ദോഹ : ഖത്തറിലെ മലയാളി സംരംഭകരുടെ കൂട്ടായ്മ കേരള ബിസിനസ് ഫോറം (കെ ബി എഫ്) പ്രവർത്തനമാരംഭിച്ചു. ഖത്തർ ചേംബർ ഓഫ് കോമേഴ്‌സിന്റെയും മനാട്ടക്കിന്റെയും പ്രതിനിധികളുടെ സാന്നിധ്യത്തിൽ ഹോളിഡേ ഇൻ ഹോട്ടലിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ, കേരളത്തിൽ നിന്നും പതിറ്റാണ്ടുകൾക്ക് മുമ്പേ ഖത്തറിലെത്തി തങ്ങളുടേതായ വ്യവസായ സ്ഥാപനങ്ങൾ പടുത്തുയർത്തി, വ്യക്തിമുദ്ര പതിപ്പിച്ച ആറ് വ്യവസായ പ്രമുഖരെ ആദരിച്ചു.

കേരളത്തിന്റെ തനതു കലാരൂപങ്ങളുടെ ആവിഷ്‌കാരത്തോടെയാണ് സമ്മേളനപരിപാടികൾ ആരംഭിച്ചത്. ദോഹ എസ്.ഡി സെന്ററിലെ കലാകാരികൾ അവതരിപ്പിച്ച നൃത്തത്തോടെ സമ്മേളനത്തിന് തുടക്കം കുറിച്ചു. ദോഹയിലെ പ്രമുഖ വാദ്യമേളക്കാരുടെ ചെണ്ടമേളം സമ്മേളനത്തിന്റെ കേരളത്തനിമക്കു മിഴിവേകി.

കെബിഎഫിന്റെ ഔദ്യോഗിക ഉദ്ഘാടനം ഖത്തർ ചേംബറിന്റെ ഡയറക്ടർ (പബ്ലിക് റിലേഷൻസ് വിഭാഗം) അഹമ്മദ് അബു നഹിയാ, ആദരിക്കപ്പെട്ട വ്യവസായ ശ്രേഷ്ഠർ, പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി നിർവഹിച്ചു. ഉദ്ഘാടനസമ്മേളനത്തിൽ കെ ബി എഫിന്റെ പ്രസിഡന്റ അബ്ദുല്ല തെരുവത്തു അധ്യക്ഷത വഹിച്ചു. ഖത്തറിലെ സംരംഭകർക്ക് മാർഗനിർദ്ദേശം നൽകാനും ഒരുമയുടെയും പങ്കുവക്കലിന്റെയും അനുഭവം കൂടുതൽ വിജയത്തിലേക്ക് അവരെ നയിക്കുമെന്ന തിരിച്ചറിവ് നൽകാനും കെ.ബി.എഫ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ബിസിനസ് സമൂഹം ഖത്തറിലെ വ്യാവസായിക സമൂഹത്തിനു നൽകുന്ന സേവനങ്ങളെ തന്റെ പ്രസംഗത്തിൽ നഹിയാ ശ്ലാഘിച്ചു. ഖത്തറിന്റെ പുരോഗതിക്കു വലിയ സംഭാവനകൾ ചെയ്യുന്ന ഇന്ത്യൻ സമൂഹം തങ്ങളുടെ സ്വന്തം സഹോദരരാണെന്നു അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സമൂഹം ഖത്തറിന് ഇപ്പോൾ നൽകുന്ന പിന്തുണ ഒരിക്കലും മറക്കാനാകുന്നതല്ല എന്നും അദ്ദേഹം അനുസ്മരിച്ചു. കെ.ബി.എഫ് വലിയ കാര്യങ്ങൾ ചെയ്യാനുള്ള എളിയ തുടക്കമാണെന്നും കേരളത്തിൽനിന്നുമുള്ള സംരംഭകർക്കു ഖത്തറിന്റെ മണ്ണിൽ വിജയമൊരുക്കുകയെന്നതാണ് ഈ കൂട്ടായ്മയുടെ പ്രാരംഭ ലക്ഷ്യമെന്നും, കെ.ബി.എഫ് ജനറൽ സെക്രട്ടറി വർഗീസ് തന്റെ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു.

അഞ്ചു പതിറ്റാണ്ടോളം ഖത്തറിന്റെ മണ്ണിൽ വിജയം കൊയ്ത എംപി ഷാഫി (എംപി ട്രേഡേഴ്സ്), അബൂബക്കർ (ഏട്രിയം ഡിസൈൻ), എ.കെ ഉസ്മാൻ (അൽ മുഫ്ത റെന്റ് എ കാർ ) പി.പി. ഹൈദർ (ഫാമിലി ഫുഡ് സെന്റർ), പത്മ പുരസ്‌കാര ജേതാവ് സി.കെ. മേനോൻ (ബെഹ്‌സാദ് ഗ്രൂപ്പ് ഓഫ് കമ്പനീസ്), സി വി റപ്പായി (ജംബോ ഇലക്ട്രോണിക്സ്) എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു. സി.വി റപ്പായി, എംപി ഷാഫി, എ കെ ഉസ്മാൻ എന്നിവർ പ്രസംഗിച്ചു.
കെ.ബി.എഫ് സ്ഥാപക അംഗങ്ങളുടെ വിവരങ്ങൾ അടങ്ങിയ ഡയറക്ടറി ആഹ്മദ് അബു നഹിയായും മനാട്ടഖ് പ്രതിനിധി സമീർ ഷേഖ് എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. കെ ബി എഫ് വെബ്സൈറ്റ്, www.kbfqatar.org ഉദ്ഘാടനവും ചടങ്ങിൽ നടന്നു.

ഖത്തർ എന്ന രാജ്യത്തിന്റെ അഖണ്ഡതയും, അഭിമാനവും പരമാധികാരവും തങ്ങൾക്കും ഏറെ വിലപെട്ടതാണെന്നും, രാജ്യത്തോടും അതിന്റെ പ്രിയപ്പെട്ട ഭരണാധികാരിയോടും എന്നും തങ്ങളുടെ സ്നേഹവും കൂറും ഉണ്ടാകുമെന്നു പ്രഖ്യാപിച്ചു നടന്ന ഖത്തർ ഐക്യദാർഢ്യ പ്രതിജ്ഞ എ.പി മണികണ്ഠൻ ചൊല്ലിക്കൊടുത്തു. സദസ്സ് ഐകകണ്ഡേന നിവർത്തിപിടിച്ച കൈയുമായി പ്രതിജ്ഞ ഏറ്റുചൊല്ലിയതു പ്രതിബദ്ധതയുടെയും ഒരുമയുടെയും സ്നേഹത്തിന്റെയും സൗഹാർദ്ധത്തിന്റെയും മകുടോദാഹരണമായി മാറി. സമ്മേളനത്തിന് കെ.ബി.എഫ് വൈസ് പ്രസിഡന്റ്, ഇ.പി അബ്ദുൽ റഹിമാൻ നന്ദി പറഞ്ഞു.

എംപി ഷഹീൻ, ജെന്നി ആന്റണി, അജി കുര്യാക്കോസ്, കെ ആർ ജയരാജ്, നയീം നാദിർഷ, അബ്ദുൽ മജീദ്, ഷെജി വെളിയകത്ത്്, നിഷാം ഇസ്മായിൽ, ഹംസ സഫർ, പി.എൻ ബാബുരാജ്, കെ.കെ ഉസ്മാൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.