ഫ്രാൻസിൽ വച്ച് നടന്ന കാളപ്പോരു മത്സരത്തിൽ വീണ് കാളയുടെ കുത്തേറ്റ് 36കാരനും പ്രശസ്ത കാളപ്പോരു വീരനുമായ സ്‌പെയിൻകാരൻ ഇവാൻ ഫാന്റിനോ കൊല്ലപ്പെട്ടു. ജെല്ലിക്കെട്ടിന്റെ പേരിൽ തമിഴരെ എന്തിന് കുറ്റം പറയണം...? എന്ന് ഇത്തരത്തിലുള്ള മരണങ്ങളെക്കുറിച്ച് കേൾക്കുമ്പോൾ ആരുടെ മനസിലും ചോദ്യമുയർന്നേക്കാം. അതായത് പരിഷ്‌കൃത രാജ്യക്കാരായ സ്പാൻയർഡുകൾക്ക് എത്ര മരണം കണ്ടിട്ടും കാളപ്പോരുപേക്ഷിക്കാൻ വയ്യെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കുന്ന ഉദാഹരണമാണ് ഇവാന്റെ മരണം. അടിതെറ്റി വീണ ഇവാനെ അര ടണ്ണിലധികം ഭാരം വരുന്ന കൂറ്റൻ കാള മുകളിലേക്ക് കുത്തിത്തെറിപ്പിക്കുകയും കൊമ്പിൽ കോർത്ത് കാലപുരിക്കയക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്.

ഇദ്ദേഹത്തിന്റെ നെഞ്ചിന് കുത്തേറ്റ് വളരെ ദയനീയമായിട്ടാണ് മരിച്ചിരിക്കുന്നത്. വിവാഹിതനും ഒരു കുട്ടിയുടെ പ ിതാവുമാണ് ഇവാൻ. ' ഹറി അപ്പ് ഐ ആം ഡൈയിങ് ' എന്നായിരുന്നു ഇവാന്റെ അവസാന വാക്കുകൾ. കുത്തേറ്റ് വീണ് തന്നെ അരീനയ്ക്ക് പുറത്തേക്ക് മറ്റ് കാളപ്പോരുകാർ എടുത്തുകൊണ്ട് പോകുമ്പോഴായിരുന്നു അദ്ദേഹം ഈ അന്ത്യമൊഴി ഉരുവിട്ടിരുന്നത്. ശ്വാസകോശം, കിഡ്‌നികൾ, തുടങ്ങിയവക്ക് ഗുരുതരമായ പരുക്കേറ്റ ഇവാനെ ഇന്നലെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ വഴിയിൽ വച്ച് ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു.

അഞ്ച് വയസുള്ള കാളയായ പ്രോവെൻചിറ്റോയാണ് ഇവാനെ വകവരുത്തിയിരിക്കുന്നത്. ഇതിന് മുമ്പ് ഇവാൻ ഈ കാളക്കെതിരെ പൊരുതി ജയിക്കുകയും ഇതിന്റ കാത് മുറിക്കുകയും ചെയ്തിരുന്നു. പിന്നീടുണ്ടായ പോരാട്ടത്തിൽ ഈ കാളയ്ക്കും ഗുരുതരപരുക്കേറ്റത്തിനാൽ ഇതിനെയും വകവരുത്തുകയായിരുന്നു. സ്‌പെയിനിൽ വച്ച് നടന്ന ഒരു കാളപ്പോരിൽ മറ്റൊരു കാളപ്പോരുകാരനായ വിക്ടർബാറിയോ ഒരു വർഷത്തിനിടെ മരിച്ച വാർത്ത പുറത്ത് വന്നതിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പാണ് ഇവാന്റെ മരണവാർത്തയുമെത്തിയിരിക്കുന്നത്.

സൗത്ത് ഫ്രാൻസിലെ എയറെ സുർ 1 ആഡൗറിൽ വച്ച് നടന്ന കാളപ്പോര് ഉത്സവത്തിനിടെയായിരുന്നു ഇവാൻ കൊല്ലപ്പെട്ടത്. ഇദ്ദേഹം പ്രതിസന്ധിയിലായ വിവരം മത്സരം കാണുന്ന നിരവധി പേർക്ക് മനസിലായിരുന്നില്ല. ഏവരെയും അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു ഇവാൻ നടത്തിയിരുന്നതെന്ന് ദൃക്‌സാക്ഷികൾ വെളിപ്പെടുത്തുന്നു. ഇദ്ദേഹത്തിന് അപകടം പറ്റിയത് വൈകിയാണ് മിക്കവരും മനസിലാക്കിയത്. ഇവാന്റെ മരണത്തെ തുടർന്ന് കാളപ്പോരുമായി ബന്ധപ്പെട്ട വിവാദങ്ങളും വിമർശനങ്ങളും വീണ്ടും ശക്തമായിരിക്കുന്നു. ഈ മത്സരം തികച്ചും പൈശാചികവും പ്രാകൃതവുമാണെന്നാണ് വിമർശകർ ആരോപിക്കുന്നത്. എന്നാൽ ഇതൊരു പാരമ്പര്യവും കലാരൂപവുമാണെന്നും ഇതിന്റെ ആരാധകർ പിന്തുണയ്ക്കുന്നു. സ്‌പെയിനിലെ രാജകുടുംബം, രാഷ്ട്രീയക്കാർ, കാളപ്പോര് ലോകം തുടങ്ങിയവർ ഇവാന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.