ഷാർജ: ഷാർജയിലെ റോള ബസ് സ്‌റ്റേഷനേയും ദുബായ് എയർപോർട്ട് ടെർമിനൽ രണ്ടിനെയും ബന്ധിപ്പിച്ചുകൊണ്ട് പുതിയ ബസ് സർവ്വീസ് സേവനം ആരംഭിച്ചു. ജുബൈൽ ബസ് സ്റ്റേഷനിൽ നിന്നും ആരംഭിക്കുന്ന സർവ്വീസ് നഹ്ദാ റോഡിലൂടെയാണ് കടന്നുവരിക. ഏഴുസ്‌റ്റോപ്പുകളാണ് ബസിനുള്ളത്.

എല്ലാ ബുധനാഴ്ചകളിലുമാണ് ബസ് സർവ്വീസ്. 313ാം നമ്പർ ബസാണ് ഈ റൂട്ടിൽ സേവനം നടത്തുന്നത്. ദുബായിലേക്ക് രാവിലെ ആറ് മണി മുതൽ പുലർച്ചെ ഒന്നു വരെയും ഷാർജയിലേക്ക് രാവിലെ എട്ട് മുതൽ പുലർച്ചെ 2.50 വരെയുമാണ് ബസ് ഓടുക. 15 ദിർഹമാണ് നിരക്ക്. ജുബൈലിൽ നിന്ന് അൽ നഹ്ദ മെട്രോ സ്റ്റേഷൻ 10 ദിർഹം മതിയാകും.

ദുബായിൽ മെട്രോ, മിനിസ്ട്രി ഓഫ് മീഡിയ, നഹ്ദ, യൂണിയൻ കൂപ്പ്, ഫ്രീ സോൺ, ഫ്രീ സോൺ അറ്റ് ഖുദ്‌സ് റോഡ്, ദുബായ് ടെർമിനൽ എയർപോർട്ട് ടെർമിനൽ- 2 എന്നിവിടങ്ങളിലാണ് ബസ് നിർത്തുക. ഷാർജയിൽ കിങ് ഫൈസൽ റോഡിലെ ഈമാക്‌സ്, ഷാർജ സിറ്റി സെന്റർ, സഫീർ, അൻസാർ മാളുകൾ എന്നിവിടങ്ങളിലും ബസ് നിർത്തും.

ദുബായ് ഖിസൈസിലെ പ്രധാന ഇടങ്ങളിലാണ് ബസിന് സ്‌റ്റോപ്പുകൾ അനുവദിച്ചിട്ടുള്ളത്. ഇത് യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടും. ഈ ഭാഗത്ത് നിരവധി സർക്കാർ സ്ഥാപനങ്ങളും ആശുപത്രികളും കച്ചവട കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു. കൂടാതെ ദുബായിലെ പ്രധാന ഇടങ്ങളിലേക്ക് പോകാനും ഇത് പ്രയോജനപ്പെടും.

നിലവിൽ ടാക്‌സിയിൽ ഉയർന്ന നിരക്ക് നൽകിയാണ് പലരും ഷാർജയിൽ നിന്ന് ദുബായിലേക്കെത്തുന്നത്. ഇത് സാധാരണക്കാരായ പ്രവാസികൾക്ക് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു. എന്നാൽ പുതിയ സേവനം ആരംഭിച്ചതോടെ സാധാരണക്കാർക്ക് ഏറെ ആശ്വാസകരമാകും.