ന്യൂഡൽഹി: കാശ്മീരിലെ അനന്ത് നാഗിൽ വച്ചുണ്ടായ ഏറ്റുമുട്ടലിൽ സൈന്യത്തിന്റെ വെടിയേറ്റു മരിച്ച ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ബുർഹാൻ വാണി കൊല്ലപ്പെടുന്നതിന് ് ദിവസങ്ങൾക്കു മുമ്പ് ലഷ്‌കർ ഇ തയ്ബയുടെ മോസ്റ്റ് വാണ്ടഡ് ഭീകരനായ ഹാഫിസ് മുഹമ്മദുമായി സംസാരിക്കുകയും 'പൊതു ശത്രു' വിനെതിരായ പോരാട്ടത്തിന് അനുഗ്രഹം തേടുകയും ചെയ്തതായി റിപ്പോർട്ട്. 

വാണി ഭീകരപ്രവർത്തനത്തിന് ഫണ്ട് സ്വരൂപിക്കുന്നതിനായി പാക്കിസ്ഥാനിലെ ചില കേന്ദ്രങ്ങൾ സന്ദർശിച്ചിരുന്നതായും വാണിയും പാക്കിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സയീദുമായി നടന്ന സംഭാഷണം പുറത്തുവിട്ടുകൊണ്ട് സിഎൻഎൻ റിപ്പോർട്ടുചെയ്തു.

ഇതിൽ കാശ്മീർ വിഷയത്തിലും മതത്തിനുവേണ്ടിയുമുള്ള പോരാട്ടങ്ങൾക്ക് എല്ലാ സഹായവും സയീദ് വാഗ്ദാനം ചെയ്യുന്നുണ്ട്. താൻ സയീദുമായി സംസാരിക്കാൻ ഏറെക്കാലമായി ആഗ്രഹിച്ചിരിക്കുകയായിരുന്നു എന്നും ഇപ്പോൾ ദൈവം പ്രാർത്ഥന കേട്ടുവെന്നും ബുർഹാൻ വാണി പറയുന്നുണ്ട്. ഈ സംഭാഷണത്തിനു ശേഷം കാശ്മീരിലെ ലഷ്‌കർ കമാൻഡൽ അബു ദുജാനയ്ക്ക് സയീദ് സന്ദേശവും അയച്ചിരുന്നു.

ഇതോടെ കാശ്മീർ വിഷയത്തിൽ ലഷ്‌കർ, ഹിസ്ബുൾ സംഘടനകൾ ഒരുമിച്ച് ഇന്ത്യക്കെതിരെ ആക്രമണം നടത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നുവെന്ന് വ്യക്തമാവുകയാണ്. പാക്കിസ്ഥാനിൽ ഇരിക്കുന്ന നേതാക്കൾ ആസൂത്രണം ചെയ്യുന്നതിന് അനുസരിച്ചാണ് ഇരു സംഘടനകളും കാശ്മീരിൽ ഭീകരാക്രമണങ്ങൾ നടത്തിയിരുന്നത്. കാശ്മീരിനെ ഇന്ത്യയിൽ നിന്ന് സ്വതന്ത്രമാക്കുന്ന പോരാട്ടങ്ങൾക്ക് ഹിസ്ബുളിന് ലഷ്‌കർ എല്ലാ സഹായവും ചെയ്തുവന്നിരുന്നു.

താനൊരു മുതിർന്ന ഹിസ്ബുൾ നേതാവാണ് എന്ന് സ്ഥാപിക്കാനുള്ള വാണിയുടെ ശ്രമം ഈ സംഭാഷണത്തിൽ നിന്ന് വ്യക്തമാണെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ വിലയിരുത്തുന്നു. വാണി മതത്തിൽ അധിഷ്ഠിതമായ ജിഹാദിലും ഖിലാഫത്തിലുമാണ് കൂടുതലായി വിശ്വസിച്ചിരുന്നത്. കാശ്മീരിന്റെ മോചനമെന്നത് പ്രഥമ ലക്ഷ്യമായിരുന്നില്ല. ജമ്മുവിലെ പൊലീസുകാർക്കു നേരെ ആക്രമണം നടത്തുന്ന കാര്യത്തിൽ ഹിസ്ബുൾ നേതൃത്വത്തിൽ വാണിയും മറ്റുള്ളവരുമായി അഭിപ്രായ ഭിന്നതയും ഉണ്ടായിരുന്നു.

നിങ്ങൾ വളരെ വിഷമം നിറഞ്ഞ സാഹചര്യത്തിലാണ് ജീവിക്കുന്നതെന്ന് ഞങ്ങൾക്കറിയാമെന്നും പക്ഷേ, പരിഭ്രമിക്കേണ്ടതില്ലെന്നും ഏത് അടിയന്തിര ഘട്ടത്തിലും ഞങ്ങൾ സഹായമെത്തിക്കുമെന്നും വാണിക്ക് ലഷ്‌കർ നേതാവ് വാഗ്ദാനം നൽകുന്നുണ്ട്. ലഷ്‌കർ മതത്തിൽ അധിഷ്ഠിതമായ ജിഹാദിലാണ് വിശ്വസിക്കുന്നതെങ്കിൽ ഹിസ്ബുളിന്റെ പ്രവർത്തനം പ്രാദേശിക നേതാക്കളുമായി ചേർന്ന് കാശ്മീരിന്റെ മോചനത്തിനായി പരിശ്രമിക്കുകയാണ്. ഈ ആശയവ്യത്യാസങ്ങൾ മറന്ന് പൊതുശത്രുവിനെതിരെ ഒരുമിക്കാമെന്ന ആഹ്വാനമാണ് ഈ സന്ദേശം വ്യക്തമാക്കുന്നതെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നു.

ഇത്തരത്തിൽ നടത്തുന്ന ആക്രമണങ്ങൾക്ക് വേണ്ട ആയുധമുൾപ്പെടെയുള്ള എല്ലാ സഹായങ്ങ ളും നൽകുമെന്നും ഒരുമിച്ച് പ്രവർത്തിക്കാമെന്നും ഇരുവരും തമ്മിലുള്ള സംഭാഷണത്തിൽ പറയുന്നുണ്ട്. എന്നാൽ ഇതിനു പിന്നാലെയാണ് ഇന്ത്യൻ സൈന്യവുമായി നടക്കുന്ന ഏറ്റുമുട്ടലിൽ ബുർഹാൻ വാണി വെടിയേറ്റ് മരിക്കുന്നതും കാശ്മീർ താഴ്‌വരയിൽ സൈന്യവും ജനവുംതമ്മിൽ നേർക്കുനേർ പോരാടുന്ന സാഹചര്യം ഉണ്ടാവുന്നതും.