ഡബ്ലിൻ: അയർലണ്ടിലെ ജൂണിയർ ഡോക്ടർമാർ ബുള്ളിയിംഗിന് വിധേയരാകുന്നുണ്ടെന്ന് റിപ്പോർട്ട്. ഐറീഷ് മെഡിക്കൽ കൗൺസിൽ നടത്തിയ സർവേയിൽ പത്തിൽ മൂന്ന് ട്രെയിനി ഡോക്ടർമാരും ബുള്ളിയിംഗിന് ഇരകളാകുന്നുണ്ട്. ഇത്തരത്തിൽ ഒരു സർവേ ആദ്യമായിട്ടാണ് ഐറീഷ് മെഡിക്കൽ കൗൺസിൽ സംഘടിപ്പിക്കുന്നത്. ഇതോടെ ജൂണിയർ ഡോക്ടർമാർ അനുഭവിക്കുന്ന ദുരിതങ്ങൾ പുറംലോകം അറിയാനും ഇടയായി.

വർക്ക് എക്‌സ്പീരിയൻസ്, സീനിയർ ഡോക്ടർമാരുടെ പെരുമാറ്റം എന്നിവയിലലെല്ലാം ഇക്കൂട്ടർ ബുള്ളിയിങ് നേരിടുന്നുണ്ട്. യുകെയിൽ നിലനിൽക്കുന്നതിനേക്കാൾ ഇരട്ടിയാണ് അയർലണ്ടിലെ അവസ്ഥയെന്നാണ് സർവേ വെളിപ്പെടുത്തുന്നത്. ഇത്തരത്തിലുള്ള ബുള്ളിയിങ് കൂടുതലായി കണ്ടുവരുന്നത് പ്രായം കുറഞ്ഞ ട്രെയിനി ഡോക്ടർമാർക്കിടയിലും ഇന്റേണൽഷിപ്പ് ചെയ്യുന്നവർക്കിടയിലുമാണ്. ഇത്തരത്തിൽ 30 ശതമാനത്തോളം മെഡിക്കൽ ട്രെയിനികൾക്ക് തങ്ങളുടെ ഉത്തരവാദിത്വത്തെക്കുറിച്ചും റോളിനെക്കുറിച്ചും വ്യക്തമായ ധാരണ സീനിയർ ഡോക്ടർമാർ നൽകുന്നില്ല.

ബുള്ളിയിംഗിന് മുമ്പന്തിയിൽ നിൽക്കുന്നത് സീനിയർ ഡോക്ടർമാർ തന്നെയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇവരെക്കൂടാതെ രോഗികൾ, പബ്ലിക് എന്നിവരിൽ നിന്നും ജൂണിയർ ഡോക്ടർമാർക്ക് ബുള്ളിയിങ് നേരിടാറുണ്ട്. ബുള്ളിയിങ് ഏറ്റവും കൂടുതലായി കാണപ്പെടുന്നത് ആശുപത്രികളിലാണ്. മെന്റൽ ഹെൽത്ത് സർവീസുകളിൽ ഇതു തീരെ കുറവാണ്. ജിപികളായി ട്രെയിനിങ് ലഭിക്കുന്ന ജൂണിയർ ഡോക്ടർമാർക്കിടയിലും ബുള്ളിയിങ് താരതമ്യേന കുറവാണ് അനുഭവപ്പെടുന്നത്.

റിപ്പോർട്ട് പുറത്തുവന്നതിന്റെ അടിസ്ഥാനത്തിൽ, ജൂണിയർ ഡോക്ടർമാർക്ക് ജോലി ചെയ്യാനുള്ള സാഹചര്യം മെച്ചപ്പെടുത്തുമെന്ന് ഹെൽത്ത് മിനിസ്റ്റർ ലിയോ വരാദ്കർ വ്യക്തമാക്കിയിട്ടുണ്ട്.