ബെർലിൻ: രാജ്യത്ത് ബുർഖ നിരോധനവുമായി ബന്ധപ്പെട്ട് വിവാദം നിലനിൽക്കുന്ന സാഹചര്യത്തിൽ ഭാഗികമായി ബുർഖ നിരോധനത്തിന് ആഹ്വാനം ചെയ്തുകൊണ്ട് ആഭ്യന്തര മന്ത്രി തോമസ് ഡി മൈസീർ രംഗത്തെത്തി. സമൂഹത്തിന്റെ നിലനിൽപ്പിന് പരസ്പരം മുഖം വ്യക്തമാക്കേണ്ടത് ആവശ്യമാണെന്നും ഇതുസംബന്ധിച്ച് നിയമനിർമ്മാണം തന്നെ വേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി.

ജർമനി പോലെയുള്ള ഒരു കോസ്‌മോപൊളിറ്റൻ രാജ്യത്ത് മുഖം മുഴുവൻ മറച്ചുകൊണ്ട് ജീവിക്കാനാവില്ലെന്നും വാഹനമോടിക്കുമ്പോൾ, പൊതുസ്ഥലങ്ങളിൽ, രജിസ്ട്രി ഓഫീസ്, സ്‌കൂൾ, യൂണിവേഴ്‌സിറ്റികൾ, സിവിൽ സർവീസ്, കോടതി തുടങ്ങിയ സ്ഥലങ്ങളിൽ ബുർഖ ധരിക്കുന്നത് അഭികാമ്യമല്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം ചാൻസലർ ഏഞ്ചല മെർക്കലും ബുർഖ ധരിക്കുന്നതിനെ ശക്തമായി വിമർശിച്ചിരുന്നു.

ജർമനിയിൽ തീവ്രവാദ അക്രമങ്ങൾ പതിവായ സാഹചര്യത്തിലാണ് ബുർഖ നിരോധനത്തെ കുറിച്ച് പുനർചിന്തനം ഉണ്ടായത്. നിലവിൽ യൂറോപ്പിലെ ചില സ്ഥലങ്ങളിൽ ബുർഖ നിരോധനം നിലവിലുണ്ട്. ഫ്രാൻസിൽ അടുത്ത കാലത്ത് ഏതാനും നഗരങ്ങളിൽ ബുർഖ നിരോധിച്ചിരുന്നു.