- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിന്ദു അമ്മിണിയെ അധിക്ഷേപിച്ച ബസ് ഡ്രൈവറെ ആദരിച്ച് കൊയിലാണ്ടി ഹിന്ദു സേവാ കേന്ദ്രം; ബിന്ദു അനാവശ്യമായി പ്രശ്നങ്ങളുണ്ടാക്കുകയായിരുന്നു; രാഖി കെട്ടിയ കൈ വെട്ടി മാറ്റുമെന്ന് തനിക്കെതിരെ ഭീഷണിയുണ്ടെന്ന് ഡ്രൈവർ; സെയ്ൻ ബസിലെ ഡ്രൈവർക്ക് പിന്തുണയുമായി സംഘപരിവാർ
കോഴിക്കോട്: ആക്ടിവിസ്റ്റും നിയമ അദ്ധ്യാപികയുമായ ബിന്ദു അമ്മിണിയെ അധിക്ഷേപിച്ച ബസ് ഡ്രൈവറെ ആദരിച്ച് കൊയിലാണ്ടി ഹിന്ദു സേവാ കേന്ദ്രം. സേവാ കേന്ദ്രം പ്രവർത്തകർ പൊന്നാട അണിയിച്ചാണ് ഡ്രൈവർ പ്രഗീതിനെ ആദരിച്ചത്. അതേസമയം ഹൈന്ദവ വിശ്വാസത്തെ അപമാനിക്കാൻ ശ്രമിച്ച ബിന്ദു ഡ്രൈവർക്കെതിരെ കള്ളപ്രചാരണം നടത്തുകയാണെന്ന് പറഞ്ഞ് ഡ്രൈവർക്ക് പിന്തുണയുമായി സംഘപരിവാർ പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്.
കണ്ണൂർ- കോഴിക്കോട് റൂട്ടിൽ സർവ്വീസ് നടത്തുന്ന സെയ്ൻ ബസിലെ ഡ്രൈവർ പ്രഗീതിനെതിരെയാണ് ബിന്ദു അമ്മിയുടെ പരാതി. പൊയിൽക്കാവ് നിന്നും ഞായറാഴ്ച രാത്രി എട്ടു മണിയോടെയാണ് ബസിൽ കയറിയതെന്നാണ് ബിന്ദു പറയുന്നത്. ഡ്രൈവർ കയ്യിൽ രാഖി കെട്ടിയ ആളായിരുന്നു. താൻ കയറിയപ്പോൾ തന്നെ ഡ്രൈവർ തന്നെ ശ്രദ്ധിച്ചിരുന്നു. വെങ്ങളം എത്തിയപ്പോൾ രണ്ടു യാത്രക്കാർ തന്റെ സീറ്റിന് സമീപം വന്നിരുന്നു. ഡ്രൈവർ അസ്ഥാനത്ത് അവരോടെന്ന പോലെ ഈ വർഷവും ശബരിമല പോകുന്നോ എന്ന് ചോദിച്ച് പരിഹാസപൂർവ്വം അശ്ലീല ചുവയോടെ തന്നെ നോക്കുകയായിരുന്നുവെന്ന് ബിന്ദു അമ്മിണി നൽകിയ പരാതിയിൽ പറയുന്നു.
അത് കഴിഞ്ഞു വെസ്റ്റ് ഹിൽ എത്തിയപ്പോഴാണ് പ്രശ്നം ഉണ്ടാവുന്നത്. ഇറങ്ങണം എന്നുപറഞ്ഞിട്ടും ബസ് നിർത്താതെ വളരെ ദൂരം കഴിഞ്ഞാണ് ബസ് നിർത്താൻ ഡ്രൈവർ തയ്യാറായത്. അതിനിടയിൽ എന്നെ അയാൾ തെറിയും പറഞ്ഞു. ഡ്രൈവർക്കെതിരെ ഞാൻ നടക്കാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും ബിന്ദു ഫേസ്ബുക്കിൽ കുറിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സഹിതമാണ് ബിന്ദു തന്റെ അനുഭവം വിവരിച്ചിരിക്കുന്നത്.
എന്നാൽ ബിന്ദു അമ്മിണി ഇല്ലാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നാണ് ഡ്രൈവർ വ്യക്തമാക്കുന്നത്. പൊയിൽക്കാവിൽ നിന്നും കയറിയ ബിന്ദു പൂക്കാട് എത്തിയത് മുതൽ ബസിന് വേഗത കുറവുണ്ടെന്ന് പറഞ്ഞ് പ്രശ്നമുണ്ടാക്കാൻ തുടങ്ങി. ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇങ്ങനെ പോയാൽ പോര എന്നെല്ലാമാണ് അവർ പറഞ്ഞുകൊണ്ടിരുന്നതെന്ന് ഡ്രൈവർ പറയുന്നു. കുറച്ചു കഴിഞ്ഞപ്പോൾ സുഹൃത്തുക്കളായ രണ്ട് ഡ്രൈവർമാർ ബസിൽ കയറി. അവർ ഇത്തവണ ശബരിമലയക്ക് പോകുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ അവരോട് മറുപടിയായാണ് ശബരിമലയുടെ കാര്യം പറഞ്ഞത്. ഇതോടെയാണ് അവർ അസ്വസ്ഥയായത്.
അവർക്ക് ഇറങ്ങേണ്ട വെസ്റ്റ്ഹിൽ കഴിഞ്ഞപ്പോഴാണ് അവർ വെസ്റ്റ്ഹില്ലിൽ ഇറങ്ങണം എന്നു പറയുന്നത്. സ്റ്റോപ്പ് കഴിഞ്ഞെന്ന് പറഞ്ഞപ്പോൾ ഉടൻ നിർത്താൻ ആവശ്യപ്പെട്ടു. വണ്ടിയപ്പോൾ ഒരു ഓട്ടോയെ കടന്നുപോകുകയായിരുന്നു. സൈഡാക്കി നിർത്തിത്തരാം എന്നു പറഞ്ഞപ്പോൾ അവർ അനാവശ്യമായി പ്രശ്നങ്ങൾ തുടങ്ങുകയായിരുന്നു. ഞാനാരാണെന്ന് നിനക്കറിയില്ല. നിന്നെ ഞാൻ കോടതി കയറ്റും. നീ സംഘിയാണ് അതാണ് ഇത്തരം സ്വഭാവം എന്നൊക്കെ പറഞ്ഞ് പിന്നീടവർ തെറി പറയാൻ തുടങ്ങുകയായിരുന്നുവെന്നാണ് ഡ്രൈവർ പറയുന്നത്. ബസിലെ യാത്രക്കാരെല്ലാം പൂർണ്ണമായി തനിക്ക് പിന്തുണ നൽകിയെന്നും ഡ്രൈവർ വ്യക്തമാക്കി.
രാഖി കെട്ടിയ തന്റെ കൈ വെട്ടുമെന്ന് ഫോണിൽ ഒരാൾ വിളിച്ച് ഭീഷണിപ്പെടുത്തിയതായും ഡ്രൈവർ പറയുന്നു.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.