ദുബായ്: ഒരു കാലത്ത് ഇസ്ലാമിക ലോകത്തിന്റെ എണ്ണപ്പെട്ട ശത്രുവെന്നാണ് സ്വന്തം രാജ്യത്തെ തന്നെ ഒരു കൂട്ടർ നരേന്ദ്ര മോദിയെ വിശേഷിപ്പിച്ചത്. പിന്നീട് ഇങ്ങനെ വിമർശനം ഉന്നയിച്ചവർ തന്നെ അദ്ദേഹത്തെ പുകഴ്‌ത്തിപ്പാടാൻ ക്യൂ നിന്നു. ഇപ്പോൾ മൂന്ന് പതിറ്റാണ്ടിന് ശേഷം യുഎഇ സന്ദർശിക്കാൻ ഒരു ഇന്ത്യൻ പ്രധാനമന്ത്രി എത്തുമ്പോൾ യുഎഇ ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിൽ ഒരു ഉജ്ജ്വല സ്വീകരണം ഒരുക്കാൻ തയ്യാറായി. ലോകത്തിന് മുമ്പിൽ യുഎഇയുടെ അഭിമാനമായ ബുർജ് ഖലീഫയും ഇന്ത്യൻ പ്രധാനമന്ത്രിയുടെ വരവിനോട് അനുബന്ധിച്ച് ത്രിവർണ്ണം പുതയ്ക്കുമെന്നത് വാർത്തയുമായി. മോദിക്ക് യുഎഇയിൽ എല്ലാ വിധ അംഗീകരാവും കിട്ടി. എന്നാൽ സ്വാതന്ത്ര്യ ദിനത്തോട് ചേർന്ന് മോദി നടത്തിയ സന്ദർശനത്തിൽ പക്ഷേ ബുർജ് ഖലീഫ ത്രിവർണ്ണമണിഞ്ഞില്ല. ഇത് വിവാദവും ചർച്ചയുമായി.

എന്നാൽ ഇപ്പോൾ അതെല്ലാം പഴംങ്കഥ. മോദിയുടെ നാട്ടിലെ റിപ്പബ്ലിക് ദിനം യുഎഇയും ആഘോഷിക്കുകയാണ്. അതും ബുർജ് ഖലീഫയെന്ന വമ്പൻ കെട്ടിടത്തിന് ദേശീയ പതാകയുടെ നിറം നൽകിയും. ദുബായ് ഷെയ്ഖ് സായിദ് റോഡിനടുത്തെ ഡൗൺടൗണിൽ സ്ഥിതി ചെയ്യുന്ന ലോക വിനോദ സഞ്ചാരികളുടെ ആകർഷണ കേന്ദ്രമായ ബുർജ് ഖലീഫയ്ക്ക് 828 മീറ്റർ (2,716.5 അടി) ഉയരമാണുള്ളത്. അതുകൊണ്ട് തന്നെ റിപ്പബ്ലിക് ദിനത്തിൽ ദുബായിൽ എവിടെ നിന്ന് നോക്കിയാലും ഇന്ത്യൻ പതാകയെ കാണാം. അറുപത്തിയെട്ടാം റിപ്പബ്ലിക് ദിനമാഘോഷിക്കുന്ന ഇന്ത്യയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫ ഇന്ത്യൻ ത്രിവർണ പതാകയുടെ നിറമണിഞ്ഞത്.

അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ റിപ്പബ്ലിക് ദിനാഘാഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന വേളയിലാണ് ഇന്ത്യയോട് ആദരവ് കാണിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. മറ്റു രാജ്യങ്ങളുടെ വിശേഷ ദിവസങ്ങളിൽ ബുർജ് ഖലീഫ അതാത് രാജ്യത്തിന്റെ ദേശീയ പതാകയുടെ നിറങ്ങളണിയാറുണ്ടെങ്കിലും ഇന്ത്യൻ ത്രിവർണ പതാകയുടെ നിറമണിയുന്നത് ഇതാദ്യമായാണ്. ഇന്ത്യയും യുഎഇയും തമ്മിൽ വളരെ ദൃഢമായ ഉഭയകക്ഷി ബന്ധമാണുള്ളത്.

യുഎഇ സമയം വൈകിട്ട് 6.15നാണ് ബുർജ് ഖലീഫ ഇന്ത്യൻ ദേശീയ പതാകയുടെ നിറമണിഞ്ഞത്. ഇതു കാണാൻ മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാരും സ്വദേശികളും ഇതരരാജ്യക്കാരുമെത്തി. കെട്ടിടം വിദൂരത്തുപോലും ദൃശ്യമാകുന്നതിനാൽ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ വേഗം കുറച്ച് കാഴ്ച കണ്ടു. ഇന്ത്യൻ ദേശീയ പതാകയുടെ നിറം എൽഇഡി വെളിച്ചമുപയോഗിച്ചാണ് ബുർജ് ഖലീഫയിൽ പതിപ്പിക്കുന്നത്. ഇതോടൊപ്പം ഡൗൺടൗണിലെ ദുബായ് ഫൗണ്ടെയിനിൽ എൽഇഡി ഷോയും അരങ്ങേറും. ഇമാർ പ്രോപ്പർട്ടീസാണ് പരിപാടിക്കു നേതൃത്വം നൽകുന്നത്.

 ജനുവരി 27 നും ഇത് ആവർത്തിക്കും. ഇന്ത്യൻ ദേശഭക്തിഗാനങ്ങൾ ലൈറ്റ് ഷോയ്ക്ക് ഒപ്പമുണ്ടാവും. ഇന്ത്യൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് ബുർജ് ഖലീഫയിലെ ത്രിവർണ ലൈറ്റ് ഷോ.