- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് കാലത്ത് നിരത്തിൽ ഇറക്കിയാൽ കാശ് കൈയിൽ നിന്നു പോകും; വരുമാനം ഇല്ലാതായതോടെ നികുതി ഇളവിനായി സർവീസ് നിർത്തിയിട്ട 5000 ബസുകൾ വെയിലും മഴയും കൊണ്ട് നശിക്കുന്നു; ഒരു കാലത്ത് മുതലാളിമാർ ആയിരുന്നവർ ഇപ്പോൾ കുത്തുപാള എടുക്കുന്നു
തൃശ്ശൂർ: ഒരു സ്വകാര്യ ബസ് ഉണ്ടായിരുന്ന ആൾ മുതലാളി ആയിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ, ഇന്ന് ആ കാലമെല്ലാം പോയി. കോവിഡ് എല്ലാം തകർത്തെറിഞ്ഞിരിക്കുന്നു. ബസ് മുതലാളിമാർക്ക് ഇന്ന് പറയാനുള്ളത് നഷ്ടക്കണക്കുകളുടെ മാത്രം കഥയാണ്. കോവിഡ് എല്ലാം തകർത്തെഞ്ഞതോടെ സ്വകാര്യ ബസ് മുതലാളിമാർ എന്ന വിഭാഗം തന്നെ അന്യം നിന്ന അവസ്ഥയായി. നികുതി ഇളവിനായി സർക്കാറിൽ അപേക്ഷ സമർപ്പിച്ച് ബസ് കട്ടപ്പുറത്തു കയറ്റിയിരിക്കയാണ് ഇവർ.
നികുതിയിളവിനായി ഫോം ജി സമർപ്പിച്ച് സർവീസ് നിർത്തിയിട്ട അയ്യായിരത്തോളം സ്വകാര്യ ബസുകൾ വെയിലും മഴയും കൊണ്ട് നശിക്കുകയാണ്. ഷെഡുകളില്ലാത്തതിനാൽ തോട്ടങ്ങളിലും മൈതാനങ്ങളിലും നിർത്തിയിട്ടിരിക്കുന്നവയാണ് ഇവ. കോവിഡ് രണ്ടാം തരംഗത്തിൽ കയറ്റിയിട്ടവയാണേറെയും. ഫോം ജി സമർപ്പിച്ച് കയറ്റിയിട്ടിരിക്കുന്ന വാഹനങ്ങൾ നിർത്തിയിട്ടയിടത്തുനിന്ന് ചലിപ്പിക്കരുതെന്നാണ് ചട്ടം. ഇത്തരം ബസുകൾ സ്റ്റാർട്ടാക്കി എൻജിനും ബാറ്ററിയും കേടാകാതെ സൂക്ഷിക്കാം.
സർക്കാർ നികുതിയിളവ് നൽകുമെന്നും ഉടൻ പുറത്തിറക്കാമെന്നുമുള്ള പ്രതീക്ഷയിലാണ് ബസുകൾ കയറ്റിയിട്ടത്. ആറുമാസം പിന്നിട്ടിട്ടും സർക്കാർ നടപടിയുണ്ടായില്ല. കോവിഡ് കാലത്തിന് മുമ്പ് പെട്രോൾ പന്പുകളിലും സ്വകാര്യ ബസ്സ്റ്റാൻഡുകളുെട സമീപത്തുമായിരുന്നു മിക്ക സ്വകാര്യ ബസുകളും. കോവിഡ് കാലത്ത് ഈ സൗകര്യം നിലച്ചു. മിക്ക ബസ്സുടമകൾക്കും ബസ് നിർത്തിയിടാൻ സ്വന്തമായി ഷെഡുകളില്ല. അതോടെയാണ് തോട്ടങ്ങളിലും മൈതാനങ്ങളിലും ഉപയോഗമില്ലാതെ കിടക്കുന്ന പറന്പുകളിലും ബസ് നിർത്തിയിട്ടുതുടങ്ങിയത്.
നികുതിയിളവിനായി ഫോം ജി സമർപ്പിക്കുന്നതിനോടൊപ്പം വാഹനം എവിടെയാണ് നിർത്തിയിട്ടിരിക്കുന്നതെന്ന് വ്യക്തമായി കാണിച്ചിരിക്കണം. ആവശ്യമെങ്കിൽ ആർ.ടി. വകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി പരിശോധിക്കും. റോഡോരത്ത് ബസ് നിർത്തിയിടരുത്. മറ്റൊരു വ്യക്തിയുടെ സ്ഥലത്താണ് വാഹനം നിർത്തിയിട്ടിരിക്കുന്നതെങ്കിൽ ഫോം ജി-യ്ക്കൊപ്പം ഈ സ്ഥലമുടമയുടെ സമ്മതപത്രവും സമർപ്പിക്കണം. നിർത്തിയിട്ടിരിക്കുന്ന സ്ഥലത്തുനിന്ന് മാറ്റിയാൽ ആനുകൂല്യം നഷ്ടമാകും.
ബസുകൾക്ക് മൂന്ന് മാസത്തിലൊരിക്കൽ 19,500 മുതൽ 36,000 രൂപ വരെയാണ് നികുതി. വലുപ്പത്തിന്റെയും ഇരിപ്പിടക്കണക്കിന്റെയും അടിസ്ഥാനത്തിലാണിത്. സർവീസ് നടത്താനാകാത്ത കാലയളവിൽ ഈ നികുതിയിൽനിന്ന് രക്ഷനേടാനാണ് 400 രൂപ ഫീസടച്ച് ഫോം ജി സമർപ്പിക്കുന്നത്. ഈ ഫോം സമർപ്പിച്ചാൽ സർവീസ് നടത്താത്ത കാലത്ത് നികുതി ഒടുക്കേണ്ടതില്ല.
മറുനാടന് മലയാളി ബ്യൂറോ