- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെട്ടിട നമ്പറിൽ തിരിമറി നടത്തി വൻ തട്ടിപ്പ് കണ്ണൂരിലും; കോർപറേഷനിലും നഗരസഭകളിലും നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് വൻക്രമക്കേട്; കെട്ടിട ഇനത്തിൽ കോടികളുടെ നഷ്ടമെന്ന് വിജിലൻസ്
കണ്ണൂർ: കെട്ടിട നമ്പർ തിരിമറിയിലൂടെ കണ്ണൂരിലും വൻ വെട്ടിപ്പ് നടന്നതായി കണ്ടെത്തൽ. നഗരസഭകളിൽ വിജിലൻസ് വിഭാഗം നടത്തിയ റെയിഡിൽ കണ്ടെത്തിയത് വൻ ക്രമക്കേടാണ്. കണ്ണൂർ കോർപറേഷൻ, പാനൂർ, തലശ്ശേരി, ഇരിട്ടി മുനിസിപ്പാലിറ്റികളിലുമാണ് വലിയ ക്രമക്കേട് കണ്ടെത്തിയത്.
ബിൽഡിങ്ങ് ടാക്‌സ് ഇനത്തിലാണ് വെട്ടിപ്പ് നടന്നതെന്ന് വിജിലൻസ് വിഭാഗത്തിൽ നിന്ന് വിവരം ലഭിച്ചു. സർക്കാറിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് വിജിലൻസിന്റെ പ്രാഥമിക വിലയിരുത്തൽ. ഏത് തരത്തിലാണ് വെട്ടിപ്പ് നടത്തിയതെന്ന് ഇപ്പോൾ പറയാനാകില്ലെന്നും വിജിലൻസ് വിഭാഗം പറഞ്ഞു.
കെട്ടിട നമ്പർ തട്ടിപ്പിൽ സംസ്ഥാനത്തെ മുഴുവൻ നഗരസഭകളിലും വിജിലൻസ് ഇന്ന് മിന്നൽ പരിശോധന നടത്തിയിരുന്നു. ഓപ്പറേഷൻ ട്രൂ ഹൗസ് എന്ന പേരിലായിരുന്നു പരിശോധന. നഗരസഭകളിലും നഗരസഭാ സോണൽ ഓഫീസുകളിലുമാണ് പരിശോധന നടന്നത്.
സംസ്ഥാന സർക്കാർ സ്ഥാപനമായ ഐക്യം തയ്യാറാക്കിയ ഒരു സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെയാണ് കെട്ടിട നമ്പർ ക്രമക്കേടുമായി ബന്ധപ്പെട്ട നടപടികൾ നടന്നത്. കെട്ടിട നമ്പർ സംബന്ധമായ അനുമതിയെല്ലാം നൽകുന്നത് ഇത് ഉപയോഗിച്ചാണ്.
വ്യാജ കെട്ടിടനമ്പർ നൽകി തിരുവനന്തപുരം, കോഴിക്കോട് നഗരസഭകളിൽ വൻ തട്ടിപ്പ് നടന്നതായുള്ള വിവരം പുറത്തു വന്നിരുന്നു.
എന്നാൽ, ചില താല്ക്കാലിക ജീവനക്കാരെ അറസ്റ്റ് ചെയ്തതൊഴിച്ചാൽ വിശദമായ അന്വേഷണത്തിലേക്ക് പൊലീസ് ഇതുവരെയും കടന്നിട്ടില്ല. തിരുവനന്തപുരത്ത് സൈബർ പൊലീസാണ് ആദ്യം അന്വേഷണം നടത്തിയത്. ഈ അന്വേഷണത്തിലാണ് സോഫ്‌റ്റ്‌വെയർ തകരാർ മുതലാക്കി തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. ഇത് സംസ്ഥാന വ്യാപകമായി ഉപയോഗിക്കുന്ന സോഫ്‌റ്റ്‌വെയറാണ്. അതുകൊണ്ടു തന്നെ എല്ലാ നഗരസഭകളിലും തട്ടിപ്പ് നടന്നിരിക്കാനുള്ള സാധ്യത മുന്നിൽക്കാണുന്നുണ്ട്. അതിന്റെ കൂടെ അടിസ്ഥാനത്തിലാണ് വിജിലൻസിന്റെ മിന്നൽ പരിശോധന.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്