- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുസ്ലിം സ്ത്രീകൾക്ക് എതിരായ വിദ്വേഷ പ്രചാരണം; 'ബുള്ളി ബായ്' ആപ്പ് നിർമ്മിച്ച 21 കാരനായ ബി ടെക് വിദ്യാർത്ഥി അറസ്റ്റിൽ; പിടിയിലായത് മുഖ്യസൂത്രധാരനായ നീരജ് ബിഷ്ണോയ്
ന്യൂഡൽഹി: മുസ്ലിം സ്ത്രീകളെ വിൽപനക്ക് വെച്ച് വിദ്വേഷ പ്രചാരണത്തിന് ലക്ഷ്യമിട്ട 'ബുള്ളി ബായ്' ആപ്പ് നിർമ്മിച്ച ബി ടെക് വിദ്യാർത്ഥി അസമിൽ അറസ്റ്റിൽ. മുസ്ലിം സ്ത്രീകൾക്കും ആക്ടിവിസ്റ്റുകൾക്കും മാധ്യമ പ്രവർത്തകർക്കുമെതിരെ വിദ്വേഷപ്രചാരണത്തിന് ലക്ഷ്യമിട്ടാണ് ബുള്ളി ബായ് ആപ് നിർമ്മിച്ചത്. കേസിലെ മുഖ്യ സൂത്രധാരനായ ഇരുപത്തിയൊന്ന് വയസുള്ള ബി ടെക് വിദ്യാർത്ഥി നീരജ് ബിഷ്ണോയിയാണ് അറസ്റ്റിലായത്.
സാൻഫ്രാൻസിസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന കോഡിങ് പ്ലാറ്റ്ഫോമായ ഗിത് ഹബിലെ 'ബുള്ളി ബായ്' എന്ന ആപ്പിലൂടെ നൂറുകണക്കിന് മുസ്ലിം സ്ത്രീകളെ ചിത്രസഹിതം ലേലത്തിന് വെക്കുകയായിരുന്നു.
ഡൽഹി പൊലീസ് സെപ്ഷ്യൽ സെൽ ഡിസിപി കെ. പി. എസ് മൽഹോത്രയുടെ നേതൃത്വത്തിലാണ് സംഘമാണ് ഇയാളെ പിടികൂടിയത്. നേരത്തേ മുംബൈ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ബെംഗളുരുവിൽ നിന്ന് 21-കാരനായ ബിടെക് വിദ്യാർത്ഥി വിശാൽ ഝാ, ഉത്തരാഖണ്ഡ് സ്വദേശിനിയായ പത്തൊമ്പതുകാരി ശ്വേതാ സിങ്, ബുധനാഴ്ച പുലർച്ചെയോടെ മായങ്ക് റാവൽ (21) എന്നിവരാണ് അറസ്റ്റിലായത്.
ബെംഗളുരുവിൽ നിന്നാണ് ചൊവ്വാഴ്ച ബി ടെക് വിദ്യാർത്ഥിയായ വിശാൽ കുമാറിനെ അറസ്റ്റ് ചെയ്യുന്നത്. ഇരുപത്തിയൊന്നുകാരനായ ഇയാളെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് ഉത്തരാഖണ്ഡ് സ്വദേശിനിയെക്കുറിച്ച് വിവരങ്ങൾ കിട്ടിയത്. നേരത്തെ കേസിൽ കേന്ദ്രസർക്കാരിന്റെ ഉന്നതതല സംഘം അന്വേഷണം നടത്തുമെന്ന് അറിയിച്ചിരുന്നു. സൈബർ സുരക്ഷയ്ക്കുള്ള സിഇആർടിഐഎന്നിനോട് അന്വേഷണ സംഘം രൂപീകരിക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിരുന്നു.
വിവിധ സംസ്ഥാനങ്ങളിലെ സൈബർ സെല്ലുകളുമായി യോജിച്ചാണ് അന്വേഷണം നടത്തുന്നത്. സൈബർ സുരക്ഷയ്ക്കുള്ള കേന്ദ്രത്തിന്റെ നോഡൽ ഏജൻസിയാണിത്. ബുള്ളി ബായ് ആപ്പ് വഴിയുള്ള വിദ്വേഷ പ്രചാരണത്തിന് മലയാളികൾ അടക്കം ഇരയായിരുന്നു.
പ്രശസ്തരായ മുസ്ലിം വനിതാ നേതാക്കളെയും ആക്ടിവിസ്റ്റുകളെയും ലക്ഷ്യമിട്ടുള്ള വിദ്വേഷ പ്രചാരണമാണ് ബുള്ളി ബായ് എന്ന ആപ്പ് നടത്തി വന്നത്. ശക്തമായ പ്രതിഷേധമുയർന്നതിനെത്തുടർന്ന് ഈ ആപ്പ് കേന്ദ്രസർക്കാർ ഇടപെട്ട് പിൻവലിച്ചിരുന്നു.
ജെഎൻയുവിൽ നിന്ന് കാണാതായ വിദ്യാർത്ഥി നജീബ് അഹമ്മദിന്റെ മാതാവ് ഫാത്തിമ നഫീസ്, എഴുത്തുകാരി റാണ സഫ്വി, മുതിർന്ന മാധ്യമപ്രവർത്തക ഇസ്മത്ത് ആര, റേഡിയോ ജോക്കി സായിമ, സിഎഎ വിരുദ്ധസമരത്തിന്റെ അമരത്തുണ്ടായിരുന്ന വിദ്യാർത്ഥിനേതാക്കളായ ലദീദ , ആയിഷ റെന്ന, ജെഎൻയു വിദ്യാർത്ഥി നേതാവായിരുന്ന ഷെഹല റാഷിദ് തുടങ്ങി നിരവധി മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങൾ സഹിതമായിരുന്നു പ്രചാരണം. കഴിഞ്ഞ വർഷം സുള്ളി ഡീൽസ് എന്ന പേരിൽ ഇവരുടെ ചിത്രങ്ങൾ പങ്കുവച്ച് ഇത്തരത്തിൽ സമാന പ്രചാരണം നടത്തിയിരുന്നു.
മുസ്ലിം വനിതകളെ 'ഓൺലൈൻ ലേല'ത്തിനു വെച്ച് അധിക്ഷേപിച്ച സംഭവത്തിൽ അന്വേഷണം മുംബൈ പൊലീസിനാണ്. വനിതകളുടെ ചിത്രങ്ങൾ, അവരുടെ അറിവില്ലാതെ അപ്ലോഡ് ചെയ്യുകയും ഓൺലൈനിൽ ലേലത്തിനു വെക്കുകയുമായിരുന്നു. ഓപ്പൺ സോഴ്സ് പ്ലാറ്റ്ഫോമായ ജിറ്റ് ഹബ്ബിലെ ബുള്ളി ബായ് എന്ന ആപ്ലിക്കേഷനിലാണ് ചിത്രങ്ങൾ അപ്ലോഡ് ചെയ്തത്.
കഴിഞ്ഞ വർഷം വലിയ വിവാദങ്ങൾക്ക് വഴിവെച്ച സുള്ളി ഡീൽസിന്റെ മറ്റൊരു പതിപ്പാണ് ബുള്ളി ബായ്. വലതുപക്ഷ ട്രോളുകളിൽ മുസ്ലിംവനിതകളെ ലക്ഷ്യമാക്കി ഉപയോഗിക്കുന്ന അധിക്ഷേപകരമായ പദമാണ് സുള്ളി. ലക്ഷ്യംവെക്കുന്നവരെ അപമാനിക്കുക, ശല്യം ചെയ്യുക തുടങ്ങിയവയാണ് ഇത്തരം ആപ്ലിക്കേഷനുകളുടെ ലക്ഷ്യമെന്നാണ് റിപ്പോർട്ട്.
ന്യൂസ് ഡെസ്ക്