- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റോഡിൽ മതിലല്ല, പാലങ്ങൾ പണിയൂ സർക്കാരേ; കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി: കാർഷിക നയങ്ങൾക്കെതിരായ സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും കർഷകരും നിലപാട് കടുപ്പിച്ചതോടെ കൂടുതൽ കർഷകർ സമരവേദിയിലേക്ക് എത്താതിരിക്കാനുള്ള മുന്നൊരുക്കങ്ങളിലാണ് പൊലീസ്. അതിർത്തികളിലെ സമര വേദികളിലേക്ക് കർഷകർ വലിയ തോതിൽ എത്താൻ തുടങ്ങിയതോടെ ബാരിക്കേഡുകളും കമ്പി വേലികളും മറ്റും ഉപയോഗിച്ച് റോഡ് ഗതാഗതം പൂർണമായും തടഞ്ഞാണ് സർക്കാരിന്റെ നീക്കം. സമരം തടയാനുള്ള സർക്കാരിന്റെ ഈ ശ്രമത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. കമ്പി വേലികളും വലിയ ബാരിക്കേഡുകളും മറ്റും വച്ച് റോഡ് തടഞ്ഞു വച്ചിരിക്കുന്നതിന്റെ ചിത്രങ്ങൾ സഹിതം ട്വിറ്ററിലൂടെയാണ് അദ്ദേഹം വിമർശിച്ചത്. റോഡിൽ മതിലല്ല, പാലങ്ങൾ പണിയു ഇന്ത്യൻ സർക്കാരേ- എന്നായിരുന്നു രാഹുലിന്റെ ചിത്രത്തിനൊപ്പമുള്ള കുറിപ്പ്.
റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിലുണ്ടായ അക്രമണത്തിന് പിന്നാലെ സമരത്തെ നേരിടാൻ ശക്തമായ നടപടികളിലാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. അതിർത്തികളിലെല്ലാം പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രധാന ഹൈവേയിൽ രണ്ടു വരികളായി നിരത്തിയിരിക്കുന്ന സിമന്റ് ബാരിയറുകളിൽ ഇരുമ്പു കമ്പികൾ കൊളുത്തിയാണ് സിംഘു അതിർത്തിയിൽ തടസ്സം സൃഷ്ടിച്ചിരിക്കുന്നത്. മധ്യത്തിൽ ഇവ ഉറപ്പിക്കുന്നതിനായി കോൺക്രീറ്റും ചെയ്തിട്ടുണ്ട്. ഡൽഹി-ഹരിയാണ അതിർത്തിയിൽ എടുത്തുമാറ്റാവുന്ന സിമന്റ് ചുമരുകളാണ് തടസ്സം സൃഷ്ടിക്കാനായി സ്ഥാപിച്ചിരിക്കുന്നത്.
ഡൽഹി-ഉത്തർപ്രദേശ് അതിർത്തിയായ ഗസ്സിപുരിൽ നൂറുകണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരാണ് തമ്പടിച്ചിരിക്കുന്നത്. ദ്രുതകർമസേനയെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്. ഡ്രോണുകളുപയോഗിച്ചാണ് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത്. വാഹനപരിശോധനയും നടക്കുന്നുണ്ട്. നിരനിരയായി ബാരിക്കേഡുകളും ദീർഘദൂരത്തോളം ഇവിടെ നിരത്തിയിട്ടുണ്ട്. കാൽനടയായി മുന്നേറുന്ന കർഷകരെ തടയാനായി മുള്ളുവേലികളും സ്ഥാപിച്ചിട്ടുണ്ട്.
തിക്രി അതിർത്തിയിലും നിരനിരയായി ബാരിക്കേഡുകൾ സ്ഥാപിച്ചിരിക്കുകയാണ്. ഇതിന് പുറമേ കർഷകർ വാഹനവുമായി മുന്നോട്ട് നീങ്ങാതിരിക്കാൻ ഇരുമ്പു കമ്പികൾ കൂർപ്പിച്ച് സിമന്റുപയോഗിച്ച് റോഡിൽ പാകിയിരിക്കുകയാണ്. ഇതിന് പുറമേ വലിയ സിമന്റ് ബ്ലോക്കുകളും നിരത്തിയിട്ടുണ്ട്.
കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും കേന്ദ്ര നടപടിയെ ശക്തമായി വിമർശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി കർഷകരുമായി യുദ്ധം ചെയ്യുകയാണോയെന്ന് പ്രിയങ്ക ചോദിച്ചു. നിരനിരയായി നിരത്തിയ ബാരിക്കേഡും അതിന് പിന്നിൽ നിലയുറപ്പിച്ച നൂറുകണക്കിന് പൊലീസുകാരുടെയും വീഡിയോ ട്വീറ്റ് ചെയ്താണ് പ്രിയങ്കയുടെ വിമർശനം.
GOI,
- Rahul Gandhi (@RahulGandhi) February 2, 2021
Build bridges, not walls! pic.twitter.com/C7gXKsUJAi
മറുനാടന് ഡെസ്ക്