കൊല്ലം: ദേശീയ പാതയിൽ സൂപ്പർഫാസ്റ്റ് ബസ് സ്‌കൂട്ടറിലിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചതിന്റെ ഞെട്ടലിലാണ് ചാത്തന്നൂർ. കൊല്ലന്റയ്യത്തുവീട്ടിൽ ഷിബു (40), ഭാര്യ സിജി (34), മകൻ ചാത്തന്നൂർ ഗവ. ഹൈസ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ആദിത്യൻ (11) എന്നിവരാണ് മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന ഇളയ കുട്ടി അദിഷ് പരിക്കുകളോടെ രക്ഷപ്പെട്ടു.

ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ചാത്തന്നൂർ തിരുമുക്കിലായിരുന്നു സംഭവം. അവധിക്കാലം ആഘോഷിക്കാൻ ദുബായിൽ നിന്നും ഇന്നു രാവിലെയാണ് ഷിബു ചാത്തന്നൂരിലെ വീട്ടിൽ എത്തിയത്. മൂത്ത മകൻ ആദിത്യന്റെ പരീക്ഷ കഴിഞ്ഞ് ആദിച്ചനല്ലൂരിലെ സഹോദരിയുടെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചിരുന്നു. ഭാര്യയും ഇളയ മകനുമായി സ്‌കൂട്ടറിൽ ഷിബു ആദിത്യന്റെ സ്‌ക്കൂളിലെത്തുകയും അവിടെ നിന്നും നാലുപേരും കൂടി യാത്ര തിരിക്കുകയുമായിരുന്നു.

ദേശീയ പാതയിൽ തിരുമുക്കിൽ വച്ച് തിരുവനന്തപുരത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന സൂപ്പർഫാസ്റ്റ് ഇടതു വശത്തുകൂടി ഒരു കാറിനെ ഓവർ ടേക്ക് ചെയ്യുമ്പോൾ ഇവർ സഞ്ചരിച്ച സ്‌ക്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നാലുപേരും സൂപ്പർ ഫാസ്റ്റിനടിയിലേക്ക് വീണു. ഷിബുവിന്റെയും സിജിയുടെയും ആദിത്യന്റെയും തലയിൽ കൂടി ബസിന്റെ പിൻചക്രം കയറി ഇറങ്ങി. മൂന്നു പേരും സംഭവസ്ഥലത്ത് വച്ച് മരിച്ചു. സാരമായി പരിക്കേറ്റ ആദിഷിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റിന്റെ അമിത വേഗവും ഇടതു വശത്തുകൂടിയുള്ള ഓവർ ടേക്കിങ്ങുമാണ് അപകട കാരണം. മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് ചാത്തന്നൂർ പൊലീസ് കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ കേസെടുത്തു. കൊല്ലം ജില്ലാ ആശുപത്രിയിലാണ് മൃതദേഹങ്ങൾ. പോസ്റ്റുമാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

ദീർഘ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഷിബു ഗൾഫിൽ നിന്നും ഇന്ന് രാവിലെ കൊല്ലത്തെത്തിയത്. ഭാര്യയേയും മക്കളേയും കാണാനുള്ള കൊതിയോടെ. അച്ഛനെ കാണാനായി ഏറെ നാളായി മക്കളും ഭാര്യയും കാത്തിരിപ്പിലായിരുന്നു. എന്നാൽ ഒടുവിൽ ഈ സമാഗമം ദുരന്തയാത്രയിൽ കലാശിക്കുകയുമായിരുന്നു. ഇന്ന് രാവിലെയായിരുന്നു ഗൾഫിൽ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഷിബു വീട്ടിലെത്തിയത്.