമരത്താൽ അദ്ദേഹം ചരിത്രം സൃഷ്ടിച്ചത്, ഗുരുവായൂരാണെല്ലോ. ഈ അടുത്ത കാലത്ത് ഗുരുവായൂരമ്പലത്തിന്റെ കിഴക്കേനടയിൽ, സത്യാഗ്രഹസമരനായകന് ഒരു സ്മാരകം ഉയർന്നുവന്നിട്ടുണ്ട്. പക്ഷേ അത് കേളപ്പനുള്ളതല്ല. സമരകാലം മുഴുവൻ കേളപ്പന്റെ സഹായിയും, പ്രിയ ശിഷ്യനുമായ എ.കെ.ജിയുടെ പേരിലാണ്!
കേരളം കണ്ട ഏറ്റവും വലിയ മനുഷ്യസ്നേഹിയാണ് എ.കെ.ജി. അദ്ദേഹം ഇന്നുണ്ടായിരുന്നെങ്കിൽ ആദ്യം ചെയ്യുക, ആ സ്മാരകം ഇടിച്ചു നിരത്തുകയായിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. കല്ലിലും ലോഹത്തിലും, തീർത്ത സ്മാരകങ്ങളില്ലെങ്കിലും, ജനഹൃദയങ്ങളിൽ കേളപ്പൻ എന്നും ജീവിക്കും. പക്ഷേ അതല്ലല്ലോ കാര്യം. ഗുരുവായൂരിലെ ഈ സത്യാഗ്രഹ സ്മാരകത്തിന് പിന്നിലെ ബുദ്ധി ആരുടേതാണെന്ന് അറിയില്ല. പക്ഷേ ഒരു കാര്യം ഞാൻ തറപ്പിച്ച് പറയുന്നു. ഇത് ചരിത്രത്തെ തമസ്ക്കരിക്കലാണ്. ചരിത്രത്തെവളച്ചൊടിക്കലാണ്. ചരിത്രത്തെ മാനഭംഗപ്പെടുത്തലാണ്. ഇതു ചെയ്തവർക്ക് കാലം മാപ്പുകൊടുക്കില്ല. ''- ഇങ്ങനെയാണ് ടി പത്മമനാഭൻ തന്റെ ലേഖനം അവസാനിപ്പിക്കുന്നത്.
സംഘപരിവാർ കേളപ്പനെ ഹൈജാക്ക് ചെയ്യുന്നുവെന്നൊക്കെയുള്ള പ്രചാരണങ്ങൾക്കിടയിൽ, പത്മാനഭനെപ്പോലുള്ള ഒരു മുതിർന്ന എഴുത്തുകാരന്റെ വിമർശനം രാഷ്ട്രീയ- സാംസ്കാരിക വൃത്തങ്ങളിലും ചർച്ചയായിട്ടുണ്ട്. അടുത്തകാലത്തുള്ള വിവിധ പ്രശ്നങ്ങളിൽ ഇടതുപക്ഷത്തോട് ചേർന്നു നിൽക്കുന്ന നിലപാടാണ് ടി. പത്മനാഭൻ എന്ന സ്വീകരിക്കാറുണ്ടായിരുന്നത് എന്നതും ഈ ലേഖനത്തെ ചർച്ചയാക്കുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ