ഡബ്ലിൻ: ഡബ്ലിൻ മേഖലയിലെ വീടുകളിൽ തുടർച്ചയായി ആറാം ആഴ്ചയും വീടുകൾ കൊള്ളയടിക്കപ്പെടുന്നത് വർധിക്കുന്നതിൽ ഗാർഡ ആശങ്ക പ്രകടിപ്പിച്ചു. ഡബ്ലിനിൽ ദിവസേന 54 വീടുകൾ കൊള്ളയടിക്കപ്പെടുന്നതായാണ് റിപ്പോർട്ട്. ഗ്രേറ്റർ ഡബ്ലിൻ മേഖലകളിലാണ് വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുന്ന സംഘം വിളയാടുന്നതെന്ന് ഗാർഡ വെളിപ്പെടുത്തി.

തുടർച്ചയായി ആറാം ആഴ്ചയും ഈ മേഖലകളിൽ വീടു കുത്തിത്തുറന്ന് മോഷണം നടത്തുന്ന സംഭവം വർധിച്ചുവരികയാണ്. ക്രിസ്മസ് സീസൺ അടുത്തതോടു കൂടി മോഷണം ഈ മേഖലകളിൽ പതിവായി. മുൻ ആഴ്ച അപേക്ഷിച്ച് ഈയാഴ്ച കൊള്ളയടിക്കപ്പെട്ട വീടുകളുടെ എണ്ണം 325 ആയി ഉയർന്നിരിക്കുകയാണ്. കഴിഞ്ഞാഴ്ച ഇത് 133 ആയിരുന്നു. ഇത്തരത്തിൽ ഈ വർഷം ഡബ്ലിനിൽ തന്നെ 11,000 വീടുകളിൽ കൊള്ള നടന്നുവെന്നാണ് ഗാർഡ ചൂണ്ടിക്കാട്ടുന്നത്.

വീടുകൾ കുത്തിത്തുറന്ന് കൊള്ള നടത്തുന്ന സംഘത്തിനെതിരേ മേഖലകൾ തിരിച്ചുള്ള പ്രവർത്തനം നടത്തണമെന്ന് ഗാർഡ കമ്മീഷണർ നോയ്‌റീൻ ഒ സുള്ളിവൻ നിർദേശിച്ചിട്ടുണ്ട്. അടുത്ത കാലത്തായി അയർലണ്ടിലെ ഗാർഡകളുടെ എണ്ണത്തിൽ വന്ന കുറവും കൊള്ളയടി ട്രെൻഡിന് ആക്കം കൂട്ടിയിരിക്കുകയാണ്.  കഴിഞ്ഞ ആറു വർഷത്തിൽ തന്നെ ഗാർഡകളുടെ എണ്ണത്തിലുണ്ടായ കുറവ് പരിഹരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് സർക്കാരിപ്പോൾ.

ഓരോ വർഷവും ഗ്രേറ്റർ ഡബ്ലിൻ മേഖലയിൽ വീടുകൾ കൊള്ളയടിക്കപ്പെടുന്നത് വർധിച്ചുവരികയാണെന്നും റിപ്പോർട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 15 ശതമാനം കൊള്ളയാണ് ഈ വർഷം നടന്നിരിക്കുന്നത്. അതേ സമയം കൊള്ളക്കാരെ നേരിടുന്ന കാര്യത്തിൽ 11.8 ശതമാനം പിന്നോക്കം പോയിരിക്കുകയാണ്. ഗാർഡ നിയമനത്തിൽ വന്ന അലംഭാവം തന്നെയാണ് കൊള്ളക്കാരെ വളർത്തുന്നതിൽ മുമ്പന്തിയിൽ നിൽക്കുന്നതെന്നാണ് വിലയിരുത്തുന്നത്. ഗാർഡ നിയമനം ശക്തമായ രീതിയിൽ മുന്നോട്ടുപോയില്ലെങ്കിൽ പുതുവത്സരത്തിൽ കൊള്ളയടിക്കപ്പെടുന്ന വീടുകളുടെ എണ്ണം ഇതിലും ഇരട്ടിയായി വർധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.