മസ്‌കത്ത്: ഒമാനിൽ ഞായറാഴ്ച മുതൽ നിലവിൽവരുന്ന രാത്രിയാത്ര വിലക്കിന്റെ ഭാഗമായി മുവാസലാത്ത് ബസ് സർവിസുകൾ പുനഃക്രമീകരിച്ചു. മസ്‌കത്തിലെയും സലാലയിലെയും സിറ്റി ബസ് സർവിസുകൾ വൈകീട്ട് ആറുവരെ മാത്രമായിരിക്കുമെന്ന് മുവാസലാത്ത് അറിയിച്ചു. ഇന്റർസിറ്റി സർവിസുകളുടെ സമയക്രമവും പുനഃക്രമീകരിക്കും.

പരമാവധി വൈകീട്ട് ആറിനുമുമ്പ് ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയുന്ന രീതിയിലായിരിക്കും ഇന്റർസിറ്റി സർവിസുകൾ ക്രമീകരിക്കുക. ഫെറി സർവിസുകളുടെ സമയക്രമത്തിലും മാറ്റമുണ്ടാകും. മസ്‌കത്തിലും സലാലയിലും മാത്രമാണ് ഇപ്പോൾ സിറ്റി ബസ് സർവിസ് ഉള്ളത്. കഴിഞ്ഞ മാർച്ചിൽ പൊതുഗതാഗതം നിർത്തിവെച്ചശേഷം സുഹാറിലേത് പുനരാരംഭിച്ചിട്ടില്ല.

ഏപ്രിൽ എട്ടു വരെയാണ് രാത്രിയാത്ര വിലക്ക് നിശ്ചയിച്ചിട്ടുള്ളത്. രോഗവ്യാപനം കുറയാത്തപക്ഷം രാത്രി ലോക്ഡൗൺ നീട്ടാനോ അല്ലെങ്കിൽ സമ്പൂർണ ലോക്ഡൗണോ പൂർണമായ യാത്രവിലക്കോ ഏർപ്പെടുത്താൻ സാധ്യതയുണ്ട്.