തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിന്റെ ആദ്യ സമ്പൂർണ ബജറ്റ് അവതരണം നിയമസഭയിൽ. സാമ്പത്തികമായി ശക്തി പകരുന്ന വികസനദിശയുള്ള ബജറ്റാണ് അവതരിപ്പിക്കുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ നേരത്തെ വിശദീകരിച്ചിരുന്നു. നിയമസഭയിലെ പ്രതിപക്ഷ ബഞ്ചിൽ അടക്കമെത്തി സംസാരിച്ച ശേഷമാണ് ബജറ്റ് അവതരണം തുടങ്ങിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശനേയും കണ്ടു സംസാരിച്ചു. അതിന് ശേഷം മുഖ്യമന്ത്രിയുമായും ആശയ വിനിമയം നടത്തി. അതിന് ശേഷമാണ് ബജറ്റ് അവതരണം തുടങ്ങിയത്.

കൊടിയ പ്രതിസന്ധിയെ അതിജീവിച്ച് മുന്നേറുന്നു. അതിജീവനം യാഥാർത്ഥ്യമായി. ഒറ്റപ്പെടലിന്റെ ദുഃഖത്തിൽ നിന്ന് കൂടിച്ചേരലിലേക്ക് മാറി. ഇത് നികുതിയെ സ്വാധീനിക്കുമെന്നാണ് ആമുഖത്തിൽ ധനമന്ത്രി പറഞ്ഞത്. ജി എസ് ടി വരുമാനം കൂടി. ഇത് വീണ്ടെടുക്കൽ ഉണ്ടാകുമെന്ന് പ്രതീക്ഷ. പ്രതിസന്ധി വരാനുള്ള സാധ്യതയുണ്ട്. യുക്രയിൻ യുദ്ധം വിലക്കയറ്റം ഉണ്ടാക്കും. റഷ്യ-യുക്രെയിൻ യുദ്ധം ആണവ യുദ്ധമാകാനുള്ള സാധ്യതയുണ്ട്. ഹിരോഷിമയും നാഗസാക്കിയും ആവർത്തിക്കരുത്. സമാധാന കാംഷികളുടെ യോഗത്തിന് രണ്ട് കോടി അനുവദിച്ചു. ഇത്തരം ചർച്ചകൾ കേരളത്തിൽ സജീവമാക്കുന്നതിന് വേണ്ടിയാണ്. യുദ്ധ കെടുതി കുറയ്ക്കാൻ നമുക്കാവുന്നത് ചെയ്യാനാണ് ഇതെന്നും ധനമന്ത്രി വിശദീകരിച്ചു.

എല്ലാ സാധ്യതയും പ്രയോജനപ്പെടുത്തി സമഗ്രവും സർവതല സ്പർശിയുമായ വികസനമാണ് ലക്ഷ്യമിടുന്നതെന്നും കേരളത്തിലെ എല്ലാ വിഭാഗം ജനത്തിന്റേയും ജീവിതം മെച്ചപ്പെടുത്തുന്ന രീതിയിലുള്ള പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നും മന്ത്രി നിയസഭയിൽ എത്തും മുമ്പ് കൂട്ടിച്ചേർത്തിരുന്നു. കഴിഞ്ഞ കാലത്തെ സാമ്പത്തിക മരവിപ്പ് മറികടക്കാൻ ഉചിതമായ ഇടപെടൽ ഉണ്ടാകും. ആരോഗ്യ- കാർഷിക രംഗങ്ങൾക്ക് പ്രത്യേക പരിഗണന നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

നല്ല മണ്ണും ജലവും വെളിച്ചവും തൊഴിൽ വൈദഗ്ധ്യവും മനുഷ്യവിഭവവും ഫലപ്രദമായി ഉപയോഗിക്കുന്നതിനാകും മുൻഗണന. ത്വരിത വികസനത്തിനൊപ്പം കാൽ നൂറ്റാണ്ടിൽ കേരളത്തെ വികസിത രാഷ്ട്രങ്ങളുടെ നിലവാരത്തിലേക്ക് ഉയർത്താനുള്ള കർമപരിപാടികൾക്കാണ് സർക്കാർ രൂപം നൽകുന്നതെന്നും മന്ത്രി പറയുന്നു. വൈജ്ഞാനിക സമ്പദ്വ്യവസ്ഥയെ ഉപയോഗപ്പെടുത്തി കൂടുതൽ തൊഴിലും ഉൽപാദനവും ലക്ഷ്യമിടുന്നു. കൃഷി, വ്യവസായം, മൂല്യവർധിത ഉൽപ്പന്ന നിർമ്മാണം തുടങ്ങിയ മേഖലകളിലെല്ലാം കുതിച്ചുചാട്ടമുണ്ടാകണം. വിഭവങ്ങളെ പരമാവധി പ്രയോജനപ്പെടുത്താനാകുന്ന പദ്ധതികൾ രൂപപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

കെ എൻ ബാലഗോപാലിന്റെ രണ്ടാം ബജറ്റാണിത്. കഴിഞ്ഞ തവണ അവതരിപ്പിച്ച ആദ്യ ബജറ്റ് മുൻ ധനമന്ത്രി തോമസ് ഐസകിന്റെ ബജറ്റിന്റെ അനുബന്ധമായിരുന്നു. അതിനാൽ ബജറ്റ് അവതരണത്തിന് ദൈർഘ്യം വളരെ കുറവായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയൊണ് ബജറ്റ് അവതരണം. ചെലവുകൾ കുറയ്ക്കാൻ കഴിയാത്തതിനാൽ വരുമാനം ഉയർത്തുക എന്നതാണ് സംസ്ഥാനത്തിന് മുന്നിലെ മാർഗം.

വിളകളുടെ വൈവിധ്യവത്കരണത്തിലൂടെ തോട്ടങ്ങളുടെ വരുമാനം വർധിപ്പിക്കാനുള്ള നയം വെള്ളിയാഴ്ച അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ചേക്കും. തോട്ടങ്ങളിൽ ഫലവർഗങ്ങൾ ഉത്പാദിപ്പിച്ച് വൈനും മറ്റു മൂല്യവർധിത ഉത്പന്നങ്ങളും നിർമ്മിക്കാനാണ് പദ്ധതി. ക്ഷേമപെൻഷൻ 1600 രൂപയിൽനിന്ന് 1700 രൂപയാക്കാൻ സാധ്യതയുണ്ട്.