ബുലന്ദ്ശഹർ: ബുലന്ദ് ശഹറിൽ ഗോഹത്യയുടെ പേരിൽ കലാപം കത്തിപ്പടരുമ്പോൾ കേസ് എടുത്ത ഏഴുപേരിൽ രണ്ടു പേർ 11 ഉം 12 ഉം വയസ് മാത്രമുള്ള കുട്ടികൾ. സബ് ഇൻസ്‌പെക്ടർ കൊല്ലപ്പെട്ടിട്ടു കൂടി തിരിഞ്ഞു നോക്കാത്ത യോഗി ആദിത്യനാഥും പൊലീസും ഗോഹത്യാ കേസിൽ കൗമാര പ്രായം പോലും എത്താത്ത കുട്ടികളെ പ്രതിയാക്കാൻ വൻ ഉത്സാഹം തന്നെയാണ് കാട്ടിയത്. കേസിൽ പ്രതി ചേർക്കപ്പെട്ടിട്ടും ചുറ്റിനും നടക്കുന്നത് എന്താണെന്ന് പോലും അറിയാതെ നിഷ്‌കളങ്കമായി കൂട്ടുകാർക്കൊപ്പം കളിച്ചും ചിരിച്ചും നടക്കുകയാണ് നയാബസ് ഗ്രാമത്തിലെ അനസും സാജിദും. എന്നാൽ 'ഗോഹത്യ' ചെയ്തവരിൽ ഈ പതിനൊന്നുകാരനുമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

പാടത്ത് പശുവിനെ അറത്തതിന് കേസെടുത്ത ഏഴുപേരിൽ രണ്ടുപേർ കുട്ടികളല്ലേയെന്നു ചോദിച്ചാൽ പൊലീസിനും കൃത്യമായി മറുപടിയില്ല. അവരുടെ പ്രായം പരിശോധിച്ചുവരികയാണെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥൻ പ്രവീൺ രഞ്ജൻ സിങ്ങിന്റെ മറുപടി. എന്നാലും തീരെ ചെറിയ കുട്ടികളെന്ന് കണ്ട് കേസിൽ നിന്നൊഴിവാക്കാനൊന്ും ഇതുവരെ വർഗീയ വാദികളുടെ കുഴലൂത്തുകാരായി മാറി ആദിത്യനാഥിന്റെ പൊലീസ് തയ്യാറല്ല.

കഴിഞ്ഞ ദിവസം മഹാവ് ഗ്രാമത്തിലെ പാടത്ത് പശുവിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതിന്റെപേരിൽ ഏഴുപേർക്കെതിരേയാണ് ഗോഹത്യക്കുറ്റത്തിന് പൊലീസ് കേസെടുത്തിട്ടുള്ളത്. ഇതിൽ നാലുപേരെ അറസ്റ്റുചെയ്തു. 25 പശുവിനെ അറത്തിട്ടുണ്ടെന്നാണ് പ്രചരണം നടക്കുന്നത്. എന്നാല് ഇത് കലാപത്തിന് കോപ്പു കൂട്ടാനുള്ള ബജ്‌റംഗ് ദള്ളിന്റെ ഗൂഢാലോചനയാണെന്നും പരക്കെ ആക്ഷേപമുണ്ട്. എൻഡിടിവി അടക്കമുള്ള ദേശിയ മാധ്യമങ്ങൾ ബുലന്ദ് ഷഹറിൽ നടത്തിയ അന്വേഷണത്തിൽ സംഭവത്തിൽ ആസൂത്രിത നീക്കം നടന്നിട്ടുണ്ടെന്നാണ് പറയുന്നത്.

അതേസമയം പശുവിനെ അറത്തവരെ കണ്ടെത്തണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥും സ്ഥലം എംഎ‍ൽഎ.യും ആവശ്യപ്പെട്ടതും ഏഴുപേരെ പ്രതികളാക്കിയതുമൊക്കെ സംഘർഷത്തിലെ അന്വേഷണം ഗോഹത്യയിലേക്ക് വഴിമാറുന്നതിന്റെ സൂചനയായി. ഇതോടെയാണ് പൊലീസ് അന്വേഷണത്തിൽ 11 വയസ്സുകാരനും 12 വയസ്സുകാരനും പ്രതി ചേർക്കപ്പെട്ടത്. പശുവിന്റെ ജഡം കണ്ടെത്തിയതിനെ തുടർന്നുണ്ടായ കലാപത്തിൽ 400 പേരോളം വരുന്ന ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പോയതായിരുന്നു പൊലീസ് ഇൻസ്‌പെക്ടറായ സുബോധ് കുമാർ സിങ്. ആൾക്കൂട്ടത്തെ നേരിടുന്നതിനിടെ കല്ലേറുണ്ടാകുകയും അചിനിടയിൽ വെടിയേറ്റാണ് സുബോധ് സിങ് കൊല്ലപ്പെടുന്നത്. സുമിത് എന്ന 20കാരനായ വിദ്യാർത്ഥിയും സംഘർഷത്തിൽ കൊല്ലപ്പെട്ടു. എന്നാൽ ഇരുവരും കൊല്ലപ്പെട്ട സംഘർഷത്തിൽ പൊലീസിന്റെ അന്വേഷണം ഗോഹത്യയിലേക്കു വഴിമാറുന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു ബുധനാഴ്ചത്തെ സംഭവവികാസങ്ങൾ.

എന്തിനാണ് തന്റെ മകനെ ഗോഹത്യക്കേസിൽ പ്രതിചേർത്തതെന്ന് അറിയില്ലെന്ന് സാജിദിന്റെ പിതാവ് യാസീൻ പറയുന്നു. ഫർണിച്ചർ ജോലിചെയ്ത് കുടുംബം പോറ്റുകയാണ് ഒരപകടത്തിൽപ്പെട്ട് വലതുകാൽ മുറിച്ചുമാറ്റേണ്ടിവന്ന യാസീൻ. തന്നെയും മകനെയും മൂന്നു മണിക്കൂറോളം പൊലീസ് സ്റ്റേഷനിൽ തടഞ്ഞുവെച്ചു. മകന് 12 വയസ്സേയുള്ളൂ. നയാബാസ് ഗ്രാമത്തിലെതന്നെ അനസിനെയും കേസിൽ പ്രതിചേർത്തു. പൊലീസ് തങ്ങളോട് യാതൊന്നും പറഞ്ഞില്ല. കഴിഞ്ഞ ദിവസങ്ങളിൽ ബുലന്ദ്ശഹറിൽ നടന്ന തബ് ലീഗി ജമായത്ത് പരിപാടിയിൽ പ്രാർത്ഥിക്കാൻ ചെന്നതൊഴിച്ചാൽ മറ്റൊന്നും തങ്ങൾ ചെയ്തിട്ടില്ല -യാസീൻ പറഞ്ഞു. ഗോഹത്യയെക്കുറിച്ചോ അതിന്റെപേരിൽ നടന്ന അക്രമങ്ങളെക്കുറിച്ചോ ഒന്നുമറിയാത്ത സാജിദ്, അനസ് എന്നീ കുട്ടികളെയാണ് ബുധനാഴ്ച ഗ്രാമത്തിലെത്തിയ മാധ്യമപ്രവർത്തകർ കണ്ടത്. ഇതോടെ, പൊലീസിന്റെ പ്രതിപട്ടികയെക്കുറിച്ചുള്ള സംശയങ്ങളും രൂക്ഷമായി.

അക്രമത്തിന്റെ സൂത്രധാരനെന്നു കരുതപ്പെടുന്ന ബജ്രംഗ്ദൾ പ്രവർത്തകൻ യോഗേഷ് രാജ് താൻ നിരപരാധിയാണെന്ന് പറഞ്ഞ് ഫേസ്‌ബുക്ക് വീഡിയോയിലൂടെ രംഗത്തെത്തി. ഇയാൾ ഇപ്പോൾ ഒളിവിലാണ്. യോഗേഷിന്റെ വീട്ടിൽ സ്ഥലം എംഎ‍ൽഎ. ദേവേന്ദർ സിങ് ലോധി ബുധനാഴ്ച സന്ദർശനം നടത്തി. യോഗേഷ് ഉൾപ്പെടെയുള്ള നിരപരാധികൾക്കെതിരേ പൊലീസ് കേസെടുത്തെന്ന് അദ്ദേഹം വിമർശിച്ചു. 45 പശുക്കളെ അറത്തിട്ടുണ്ടെന്നു പറഞ്ഞ എംഎ‍ൽഎ., ബുലന്ദ്ശഹറിൽ നടന്ന മതസമ്മേളനത്തിൽ ആ ഇറച്ചി വിളമ്പിയിട്ടുണ്ടാവാമെന്നും അക്കാര്യം പൊലീസ് അന്വേഷിക്കണമെന്നും അഭിപ്രായപ്പെട്ടു.

യോഗേഷ് നൽകിയ പരാതിയനുസരിച്ചാണ് പൊലീസ് ഗോഹത്യയ്ക്കു കേസെടുത്തിട്ടുള്ളത്. സൗരഭ്, ശേഖർ എന്നീ സുഹൃത്തുക്കൾക്കൊപ്പം ഒമ്പതുമണിയോടെ മഹാവിലെ കരിമ്പുപാടത്ത് പശുവിനെ അറക്കുന്നതു കണ്ടുവെന്നാണ് യോഗേഷിന്റെ പരാതി. എന്നാൽ, രാവിലെ ആറിനും ഏഴിനും ഇടയിലാണ് ഗ്രാമവാസികൾ പശുവിന്റെ അവശിഷ്ടങ്ങൾ കണ്ടെന്നു വിവരം അറിയിച്ചതെന്ന് വയലുടമ രാജ്കുമാറിന്റെ ഭാര്യ പ്രീതി പറഞ്ഞു. ഉടൻ രാജ്കുമാർ വയലിലേക്കുപോയി. അതു കണ്ടയുടൻ പൊലീസിനെയും വിവരമറിയിച്ചു. അപ്പോഴേക്കും ഒട്ടേറെപ്പേർ അവിടെ തടിച്ചുകൂടിയിരുന്നു. ബജ്രംഗ്ദളുകാരെ രാജ്കുമാർ വിളിച്ചുവരുത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞതു മാനിക്കാതെ അവർ പശുവിന്റെ അവശിഷ്ടം ഒരു ട്രക്കിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നുവെന്നും പ്രീതി പറഞ്ഞു.

സാധാരണനിലയിൽ കർഷകർ രാവിലെത്തന്നെ വയലിലേക്കു പോവാറുണ്ടെന്ന് ഗ്രാമവാസികളും ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ, ഒമ്പതുമണിക്കാണ് ഏഴുപേർ പശുവിനെ അറത്തതു കണ്ടതെന്ന വാദം അവരും തള്ളിക്കളഞ്ഞു. ഇതുവരെ ഗ്രാമത്തിൽ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് സംഘർഷസ്ഥലത്ത് കച്ചവടം നടത്തുന്ന ധരംപാൽ സിങ്ങും ചൂണ്ടിക്കാട്ടി. പൊലീസ് പോസ്റ്റിനു സമീപം പ്രതിഷേധിക്കാനെത്തിയത് പുറത്തുനിന്നുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.

ബുലന്ദ്ഷഹറിന് 40 കിലോമീറ്റർ ദൂരത്തുള്ള സ്യാന താലൂക്കിലെ മഹാവ് ഗ്രാമത്തിലെ കരിമ്പുപാടത്താണ് കന്നുകാലി അവശിഷ്ടം കണ്ടെത്തിയത്. വയലുടമ ഉടൻ പൊലീസിനെ അറിയിക്കുകയും അവർ എത്തുകയും ചെയ്തു. എന്നാൽ, വൈകാതെതന്നെ ഗ്രാമത്തിനു പുറത്തുനിന്നും ബജ്റംഗ്ദൾ പ്രവർത്തകർ എത്തുകയായിരുന്നു. വയലുടമ അറിയിച്ചാണ് എത്തിയതെന്നാണ് പ്രതിഷേധക്കാർ പറഞ്ഞതെങ്കിലും താൻ ആരെയും വിളിച്ചുവരുത്തിയിട്ടില്ലെന്നാണ് അയാളുടെ വിശദീകരണം.പശുവിനെ അറുത്തെന്നു പറഞ്ഞാണ് ബജ്റംഗ് ദളുകാർ പ്രശ്നമുണ്ടാക്കിയത്. എന്നാൽ, അറവുകാർ ഉപേക്ഷിക്കുന്നപോലുള്ള അവശിഷ്ടമല്ല വയലിൽ കണ്ടെത്തിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആ ഗ്രാമത്തിന്റെ സമീപപ്രദേശങ്ങളിലൊന്നും അറവുശാലകളില്ലെന്ന് ഗ്രാമീണർ പറയുന്നു.

മഹാവിൽനിന്നും ചിങ് രാവതി പൊലീസ് പോസ്റ്റിനു സമീപത്തെത്തിയ ബജ്റംഗ്ദളുകാർ കേസെടുക്കാൻ ആവശ്യപ്പെട്ടു പ്രതിഷേധം തുടങ്ങി. പിന്നീട് പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമായി. ഇരുഭാഗത്തുനിന്നും വെടിവെപ്പുണ്ടായി. ഇൻസ്പെക്ടർ സുബോധ് കുമാറിനെ ലക്ഷ്യമിട്ട അക്രമികൾ അയാളെ പിടിക്കൂ, വെടിവയ്ക്കൂവെന്ന് ആക്രോശിക്കുന്ന ദൃശ്യങ്ങളും പ്രാദേശിക ചാനലുകൾക്ക് ലഭിച്ചിട്ടുണ്ട്. പൊലീസ് ഇക്കാര്യവും ഗൗരവാമയി അന്വേഷിക്കുന്നത്.

ബൂലന്ദ്ഷഹറിലുണ്ടായ സംഭവം വലിയ ഗൂഢാലോചനയാണെന്ന്. പൊലീസ് ഡയറക്ടർ ജനറൽ ഒപി സിങ് വ്യക്താമക്കിയിരുന്നു. ഇത് വെറുമൊരു ക്രമസമാധാന പ്രശ്നം മാത്രമല്ല. എങ്ങനെയാണ് പശുവിന്റെ ജഡം ഇവിടെ എത്തിയത്. ആര് കൊണ്ടു വന്നു എന്നതെല്ലാം പരിശോധിച്ച് വരികയാണെന്ന് അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ മനപ്പൂർവ്വം സാമുദായിക കലാപം സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നോ എന്നും പൊലീസ് പരിശോധിച്ചു വരികയാണ്.സുരക്ഷാ അവലോകന യോഗം രാവിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിളിച്ചു ചേർത്തെങ്കിലും പൊലീസ് ഇൻസ്പെക്ടർ കൊല്ലപ്പെട്ടതിൽ പ്രസ്താവന നടത്താൻ അദ്ദേഹം തയ്യാറായില്ല.പശുവിന്റെ ജഢത്തിന്റെ പഴക്കം എത്രയെന്ന ഉടൻ നിർണയിക്കുമെന്ന് യുപി പൊലീസ് മേധാവി അറിയിച്ചു. പ്രതിഷേധത്തിന്റെ സൂത്രധാരനെന്നു കരുതപ്പെടുന്ന ബജ്റങ്ദൾ നേതാവായ യോഗേഷ് രാജ്, മഹാവിൽനിന്ന് നാലു കിലോമീറ്റർ അകലെയുള്ള നയാബാസ് ഗ്രാമക്കാരനാണ്. യോഗേഷ് ഉൾപ്പെടെ മഹാവിന് പുറത്തുനിന്നുള്ളവരായിരുന്നു പ്രതിഷേധക്കാരിൽ ഭൂരിപക്ഷവും.

പശുവിന്റെ അവശിഷ്ടം കണ്ടെത്തിയതിന്റെ പേരിലുണ്ടായ സംഘർഷം വൻ വർഗ്ഗീയ കലാപമായി മാറാതിരുന്നത് പൊലീസിന്റെ സമയോചിതമായ ഇടപെടലിനെത്തുടർന്നാണ്. ബജ്റംഗ്ദളിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധം മറ്റിടങ്ങളിലേക്ക് വ്യാപിക്കാതെ തടഞ്ഞത് പൊലീസിന്റെ ഇടപെടലാണെന്ന് പ്രദേശവാസികൾ പറയുന്നു.ഗോഹത്യയുടെ പേരിലുള്ള പ്രതിഷേധം സംഘർഷത്തിലേക്കു മാറിയത് തിങ്കളാഴ്ച ഉച്ചയ്ക്ക് 12-ഓടെയായിരുന്നു. ബൂലന്ദ്ഷഹറിൽ നടന്നുവന്ന 'തബ് ലീഗി ജമായത്ത്' സമ്മേളനം കഴിഞ്ഞ് ആളുകൾ മടങ്ങുന്ന സമയവും അതായിരുന്നു. ഇവരെ ലക്ഷ്യമിട്ട് ബജ്റംഗ്ദൾ പ്രവർത്തകർ ദേശീയപാതയിൽ ഗതാഗതം തടഞ്ഞു. എന്നാൽ, പൊലീസുകാരും സാമൂഹിക പ്രവർത്തകരും ചേർന്ന് ഇവരെ വഴിതിരിച്ചുവിട്ടതോടെ വലിയ സംഘർഷം ഒഴിവായി.