ഓവൽ: ക്രിക്കറ്റിന്റെ സൗന്ദര്യത്തെ പ്രകടമാക്കിയ ഐതിഹാസിക സ്‌പെൽ.ഒറ്റവാക്കിൽ അങ്ങിനെ വിശേഷിപ്പിക്കാം ഓവലിലെ ബുംറയുടെ നിറഞ്ഞാട്ടത്തെ.ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ ആറ് വിക്കറ്റ് നേട്ടവുമായി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുകയായിരുന്നു ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര. 7.2 ഓവറിൽ വെറും 19 റണ്ണിനാണ് ബുമ്ര ആറ് ഇംഗ്ലീഷ് ബാറ്റർമാരെ മടക്കിയത്. ഇതിൽ നാല് പേരെ ബുമ്ര ബൗൾഡാക്കുകയായിരുന്നു. ഇതോടെ നിരവധി റെക്കോർഡുകൾ ബുമ്ര പേരിലാക്കി.

ഇംഗ്ലണ്ടിൽ വച്ച് ഒരു ഏകദിനത്തിൽ ആറ് വിക്കറ്റുകൾ വീഴ്‌ത്തുന്ന ആദ്യ ഇന്ത്യൻ പേസറാണ് ജസ്പ്രീത് ബുമ്ര. ഇതോടൊപ്പം ഏകദിന ചരിത്രത്തിൽ ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച മൂന്നാമത്തെ ബൗളിങ് പ്രകടനം എന്ന റെക്കോർഡും ബുമ്ര കൈവശമാക്കി. സ്റ്റുവർട്ട് ബിന്നി(6/4), അനിൽ കുംബ്ലെ(6/12) എന്നിവർ മാത്രമാണ് ബുമ്രക്ക് മുന്നിലുള്ളത്. ബിന്നിയുടെ നേട്ടം 2014ൽ ബംഗ്ലാദേശിനെതിരെയും കുംബ്ലെയുടേത് 1993ൽ വെസ്റ്റ് ഇൻഡീസിന് എതിരെയുമായിരുന്നു. ഓവലിൽ 19 റണ്ണിന് ബുമ്ര സ്വന്തമാക്കിയ ആറ് വിക്കറ്റ് താരത്തിന്റെ ഏകദിന കരിയറിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനവുമാണ്.

അതോടൊപ്പം ഇംഗ്ലണ്ടിലെ മികച്ച ഏകദിന ബൗളിങ് പ്രകടനങ്ങളിൽ നാലാം സ്ഥാനത്തെത്താനും ഇന്ത്യൻ പേസർക്കായി. ആദ്യ മൂന്ന് മികച്ച പ്രകടനങ്ങളും ലീഡ്‌സിലാണ്. 2001ൽ ഇംഗ്ലണ്ടിനെതിരെ 36 റണ്ണിന് 7 വിക്കറ്റ് നേടിയ പാക് പേസർ വഖാർ യൂനിസ് ഒന്നാമതും 1983 ഓസീസിനെതിരെ 51ന് ഏഴ് വിക്കറ്റ് നേടിയ വിൻഡീസ് താരം വിൻസ്റ്റൺ ഡേവിഡ് രണ്ടാമതും 1975ൽ ഇംഗ്ലണ്ടിനെതിരെ ഓസീസിനായി 14 റണ്ണിന് ആറ് വിക്കറ്റ് നേടിയ ഗാരി ഗിൽമോർ മൂന്നാമതും നിൽക്കുന്നു.

ജസ്പ്രീത് ബുമ്രക്കൊപ്പം മുഹമ്മദ് ഷമിയും ആഞ്ഞെറിഞ്ഞപ്പോൾ ഓവൽ ഏകദിനത്തിൽ ഇംഗ്ലണ്ട് 25.2 ഓവറിൽ വെറും 110 റണ്ണിൽ പുറത്തായി. ബുമ്ര 7.2 ഓവറിൽ 19 റണ്ണിന് ആറും, ഷമി 7 ഓവറിൽ 31 റണ്ണിന് മൂന്നും വിക്കറ്റ് നേടി. ജേസൻ റോയ്(0), ജോണി ബെയ്‌ർ‌സ്റ്റോ(7), ജോ റൂട്ട്(0), ലിയാം ലിവിങ്സ്റ്റൺ(0), ഡേവിഡ് വില്ലി(21), ബ്രൈഡൻ കാർസ്(15) എന്നിവരെയാണ് ബുമ്ര പുറത്താക്കിയത്. ബെൻ സ്റ്റോക്‌സ്(0), ജോസ് ബട്‌ലർ(30), ക്രൈഗ് ഓവർട്ടൻ(8) എന്നിവരെ ഷമി മടക്കി. ബട്‌ലറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ. 14 റണ്ണെടുത്ത മൊയീൻ അലിയെ പ്രസിദ്ധ് കൃഷ്ണ മടക്കി.