ന്യൂഡൽഹി: അഞ്ച് പതിറ്റാണ്ടോളം ഇന്ത്യ ഭരിച്ച പാർട്ടിയാണെന്ന് പറഞ്ഞിട്ടെന്താ.. ഇപ്പോൾ ഗതകാല പ്രൗഢിയെ കുറിച്ച് ആലോചിച്ച് ഇരിക്കാൻ മാത്രമാണ് വിധി. അധികാരമുണ്ടായിരുന്നപ്പോൾ ചോദിക്കും മുമ്പ് തന്നെ പണം കാഴ്‌ച്ചവെക്കാനായി വ്യവസായിമാർ എത്തുമായിരുന്നു. എന്നാൽ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ കോൺഗ്രസ് തകർന്നടിയുകയും കോൺഗ്രസ് മുക്ത ഭാരതമെന്ന മുദ്രാവാക്യവുമായി അമിത് ഷായും കൂട്ടരും മുന്നോട്ടു പോകുകയും ചെയ്തതോടെ രാഹുൽ ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയു കാര്യം തീർത്തും കഷ്ടത്തിലാണ്. കേരളത്തിലെ നേതാക്കൾ സംസ്ഥാനത്ത് ഭരണമുണ്ടെന്ന ഗർവിൽ നടക്കുമ്പോൾ കേന്ദ്രഭരണം പോയ സോണിയയും രാഹുലും അടക്കമുള്ള കേന്ദ്രപരിവാരങ്ങൾക്ക് വട്ടചെലവിന് കാശില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പാർട്ടിയെ വ്യവസായികൾ കൈവിട്ടതോടെ കടുത്ത ദാരിദ്ര്യത്തിലാണ് പാർട്ടി.

രാഷ്ട്രീയപരമായി നേരിടുന്ന തിരിച്ചടികൾക്കു പുറമെയാണ് കോൺഗ്രസ് പാർട്ടിക്കുള്ളിൽ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടും ഉണ്ടായിരിക്കുന്നത്. ചരിത്രത്തിലിതുവരെ കണ്ടിട്ടില്ലാത്തത്ര രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് പാർട്ടി നിലവിൽ നേരിടുന്നതെന്നും പ്രശ്‌നം പരിഹരിക്കുന്നതിനായി പാർട്ടി ട്രഷറർ മോട്ടിലാൽ വോറ അടിയന്തര നടപടി സ്വീകരിക്കാൻ പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടതായുമാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

നിലവിലെ സാമ്പത്തിക പ്രതിസന്ധി പരിഹഹിക്കാൻ വേണ്ടി എംപിമാർ ഒരു മാസത്തെ ശമ്പളം പാർട്ടി ഫണ്ടിലേക്ക് നൽകാൻ കോൺഗ്രസിന്റെ ലോക്‌സഭയിലെയും രാജ്യസഭയിലെയും എംപിമാർക്ക് മോട്ടിലാൽ വോറ നിർദ്ദേശം നൽകിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പാർട്ടിയുടെ ഡൽഹി യൂണിറ്റ് കഴിഞ്ഞ ദിവസം മുൻ എംഎൽഎമാരുടെ യോഗം വിളിച്ച് ഒക്ടോബർ അവസാനത്തോടെ ഓരോ ലക്ഷം രൂപ വീതം പാർട്ടി ഫണ്ടിലേക്ക് നൽകാൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകൾ പറയുന്നു. പാർട്ടിയുടെ മുതിർന്ന നേതാക്കളായ പി.സി. ചാക്കോ, ഡൽഹിയിൽ പാർട്ടിയെ നയിക്കുന്ന മുൻ കേന്ദ്രമന്ത്രി അജയ് മാക്കൻ എന്നിവർ ഈ ആവശ്യവുമായി മുൻ എംഎൽഎമാരുമായും എംപിമാരുമായും കൂടിക്കാഴ്ച നടത്തും.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പു സമയം മുതൽ പാർട്ടി സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിച്ചു വരികയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ചരിത്രത്തിലാദ്യമായാണ് തിരഞ്ഞെടുപ്പു ഫണ്ട് കണ്ടെത്താൻ കോൺഗ്രസ് വൻ പ്രതിസന്ധി നേരിട്ടത്. കേന്ദ്രത്തിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ വരുമെന്ന് മുൻകൂട്ടി കണ്ട കോർപറേറ്റ് ലോകം ഒന്നാകെ ബിജെപിക്ക് പിന്നാലെ പോയതാണ് ഇതിനുകാരണമായതെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇപ്പോഴത്തെ അവസ്ഥയിൽ വീണ്ടും കോൺഗ്രസ് അധികാരത്തിൽ എത്തുമെന്ന പ്രതീക്ഷ നഷ്ടമായതാണ് വ്യവസായികൾ കോൺഗ്രസിനെ കൈവിടാൻ കാരണമായത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ വന്ന മഹാരാഷ്ട്ര, ഹരിയാന, ഡൽഹി, ജാർഖണ്ഡ്, ജമ്മു കശ്മീർ തിരഞ്ഞെടുപ്പുകളിലും പാർട്ടി വൻ സാമ്പത്തിക പ്രതിസന്ധിയാണ് നേരിട്ടത്. ഡൽഹി സംസ്ഥാന തെരഞ്ഞെടുപ്പിൽ പാർട്ടി ഫണ്ട് കണ്ടെത്താൻ വളരെ ബുദ്ധിമുട്ടി. ഇപ്പോൾ ബീഹാർ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സാഹചര്യത്തിൽ ഫണ്ടില്ലാതെ പാർട്ടിക്ക് മുന്നോട്ടു പോകാൻ കഴിയില്ല.

പാർട്ടി സാമ്പത്തിക പ്രതിസന്ധി നേരിട്ടിട്ടുള്ളപ്പോൾ മുൻപും എംപിമാരും എംഎൽഎമാരും പാർട്ടി ഫണ്ടിലേക്ക് ശമ്പളം നൽകിയിട്ടുണ്ടെന്ന് ഒരു കോൺഗ്രസ് എംപിയെ ഉദ്ധരിച്ച് സീ മീഡിയ റിപ്പോർട്ട് ചെയ്യുന്നു. ഇത്തവണ പക്ഷേ, മുൻ എംഎൽഎമാരും മുൻ എംപിമാരും കൗൺസിലർമാരും ഉൾപ്പെടെയുള്ളവർ രംഗത്ത് വരേണ്ട സ്ഥിതിവിശേഷമാണെന്നും റിപ്പോർട്ടിലുണ്ട്.

തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടി ഉണ്ടാകുമെന്ന മുൻവിധിയോടെ ബിസിനസ് സ്ഥാപനങ്ങളും വ്യാപാരികളും പാർട്ടിയോട് അകലം പാലിക്കുകയാണെന്ന് കോൺഗ്രസ് നേതാക്കൾ തന്നെ തുറന്നു പറയുന്നുണ്ട്. പാർട്ടി അധികാരത്തിലിരുന്ന സമയത്ത് ഫണ്ട് കൈകാര്യം ചെയ്തിരുന്ന വ്യക്തികളുടെ കാര്യപ്രാപ്തി ഇല്ലായ്മ കൊണ്ടാണ് ഇപ്പോൾ പാർട്ടിക്ക് പണമില്ലാത്ത അവസ്ഥയിൽ എത്തിച്ചതെന്ന ആരോപണം ശക്തമാണ്.