തിരുവനന്തപുരം: കേരള സ്റ്റേറ്റ് എന്റർപ്രണർ ഡവലപ്‌മെന്റ് മിഷൻ യുവകേരളം നവകേരളം പദ്ധതിയിൽ നവസംരംഭകർക്കായി സമ്മേളനം സംഘടിപ്പിക്കുന്നു. കേരള ഫിനാൻഷ്യൽ കോർപറേഷനാണ് പദ്ധതി നടത്തിപ്പിന്റെ ചുമതല. നവംബർ 25ന് കഴക്കൂട്ടം അൽസാജ് കൺവൻഷൻ സെന്ററിൽ ധനമന്ത്രി കെ എം മാണി സമ്മേളനം ഉദ്ഘാടനം ചെയ്യും. ബംഗളൂരു ഐഐഎം ഡയറക്ടർ പ്രൊഫ. എ ദാമോദരൻ മുഖ്യപ്രഭാഷണം നടത്തും. മികച്ച സംരംഭകർക്കുള്ള കെഎസ്ഇഡിഎം അവാർഡ് ധനമന്ത്രി സമ്മാനിക്കും.

കെഎസ്ഇഡിഎം സംരംഭകർ തങ്ങളുടെ സേവനങ്ങളും ഉത്പന്നങ്ങളും പരിചയപ്പെടുത്തുന്ന സ്റ്റാളുകളും സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കും. പുതുസംരംഭകർക്കായി പ്രഗത്ഭരെ ഉൾപ്പെടുത്തി വിവിധ ക്ലാസുകളും സംഘടിപ്പിക്കും. സമാപന സമ്മേളനം വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. കൗൺസിൽ ഓഫ് സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്‌മെന്റ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ വിവിധ സംസ്ഥാനങ്ങളിലെ സംരംഭകർക്കായി ഏർപ്പെടുത്തിയിട്ടുള്ള അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്യും. കെഎസ്ഇഡിഎമ്മിന്റെ ഈ സ്വപ്ന പദ്ധതിയിലൂടെ പതിനായിരം പുതിയ സംരംഭങ്ങൾ സ്ഥാപിക്കുകയും 50,000 പുതിയ സംരംഭകരെ സൃഷ്ടിക്കുകയുമാണ് ലക്ഷ്യം. അഭ്യസ്തവിദ്യരായ ഒരു ലക്ഷം തൊഴിൽരഹിത യുവജനങ്ങൾക്ക് അവസരമൊരുക്കുന്ന പദ്ധതിക്കായി 500 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.