ഡബ്ലിൻ: ഉൾപ്രദേശങ്ങളെ അപേക്ഷിച്ച് തലസ്ഥാനത്ത് മോഷണ നിരക്ക് വർധിച്ചുവരുന്നതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് റിപ്പോർട്ട്. മറ്റു മേഖലകളെക്കാൾ 80 ശതമാനത്തിലധികം കവർച്ചയാണ് ഡബ്ലിനിൽ അരങ്ങേറുന്നത്. 2007-ൽ പൊതുവേ മോഷണ നിരക്ക് കുറഞ്ഞു നിന്നിരുന്നതാണെങ്കിലും ഇപ്പോഴത് അഞ്ചിരട്ടിയായി വർധിച്ച അവസ്ഥയിലാണ്.

കഴിഞ്ഞ എട്ടുവർഷ കാലയളവിനുള്ളിൽ ഡബ്ലിനിലെ മോഷണ നിരക്കിൽ വൻ വർധനയാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വർഷം തന്നെ വെസ്റ്റ് ഡബ്ലിനിൽ 2297 കവർച്ചകൾ നടന്നുവെന്നാണ് കണക്ക്. 2007-ൽ കവർച്ചാ കേസുകളുടെ എണ്ണം 1360 ആയിരുന്നതാണ് 2297 ആയി വർധിച്ചിരിക്കുന്നത്. 69 ശതമാനം വർധനയാണ് ഇവിടെ തന്നെ രേഖപ്പെടുത്തുന്നത്. ഈസ്റ്റ് ഡബ്ലിനിലാകട്ടെ ഇക്കാര്യത്തിൽ 60 ശതമാനം വർധനയാണ് ഉണ്ടായിട്ടുള്ളത്.

ലവോയിസ്-ഓഫാലിയിൽ 2007-സ് 655 കവർച്ചാ കേസുകൾ നടന്ന സ്ഥാനത്ത് കഴിഞ്ഞ വർഷം 1066 കവർച്ചകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദശാബ്ദത്തിൽ 2007-ലായിരുന്നു കവർച്ചാ കേസുകൾ ഏറ്റവും കുറവ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. സംസ്ഥാനത്തൊട്ടാകെ മൊത്തം 23,053 മോഷണക്കേസുകൾ മാത്രമായിരുന്നു അന്ന് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ അതേ സ്ഥാനത്ത് ഇപ്പോൾ 26,666 മോഷണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

ഡബ്ലിനിലെ എല്ലാ ഡിവിഷനുകളിലും ഇത്തരത്തിൽ മോഷണക്കുറ്റങ്ങളിൽ ഏറെ വർധനയാണ് കണ്ടുവരുന്നതെന്നും സിഎസ്ഒ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. രാജ്യവ്യാപകമായി കവർച്ചാക്കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇത് അടുത്ത പൊതുതെരഞ്ഞെടുപ്പിൽ ഒരു വിഷയമായി അവതരിപ്പിക്കണമെന്നും അഭിപ്രായമുയർന്നിട്ടുണ്ട്.