- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പരിസ്ഥിതിലോല മേഖല: സുപ്രീംകോടതി വിധിക്കെതിരെ കേരളം പുനഃപരിശോധന ഹർജി നൽകും; ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാൻ കേന്ദ്ര ഉന്നതാധികാര സമിതിയെ സമീപിക്കും; കേരളത്തിന് തിരിച്ചടിയായി ഒന്നാം പിണറായി സർക്കാറിന്റെ കാലത്തെ ഉത്തരവ്
തിരുവനന്തപുരം: പരിസ്ഥിതിലോല മേഖലയുടെ അതിർത്തി നിശ്ചയിച്ചുള്ള സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹർജി നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ. ജനവാസ കേന്ദ്രങ്ങളെ പൂർണമായി ഒഴിവാക്കാൻ കേന്ദ്ര ഉന്നതാധികാര സമിതിയെ സമീപിക്കാനും ഉന്നതതല യോഗം തീരുമാനിച്ചു. അതേ സമയം വനങ്ങളുടെ ചുറ്റളവിൽ പൂജ്യം മുതൽ ഒരു കിലോ മീറ്റർ വരെ സംരക്ഷിത മേഖലയാക്കാമെന്ന ഒന്നാം പിണറായി സർക്കാറിന്റെ 2019 കാലയളവിലെ ഉത്തരവ് പുറത്തുവന്നത് സർക്കാറിന് തിരിച്ചടിയായി.
സംരക്ഷിത വനങ്ങളുടെ ചുറ്റളവിൽ ഒരു കി മീ പരിസ്ഥിതി മേഖല നിർബന്ധമാക്കിയുള്ള വിധിക്കെതിരെയാണ് കേരളം സുപ്രീം കോടതിയെ സമീപിക്കുക. പരാതികൾ ഉണ്ടെങ്കിൽ ഉന്നതാധികാര സമിതി വഴി കോടതിയെ അറിയിക്കാമെന്ന വിധിയിലെ ഉപാധി തന്നെ ഉപയോഗിക്കാനാണ് കേരളത്തിന്റെ തീരുമാനം. കേരളത്തെ കൂടി കേൾക്കണമെന്നാവശ്യപ്പെട്ടാണ് പുനഃപരിശോധന ഹർജി നൽകുക.
കേന്ദ്രം ഹർജി നൽകിയാൻ കക്ഷി ചേരുന്നതും പരിഗണനയിലാണ്. കശ്മീർ മുതൽ കന്യാകുമാരി വരെ ഒരേ മാനദണ്ഡം നിശ്ചയിച്ച് പരിസ്ഥിതി ലോല മേഖല നിശ്ചയിക്കാനാകില്ലെന്നാണ് കേരളത്തിന്റെ നിലപാട്. വനംവകുപ്പിലെയും നിയമവകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥരും എജിയുമായും മന്ത്രി നടത്തിയ ചർച്ചയിലാണ് തീരുമാനം.
അതേസമയം, വനങ്ങളുടെ ചുറ്റളവിൽ പൂജ്യം മുതൽ ഒരു കി മീ വരെയുള്ള പ്രദേശം സംരക്ഷിതമേഖലയാക്കാമെന്നാണ് 2019ലെ സർക്കാർ ഉത്തരവ്. സമാനമായ സുപ്രീംകോടതി വിധിക്കെതിരായ സർക്കാർ നീക്കം ഇരട്ടത്താപ്പാണെന്ന ആക്ഷേപം ഉയരുന്നുണ്ട്. എന്നാൽ ജനവാസകേന്ദ്രങ്ങളെ പൂർണ്ണമായും ഒഴിവാക്കാനാണ് പൂജ്യം കിലോ മീറ്റർ വെച്ചതെന്നാണ് വനംവകുപ്പ് വിശദീകരണം. അന്ന് കേന്ദ്രം ആവശ്യപ്പെട്ടത് ജനവാസ മേഖലയിലടക്കം എല്ലായിടത്തും 10 കിലോ മീറ്റർ പരിധിയായിരുന്നുവെന്നും വകുപ്പ് പറയുന്നു. കേരളത്തിന്റെ അന്നത്തെ നിലപാട് കേന്ദ്രം അംഗീകരിക്കുകയോ തള്ളുകയോ ചെയ്തിരുന്നില്ല.
വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും ഒരു കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതി ലോലമേഖലയാക്കണമെന്നും ഇവിടങ്ങളിലെ ഖനന-നിർമ്മാണ പ്രവർത്തനങ്ങൾ നിയന്ത്രിക്കണമെന്നുമാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച സുപ്രീംകോടതി ഉത്തരവിട്ടത്. ഈ മേഖലകളിലെ കെട്ടിടങ്ങളുടെയും നിർമ്മാണ പ്രവർത്തനങ്ങളുടെയും റിപ്പോർട്ട് മൂന്ന് മാസത്തിനകം സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകൾ പരിസ്ഥിതി ലോലമാക്കാനുള്ള ഉത്തരവിനെ നിയമപരമായി നേരിടാനാണ് കേരളത്തിന്റെ തീരുമാനം. ജനങ്ങളുടെ താൽപര്യം മുൻനിർത്തി സുപ്രീം കോടതിയെയും കേന്ദ്ര സർക്കാരിനെയും സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ പറഞ്ഞിരുന്നു.
പരിസ്ഥിതിലോല ഉത്തരവ് മറികടക്കാൻ എല്ലാ ശ്രമങ്ങളും സംസ്ഥാനം നടത്തുമെന്നായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥരുമായുള്ള അവലോകന യോഗത്തിന് ശേഷം മന്ത്രി എ കെ ശശീന്ദ്രന്റെ പ്രതികരിച്ചു. വനസംരക്ഷണത്തിനായി സർക്കാർ ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ ഉൾപ്പെടെ സുപ്രീംകോടതിയെയും കേന്ദ്ര സർക്കാരിനെയും അറിയിക്കും. എന്നാൽ ഈ വിഷയത്തിൽ കേന്ദ്രം പൂർണമായി ഒപ്പം നിൽക്കുമെന്ന പ്രതീക്ഷ സംസ്ഥാനത്തിനില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിൽ വന്യജീവിസങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളുമായി 24 കേന്ദ്രങ്ങളാണുള്ളത്. ഇവയുടെ ഒരോ കിലോമീറ്റർ ചുറ്റളവിൽ ഖനനത്തിനും വൻതോതിലുള്ള നിർമ്മാണങ്ങൾക്കും മില്ലുകൾ ഉൾപ്പെടെ മലിനീകരണമുണ്ടാക്കുന്ന പ്രവർത്തനങ്ങൾക്കുമാകും നിയന്ത്രണം വരിക. നേരത്തെ ജനവാസമേഖലകളെ പൂർണമായി ഒഴിവാക്കിയായിരുന്നു കേരളം പരിസ്ഥിതി ലോല മേഖല നിർണയിച്ചിരുന്നത്. കോടതി ഉത്തരവോടെ കേരളം ഇതുവരെ സ്വീകരിച്ച ഇത്തരം നടപടികളെല്ലാം റദ്ദാകും.
മറുനാടന് മലയാളി ബ്യൂറോ