തിരുവനന്തപുരം: രാജ്യം നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരമല്ല നിർമ്മലാ സീതാരാമന്റെ ബജറ്റ്. കോവിഡ് വാക്‌സിനേഷന് അപ്പുറം നേരിട്ട് ജനങ്ങളിലേക്ക് ആശ്വാസമെത്തുന്ന ഒന്നുമില്ല. എന്നാൽ കേരളത്തിന് കോളടിക്കുകയായിരുന്നു ഈ ബജറ്റിൽ. ഏറെ കിട്ടി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് ഇതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ചോദിച്ചതൊന്നും കിട്ടിയില്ലെങ്കിലും പ്രതീക്ഷകൾക്ക് അപ്പുറമായിരുന്നു പ്രഖ്യാപനങ്ങൾ. പ്രതീക്ഷിച്ചത് 12,000 കോടിയാണ്. കിട്ടുന്നത് 19,891 കോടിയും.

സംസ്ഥാന സർക്കാരിന്റെ വരവും ചെലവും തമ്മിലെ അന്തരം നികത്താൻ കേന്ദ്ര ധനകാര്യ കമ്മിഷൻ നിർദേശിച്ച റവന്യു കമ്മി ഗ്രാന്റിലൂടെ ഇക്കുറി കേരളത്തിനു ലോട്ടറിയടിച്ചു. അടുത്ത സാമ്പത്തിക വർഷമായ 2021-22 ൽ 19,891 കോടി രൂപ കേന്ദ്രത്തിൽ നിന്നു കേരളത്തിനു കിട്ടും. ഇന്നലെ പുറത്തുവിട്ട 15-ാം ധനകാര്യ കമ്മിഷന്റെ റിപ്പോർട്ടിലാണ് ഈ നിർദ്ദേശം. ഈ വർഷം ആകെ 15,323 കോടി രൂപയാണു കിട്ടുന്നത്. ഇതിനെക്കാൾ 4568 കോടിയാണ് അടുത്ത വർഷം കിട്ടുക. തുല്യ 12 തവണകളായാണു തുക കേരളത്തിന്റെ അക്കൗണ്ടിലെത്തുക. 12,000 കോടി രൂപ കിട്ടുമെന്നായിരുന്നു കേരളത്തിന്റെ പ്രതീക്ഷ. ഇതാണ് ഇരുപതിനായിരം കോടിക്ക് അടുത്ത് എത്തുന്നത്.

2022-23 ൽ 13,174 കോടിയായി ഗ്രാന്റ് കുറയ്ക്കാനും കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്. 2023-24 ൽ 4,749 കോടി മാത്രം നൽകിയാൽ മതിയെന്നും തുടർന്നുള്ള 2 വർഷങ്ങളിൽ ഒന്നും നൽകേണ്ടതില്ലെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു. ഇത് കേരളത്തിന് തിരിച്ചടിയാണ്. കേന്ദ്ര ധനവകുപ്പിനോടുള്ള 12 മുഖ്യ ആവശ്യങ്ങളിൽ അടിസ്ഥാന സൗകര്യം വികസന പദ്ധതി കൊച്ചി മെട്രോ മാത്രമായിരുന്നു. ബാക്കിയെല്ലാം വിവിധ മേഖലകളുടെ വികസനത്തിനും സംസ്ഥാനത്തിന്റെ വരുമാനം വർധിപ്പിക്കുന്നതിനുള്ള നിർദേശങ്ങളും. ഇതൊന്നും അംഗീകരിച്ചില്ല. എന്നാൽ അടിസ്ഥാന സൗകര്യ വികസനത്തിൽ വാരിക്കോരി നൽകുകയും ചെയ്തു. കോവിഡ് വാക്‌സിനും സൗജന്യമായി കിട്ടുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ. ഇക്കാര്യത്തിൽ വ്യക്തമായ പ്രഖ്യാപനം ധനമന്ത്രി നടത്തിയിട്ടില്ല.

കേരളത്തിൽ പുതിയ റോഡ് ഇടനാഴിക്കുള്ള സാധ്യതകളാണ് കേന്ദ്രം ഇപ്പോൾ തുറന്നിടുന്നത്. വമ്പൻ വികസനത്തിലേക്ക് അത് കാര്യങ്ങൾ എത്തിക്കും. എന്നാൽ സ്ഥലമേറ്റെടുത്തു പുതിയ ഇടനാഴി നിർമ്മിക്കുക വിദൂരമായ സ്വപ്നം മാണെന്ന വിലയിരുത്തലും സജീവം. കൊച്ചിയിലെ മത്സ്യബന്ധന തുറമുഖങ്ങളുടെ വികസനവും കേരളം പ്രത്യേകം ആവശ്യപ്പെട്ടിരുന്നില്ല. നഷ്ടത്തിലോടുന്ന കൊച്ചി മെട്രോയുടെ നിലനിൽപ്പിനായി പ്രത്യേക പാക്കേജ് കേരളം ആവശ്യപ്പെട്ടിരുന്നു.

കേരളം, ബംഗാൾ, തമിഴ്‌നാട്, അസം തുടങ്ങിയ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലുമാണ് രണ്ടുമാസങ്ങൾക്ക് ശേഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ ഈ സംസ്ഥാനങ്ങൾക്ക് ഗുണകരമായെന്ന് ബജറ്റ് നിർദേശങ്ങൾ വ്യക്തമാക്കുന്നു. അസമിൽ ഭരണം നിലനിർത്താനും ബംഗാൾ പിടിക്കാനും മറ്റിടങ്ങളിൽ വേരോട്ടം വർധിപ്പിക്കാനും ലക്ഷ്യമിടുന്ന ബിജെപി.ക്ക് പ്രചാരണത്തിനുള്ള മുദ്രാവാക്യങ്ങളാണ് ബജറ്റ് നൽകുന്നത്. നാല് സംസ്ഥാനങ്ങൾക്കും അടിസ്ഥാന സൗകര്യവികസനം ഉൾപ്പെടെ വിവിധ മേഖലകളിൽ കോടികളുടെ പദ്ധതികളാണ് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. പുതുച്ചേരിക്കായി പ്രത്യേക പ്രഖ്യാപനങ്ങളില്ലെങ്കിലും തമിഴ്‌നാടിനുള്ള പദ്ധതികളുടെ ഗുണം ഈ പ്രദേശത്തിനും ലഭിക്കും.

1100 കിലോമീറ്റർ ദൂരത്തിൽ 65,000 കോടി രൂപ മുതൽമുടക്കിയുള്ള ദേശീയപാതാ വികസനമാണ് കേരളവുമായി ബന്ധപ്പെട്ട പ്രധാന പ്രഖ്യാപനം. നിർദ്ദിഷ്ട മുംബയ്- കന്യാകുമാരി ഇടനാഴിയുടെ ഭാഗമായാണ് ഇത്. രാജ്യത്തെ 88,000 കോടിയുടെ മെട്രോ റെയിൽ വികസന പദ്ധതികളിൽ കൊച്ചി മെട്രോയ്ക്ക് 1957.05 കോടി. കൊച്ചി മെട്രോയുടെ 11.5 കി.മീ ദൂരം വരുന്ന രണ്ടാം ഘട്ടത്തിനായുള്ള കേന്ദ്ര വിഹിതമാണിത്. മത്സ്യബന്ധന ഹാർബറുകളെ ആധുനികവത്ക്കരിക്കുന്നതിന്റെ ഭാഗമായി, കൊച്ചി ഹാർബറിനെ അത്യാധുനിക മത്സ്യബന്ധന തുറമുഖവും ഫിഷ് ലാൻഡിങ് സെന്ററുമായി വികസിപ്പിക്കും.

ചെന്നൈ, വിശാഖപട്ടണം, പാരദീപ്, പെതുവാലെട്ട ഹാർബറുകളും സമാനമായി വികസിപ്പിക്കും. കൊച്ചി- തൂത്തുക്കുടി- മാലദ്വീപ് യാത്രാപദ്ധതിക്കായി 80 കോടി വകയിരുത്തിയതും, അടുത്ത വർഷം നിർമ്മാണം തുടങ്ങാനിരിക്കുന്ന മധുര- കൊല്ലം ഇടനാഴിക്ക് തുക വകയിരുത്തിയതും കേരളത്തിന് ഗുണകരമാണ്. തമിഴ്‌നാട്ടിലെ ചിറ്റൂർ- തച്ചൂർ ഇടനാഴി കൂടി ഉൾപ്പെടുത്തി 3500 കിലോമീറ്റർ ദേശീയപാത വികസിപ്പിക്കാൻ 1.03 ലക്ഷം കോടി നീക്കിവച്ചിട്ടുണ്ട്. നദികൾക്കു സമീപം ഫിഷ് ലാൻഡിങ് കേന്ദ്രങ്ങൾ നടപ്പാക്കാനുള്ള ഉൾനാടൻ മത്സ്യബന്ധന തുറമുഖ പദ്ധതിയും സംസ്ഥാനത്തിന് നേട്ടയമായേക്കും.