ഡബ്ലിൻ: ബസ് റൂട്ടുകൾ സ്വകാര്യവത്ക്കരിക്കുന്നതിരേ ഡബ്ലിൻ ബസിലെയും ബസ് ഐറാനിലേയും ഡ്രൈവർമാരും നാഷണൽ ബസ് ആൻഡ് റെയിൽ യൂണിയനും (എൻബിആർയു) അടുത്ത മാസം ഏഴു ദിവസം പണിമുടക്കും. മെയ്‌ ഒന്ന്, രണ്ട് 15, 16 ദിവസങ്ങളിൽ എസ്‌ഐപിടിയു ഡ്രൈവർമാർ നാലു ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ എൻബിആർയു ഡ്രൈവർമാരും ഈ ദിവസങ്ങളിലും മെയ്‌ 29, 30,31 തിയതികളിലും പണിമുടക്ക് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ബസ് പണിമുടക്കിനൊപ്പം തന്നെ മെയ്‌ രണ്ടു മുതൽ നാലു വരെ ട്രെയിൻ ഗതാഗതവും താറുമാറാൻ സാധ്യതയുണ്ട്. കോണോലി, ഹൗത്ത്/മാലഹൈഡ്  റൂട്ടിലുള്ള  സർവീസിനെയാകും പണിമുടക്ക് ബാധിക്കാൻ സാധ്യതയുള്ളത്. ആദ്യഘട്ടത്തിൽ മെയ്‌ ഒന്നിന് പണിമുടക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും സർക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂല നടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഏഴു ദിവസം നീണ്ടു നിൽക്കുന്ന സമരമുറകളുമായി മുന്നോട്ടുപോകുന്നതെന്ന് യൂണിയൻ നേതാക്കൾ അറിയിച്ചു.

യൂണിയനുകൾ പണിമുടക്കുമായി മുന്നോട്ടുപോകുകയാണെങ്കിൽ സർക്കാരിന് 20 മില്യൺ യൂറോയുടെ നഷ്ടമാണ് ഉണ്ടാകുന്നതെന്ന് വിലയിരുത്തപ്പെടുന്നു. അതോടൊപ്പം തന്നെ അഞ്ചു ലക്ഷത്തോളം യാത്രക്കാരേയും പണിമുടക്ക് വലയ്ക്കും. വെള്ളിയാഴ്ചകളിൽ ഡബ്ലിൻ ബസ് ശരാശരി 410,000 യാത്രക്കാർക്കും ശനിയാഴ്ചകളിൽ 253,000  യാത്രക്കാർക്കും സഹായകരമാകുന്നുവെന്നാണ് കണക്ക്.  ബസ് ഐറാനെ ആശ്രയിക്കുന്ന അമ്പതിനായിരത്തോളം യാത്രക്കാരെ പണിമുടക്ക് വലയ്ക്കും.