ഷാർജ: ടാക്സി നിരക്കിന് പിന്നാലെ ഷാർജയിൽ ബസ് യാത്രാ നിരക്ക് വർധിപ്പിച്ചു. ഒരു ദിർഹം മുതൽ മൂന്ന് ദിർഹം വരെയാണ് സിറ്റി, ഇന്റർസിറ്റി ബസുകളിലെ നിരക്ക് വർധന. പുതുക്കിയ നിരക്ക് ഡിസംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നതായി ഷാർജ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അഥോറിറ്റി അറിയിച്ചു.

സിറ്റി റൂട്ടുകളിൽ ഏഴ് ദിർഹമായിരുന്നിടത്ത് ഇനി എട്ട് ദിർഹമായിരിക്കും ഈടാക്കുക. സയർ കാർഡിൽ 5.5 ദിർഹത്തിന് പകരം ആറു ദിർഹം ഈടാക്കും. ഷാർജയിൽ നിന്നും അബുദാബി, അൽഐൻ എന്നിവിടങ്ങളിലേക്ക് മൂന്ന് ദിർഹത്തിന്റെ വർധനയാണ് വരുത്തിയിരിക്കുന്നത്. നേരത്തെ 30 ദിർഹമായിരുന്നിടത്ത് ഇനി 33 ദിർഹം ഈടാക്കും.

എന്നാൽ റാസൽഖൈമ, ഉമ്മുൽഖുവൈൻ എന്നിവിടങ്ങളിലേക്ക് രണ്ട് ദിർഹമാണ് വർധന.റാസൽഖൈമയിലേക്ക് 27ദിർഹവും , ഉമ്മുൽഖുവൈനിലേക്ക് 17 ദിർഹവും നൽകണം. അജ്മാനിലേക്ക് അഞ്ച് ദിർഹം ഉണ്ടായിരുന്നത് ആറ് ദിർഹമായും, ദുബൈ റാഷിദിയയിലേക്ക് 12 ദിർഹമായും കൂടി, ദുബൈ അന്താരാഷ്ട്ര വിമാനത്താവളം, അൽ ഖുസ് വ്യവസായ മേഖല, എമിറേറ്റ്‌സ് മാൾ, ജബൽ അലി എന്നിവിടങ്ങളിലേക്കുള്ള ചെലവ് ദിർഹമായിരിക്കും.

പുതിയ യാത്രാനിരക്കുകൾ ഇങ്ങനെ
ബ്രായ്ക്കറ്റിൽ പഴയ നിരക്ക്:- റാസൽ ഖൈമ- 27 (25), അജ്മാൻ - 6 (5), ഉമ്മുൽ ഖുവൈൻ - 17 (15), റാഷിദിയ - 12 (10), ദുബൈ ഇന്റർനാഷണൽ എയർപോർട്ട്, അൽകൂസ് ഇൻഡസ്ട്രിയൽ ഏരിയ, മാൾ ഓഫ് എമിറേറ്റ്സ്, ജബൽ അലി - 17 (15).