തിരുവനന്തപുരം: കെഎസ്ആർടിസിയെ രക്ഷിക്കാൻ ശക്തമായ നടപടികളുമായി പുതുതായി എംഡി സ്ഥാനം ഏറ്റെടുത്ത ടോമിൻ തച്ചങ്കരി മുന്നോട്ടുപോകുന്നതിനിടെ അതിന് തുരങ്കംവയ്ക്കാൻ ഉദ്യോഗസ്ഥ ഭരണതലത്തിൽ നീക്കം സജീവമായി. യൂണിയൻ നേതാക്കളുടെ നേതൃത്വത്തിൽ ആണ് തച്ചങ്കരിയുടെ ഉത്തരവുകൾതന്നെ അട്ടിമറിക്കപ്പെടുംവിധം തന്ത്രങ്ങൾ മെനയുന്നത്. കെഎസ്ആർടിസിയിൽ അദർ ഡ്യൂട്ടി ഇല്ലാതാക്കാൻ തച്ചങ്കരി കഴിഞ്ഞദിവസം നടപടികൾ നിർദ്ദേശിച്ചിരുന്നു.

ഇതിനായി ജോലിക്കുകയറിയ തസ്തികയിൽ അല്ലാതെ മറ്റു തസ്തികകളിൽ ഇപ്പോൾ ജോലി ചെയ്യുന്നവരെയെല്ലാം അതത് തസ്തികയിലേക്ക് തന്നെ തിരിച്ചുകൊണ്ടുവരാനാണ് നിർദ്ദേശം നൽകിയത്. എന്നാൽ ഇതിന്റെ മറവിൽ വേണ്ടപ്പെട്ടവരെ അവർ ഇരിക്കുന്ന സ്ഥലത്തുതന്നെ തുടരാനുള്ള നടപടികൾ സ്വീകരിച്ചും ജോലി ചെയ്യാനാവാതെ അവശതയുള്ളതിനാലും മറ്റും മുൻകാലങ്ങളിൽ ഓഫീസ് ഡ്യൂട്ടിയിലേക്ക് മാറ്റം നൽകിയവരെ ഉപദ്രവിക്കാനും ഉള്ള നീക്കങ്ങളാണ് നടക്കുന്നത്. ഇതോടെ തച്ചങ്കരിയുടെ നിർദ്ദേശം ഈ അവശത അനുഭവിക്കുന്നവരെ ദ്രോഹിക്കുന്നതാണെന്ന് വരുത്താനും അതുവഴി എംഡിയുടെ തീരുമാനത്തിനെതിരെ ജീവനക്കാർക്ക് പ്രതിഷേധമുണ്ടാക്കുന്ന നില സൃഷ്ടിക്കാനുമാണ് ശ്രമം തുടങ്ങിയിട്ടുള്ളത്.

എംഡി ടോമിൻ ജെ തച്ചങ്കരിയാണ് ഷണ്ടിങ് ഡ്യൂട്ടിയും അദർ ഡ്യൂട്ടിയും ചെയ്യുന്നതിൽ നിന്ന് കണ്ടക്ടർമാരേയും ഡ്രൈവർമാരേയും വിലക്കിയിരുന്നു. ദിവസവും ഇരുന്നൂറോളം സർവീസുകൾ ജീവനക്കാരുടെ കുറവ് മൂലം മുടങ്ങുന്ന അവസ്ഥയിലാണ് ഇങ്ങനെ ഒരു തീരുമാനം ഉണ്ടായത്. ഷണ്ടിങ് ജോലികൾ ഇനി മുതൽ മെക്കാനിക്കൽ ജീവനക്കാർ എടുക്കണമെന്നും ഡ്രൈവിങ് അറിയുന്നവർ ഹെവിവെഹിക്കിൾ ലൈസൻസ് എടുക്കണമെന്നും എംഡി നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പുറമെ അദർഡ്യൂട്ടി ചെയ്യുന്ന മറ്റു ജീവനക്കാരെ അവർ പിഎസ് സി വഴി നിയമനം നേടിയ തസ്തികയിലേക്ക് തന്നെ തിരിച്ചെത്തിക്കാൻ ലിസ്റ്റ് ആവശ്യപ്പെട്ടിരിക്കുകയുമാണ്.

ഇതിന്റെ മറവിലാണ് ആദ്യഘട്ടത്തിൽ അവശത അനുഭവിക്കുന്നതുമൂലം അദർഡ്യൂട്ടിക്ക് അപേക്ഷ നൽകി അങ്ങനെ ജോലിചെയ്യുന്നവരെ ഉപദ്രവിക്കാൻ നീക്കം നടത്തുന്നത്. അതേസമയം, ചീഫ് ഓഫീസിൽ തന്നെ ഇത്തരത്തിൽ സ്വാധീനം ഉപയോഗിച്ചും യൂണിയൻ നോമിനികളായും പ്രവർത്തിക്കുന്നവരെ സംരക്ഷിക്കാനും ശ്രമം സജീവമായി. ആദ്യഘട്ടത്തിൽ രോഗബാധയും അവശതയും ഉള്ളവരെ മാറ്റാൻ നോക്കിയാൽ അത് ജീവനക്കാർക്കിടയിൽ പ്രതിഷേധത്തിന് കാരണമാകും. ഇതോടെ അദർഡ്യൂട്ടിക്കാരെ മാറ്റുന്ന നീക്കം ഉപേക്ഷിക്കേണ്ടിയുംവരും. മുൻകാലങ്ങളിലും ഇതേ തന്ത്രം പയറ്റിയിരുന്നു. അതിന്റെ തനിയാവർത്തനമാണ് ഇപ്പോഴും നടക്കുന്നതെന്നാണ് മറുനാടന് ലഭിക്കുന്ന വിവരം.

ഇത്തരത്തിൽ അദർ ഡ്യൂട്ടി ചെയ്യുന്നവരുടെ ലിസ്റ്റ് ഓരോ സെക്ഷനിൽ നിന്നും സോണൽ ഓഫീസുകളിൽ നിന്നും തേടിയിട്ടുണ്ട്. എംഡിയുടെ നിർദ്ദേശ പ്രകാരം ആണ് അഡ്‌മിനിസ്‌ട്രേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ശ്രീകുമാർ നിർദ്ദേശം നൽകിയിട്ടുള്ളത്. എന്നാൽ ചീഫ് ഓഫീസിലെ മറ്റ് ഡയറക്ടർമാർ ഇതിന് മറുപടി നൽകിയിട്ടുപോലുമില്ല. ചീഫ് ഓഫീസിൽ തന്നെ പലരുടേയും വേണ്ടപ്പെട്ടവരായി അദർഡ്യൂട്ടി വാങ്ങി ജോലിചെയ്യുന്ന നിരവധി പേരുണ്ട്. ഇവരെ മാറ്റാതെ ശാരീരിക അവശത ബാധിച്ചവരെ മാറ്റാൻ നീക്കം നടത്തുന്നതാണ് ഇപ്പോൾ ചർച്ചയാകുന്നത്.

സ്വാധീനത്തിന്റെ ബലത്തിൽ വർഷങ്ങളായി ചീഫ് ഓഫീസിൽ കസേരയുറപ്പിച്ച കണ്ടക്ടർമാരും ഡ്രൈവർമാരും നിരവധിയാണ്. സിറ്റി യൂണിറ്റിലെ കണ്ടക്ടറായി നിയമിതനായ പി ചന്ദ്രശേഖരൻ ഇപ്പോൾ അപ്പീൽ സെക്ഷനിലാണ് ജോലി ചെയ്യുന്നത്. അപ്പീൽ സെക്ഷനിൽ കണ്ടക്ടർക്ക് എന്തുകാര്യമെന്നാണ് ഉയരുന്ന ചോദ്യം. സെക്രട്ടേറിയറ്റിലെ ജിഎഡി സെക്ഷനിലെ അഡീഷണൽ സെക്രട്ടറിയായ ബന്ധുവിന്റെ പിൻബലത്തിലാണ് ഇയാൾ ഈ സ്ഥാനത്ത് തുടരുന്നത്. മുൻ മന്ത്രി ശിവകുമാറിന്റെ അടുത്ത ബന്ധുവായ പാറശ്ശാലയിലെ കണ്ടക്ടറായ ഹരിപ്രസാദ് ഇപ്പോൾ ഇരിക്കുന്നത് ചീഫ് ഓഫീസിൽ പേഴ്‌സണൽ സെക്ഷനിൽ. കോതമംഗലത്തെ കണ്ടക്ടർ ആയ രാജീവും ഇതേ സെക്ഷനിലുണ്ട്. നെയ്യാറ്റിൻകര മുൻ എംൽഎ തങ്കരാജിന്റെ അടുത്ത ബന്ധുവാണ് ഇയാൾ. ഓപ്പറേഷൻസ് എക്‌സിക്യുട്ടീവ് ഡയറക്ടർ അനിൽകുമാറിന്റെ അടുത്ത ബന്ധുവായ കായംകുളത്തെ കണ്ടക്ടർ പെൻഷൻ സെക്ഷനിലാണ് ജോലി ചെയ്യുന്നത്.

സമാന രീതിയിൽ നിരവധി പേരാണ് ലോ സെക്ഷനിൽ കയറിക്കൂടിയിട്ടുള്ളത്. പാപ്പനംകോട് ഡിപ്പോയിൽ കണ്ടക്ടറായിരുന്ന രാധാകൃഷ്ണൻ ദേശാഭിമാനിയുടെ ഒരു എഡിറ്ററുടെ അടുത്ത ബന്ധുവായ ഇയാൾ ഇപ്പോൾ ലോ സെക്ഷനിലാണ്. സ്യൂട്ട് അസിസ്റ്റന്റായാണ് ഇപ്പോൾ പ്രവർത്തനം. നെയ്യാറ്റിൻകരയിൽ കണ്ടക്ടറായ ടി വിജിയും കേസുകളിൽ സഹായിക്കുന്ന സ്യൂട്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് എത്തി. സിറ്റി യൂണിറ്റിലെ കണ്ടക്ടർ ശ്യാംകുമാറും ഇതേ സ്ഥാനത്തുതന്നെ. വിജി എൻഎസ്എസിന്റെ നോമിനിയും ശ്യാംകുമാർ ആകട്ടെ മുൻ എംഎൽഎ വി ശിവൻകുട്ടിയുടെ ബന്ധുവുമാണ്. കൊല്ലത്തെ കണ്ടക്ടറായ ഗിരീഷ്‌കുമാറും സ്യൂട്ട് അസിസ്റ്റന്റ് തന്നെ. ഗതാഗത സെക്രട്ടറി ജ്യോതിലാലിന്റെ അടുത്ത സുഹൃത്തിന്റെ മകനാണ്. പാപ്പനംകോട്ടെ തന്നെ കണ്ടക്ടറായ സുധീർ സിഐടിയു നോമിനിയെന്ന പേരിലും വിഴിഞ്ഞത്തെ കണ്ടക്ടറായ സന്തോഷ്‌കുമാർ ഐഎൻടിയുസി നോമിനി എന്ന നിലയിലും ലീഗൽ സെക്ഷനിൽ തന്നെ ജോലി ചെയ്യുന്നു.

ലീഗൽ സെക്ഷനിൽ നിയമനം കിട്ടാൻ നിയമബിരുദം വേണം. എന്നാൽ കറസ്‌പോണ്ടൻസ് കോഴ്‌സ് വഴിയും മറ്റും നിയമബിരുദങ്ങൾ നേടിയാണ് പലരും കണ്ടക്ടറായും മറ്റും കയറിയ ശേഷം ഇത്തരത്തിൽ നിയമനം ഒപ്പിച്ച് ഓഫീസുകളിൽ പ്രവർത്തിക്കുന്നത്. നേരിട്ട് എൽഎൽബി പഠിച്ചവരെ നിയമിക്കേണ്ട ത്‌സ്തികകളിലാണ് ഇവർ കയറിക്കൂടിയിട്ടുള്ളതെന്നാണ് ആക്ഷേപം.

സമാന രീതിയിൽ ടൈംടേബിൾ സെല്ലിലും യൂണിയൻ നോമിനികൾ കയറിക്കൂടിയിട്ടുണ്ട്. കണ്ടക്ടർമാരായ ഷാഹുൽ സിഐടിയുവിന്റെയും ജയചന്ദ്രൻ ഐഎൻടിയുസിയുടേയും നോമിനികളായി പ്രവർത്തിക്കുന്നു. ഐഎൻടിയുസി അസോസിയേഷന്റെ സ്‌റ്റേറ്റ് ട്രഷറർ കൂടിയാണ് ജയചന്ദ്രൻ. കെഎസ്ആർടിസി ഇൻസ്‌പെക്ടർമാരെ മാത്രമേ ഇരുത്താവൂ എന്ന് നിബന്ധനയുള്ള കൺട്രോൾ റൂമിലും കണ്ടക്ടർമാരായ സിനു, ശങ്കർ എന്നിവരാണ് ഉള്ളത്. ഫോൺ അറ്റൻഡ് ചെയ്യാൻ എന്ന പേരിലാണ് ഇവരെ ഇവിടെ പ്രതിഷ്ഠിച്ചിട്ടുള്ളത്. എംഡിയുടെ എക്‌സിക്യുട്ടീവ് സെക്രട്ടറി ഷറഫ് മുഹമ്മദിന്റെ ഓഫീസിലും മഞ്ജു എന്ന വനിതാ കണ്ടക്ടറെ ഡ്യൂട്ടിക്കായി നിയമിച്ചിട്ടുണ്ട്. മുൻ ജനറൽ മാനേജർ വേണുഗോപാലിന്റെ പരിചയത്തിന്റെ പേരിലാണ് ഇവരുടെ ഡ്യൂട്ടി ഇവിടെ നിശ്ചയിച്ചിട്ടുള്ളത്.

ചീഫ് ഓഫീസിൽ തന്നെയാണ് ഇത്രയും അദർഡ്യൂട്ടിക്കാർ ഇപ്പോഴേ ഉള്ളത്. വർഷങ്ങളായി സ്ഥാനചലനം ഇല്ലാതെ പ്രവർത്തിക്കുന്നവരാണ് ഭൂരിഭാഗവും. സമാനമായ രീതിയിൽ മറ്റ ഓഫീസുകളിലും സോണൽ ഓഫീസുകളിലുമെല്ലാം ഇത്തരത്തിൽ സ്വാധീനംവച്ച് പ്രവർത്തിക്കുന്ന അദർ ഡ്യൂട്ടിക്കാർ നിരവധിയുണ്ട്. ഇവരിൽ ചെറിയൊരു വിഭാഗം പക്ഷ, ശാരീരിക അവശതമൂലവും രോഗംമൂലവുമെല്ലാം അദർ ഡ്യൂട്ടിക്ക് അപേക്ഷ നൽകി അങ്ങനെ മാറിയവരാണ്. സ്വാധീനത്തിന്റെ പിൻബലത്തിൽ പല സ്ഥലത്തും അദർഡ്യൂട്ടി വാങ്ങി കുറ്റിയടിച്ച് ഇരിക്കുന്നവരെയാണ് ആദ്യം മാറ്റേണ്ടതെന്നാണ് കെഎസ്ആർടിസി രക്ഷപ്പെടണമെന്ന് വാദിക്കുന്നവർ മുന്നോട്ടുവയ്ക്കുന്ന പ്രധാന നിർദ്ദേശം.

കെഎസ്ആർടിസി നന്നാവണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇതിൽ ജോലിചെയ്യുന്ന ഭൂരിഭാഗംവരുന്ന കണ്ടക്ടർമാരും ഡ്രൈവർമാരും ഉൾപ്പെടെയുള്ള ജീവനക്കാർ. എന്നാൽ ഇതിന് വിലങ്ങുതടിയായി നിൽക്കുന്നത് കേവലം ഇരുന്നൂറിൽ താഴെമാത്രം വരുന്ന ജീവനക്കാരാണ്. അധിക ശമ്പളം പോലും ഇല്ലാതെ പല ഡിപ്പോകളുടേയും ചുമതലകൾ വഹിക്കുന്ന കണ്ടക്ടമാർ ഉണ്ട്. എന്നാൽ സൂപ്രണ്ട് തലംതൊട്ട് മേലോട്ട് പ്രവർത്തിക്കുന്ന പലരും ഈ ചുമതലകൾ ഏറ്റെടുക്കാതെ യൂണിയൻ പ്രവർത്തനങ്ങളുമായി തന്നിഷ്ടപ്രകാരം പ്രവർത്തിക്കുന്നു.

ഇവരാണ് യഥാർത്ഥത്തിൽ കെഎസ്ആർടിസി മെച്ചപ്പെടാതിരിക്കാൻ ചരടുവലികൾ നടത്തുന്നതെന്നാണ് ജീവനക്കാർ തന്നെ പറയുന്നത്. സ്വാധീനംവച്ചും മറ്റും വേണ്ടപ്പെട്ട സ്ഥലത്ത് നിയമനം ഉറപ്പാക്കിയും ജീവനക്കാരെ ദ്രോഹിക്കുന്നതിന് ഉൾപ്പെടെ കൂട്ടുനിന്നും വിരട്ടി കാര്യം സാധിച്ചുവരുന്ന ഈ താപ്പാനകൾക്ക് നേരെ ഇപ്പോൾ നടപടിയുണ്ടാകുമോ എന്ന ചോദ്യമാണ് തച്ചങ്കരി ചുമതലയേറ്റതിന് പിന്നാലെ ഉയരുന്നതും. അങ്ങനെ നടന്നാൽ കോർപ്പറേഷൻ രക്ഷപ്പെടാൻ സാധ്യത തെളിയുമെന്ന് കോർപ്പറേഷനിൽ ഉള്ളവർ തന്നെ വ്യക്തമാക്കുന്നു. എന്നും കോർപ്പറേഷന് ബാധ്യതയായി മാറുന്ന ഈ ഉദ്യോഗസ്ഥ ലോബിതന്നെയാണ് ഇപ്പോഴും തച്ചങ്കരിയുടെ നീക്കങ്ങൾ അട്ടിമറിക്കാനുള്ള നീക്കവുമായി രംഗത്തുള്ളത്.

(ലോക തൊഴിലാളി ദിനവും മറുനാടൻ കുടുംബമേളയും പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ (മെയ് 1) മറുനാടൻ മലയാളി യിൽ പ്രധാന വാർത്തകൾ മാത്രം അപ്‌ഡേറ്റ് ചെയ്യുന്നതാണ്)
)