- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- USA
- /
- Marketing Feature
കാരറ്റ് കാണിച്ച് കഴുതയെ നടത്താം; സംരംഭത്തെ നയിക്കാനാവില്ല
നിങ്ങളുടെ ബിസിനസ് നിങ്ങളുടെ സ്വപ്നമാണ് അതിന്റെ സാക്ഷാത്കാരത്തിനായി രാവും പകലും പ്രയത്‌നിക്കാൻ നിങ്ങൾ തയ്യാറാണ്. അതുകൊണ്ടുമാത്രമായില്ലല്ലോ. നിങ്ങൾക്ക് തനിച്ച് ചെയ്യാനാവുന്ന ജോലികൾക്ക് ഒരു പരിധിയുണ്ട്. ബിസിനസ് ചുമതലകൾ നിർവഹിക്കാൻ നിങ്ങൾ നിയമിച്ചിട്ടുള്ള ജീവനക്കാരും പ്രയത്‌നിച്ചാൽ മാത്രമേ സംരംഭം വിജയിക്കുകയുള്ളൂ. നിങ്ങളെപ്
നിങ്ങളുടെ ബിസിനസ് നിങ്ങളുടെ സ്വപ്നമാണ് അതിന്റെ സാക്ഷാത്കാരത്തിനായി രാവും പകലും പ്രയത്‌നിക്കാൻ നിങ്ങൾ തയ്യാറാണ്. അതുകൊണ്ടുമാത്രമായില്ലല്ലോ. നിങ്ങൾക്ക് തനിച്ച് ചെയ്യാനാവുന്ന ജോലികൾക്ക് ഒരു പരിധിയുണ്ട്. ബിസിനസ് ചുമതലകൾ നിർവഹിക്കാൻ നിങ്ങൾ നിയമിച്ചിട്ടുള്ള ജീവനക്കാരും പ്രയത്‌നിച്ചാൽ മാത്രമേ സംരംഭം വിജയിക്കുകയുള്ളൂ. നിങ്ങളെപ്പോലെ ജീവനക്കാരും ജോലി ചെയ്യണമെങ്കിൽ നിങ്ങളുടെയുള്ളിലുള്ള അഗ്‌നി ജീവനക്കാരിലേക്കും പകരാൻ സാധിക്കണം. ഒറ്റവാക്കിൽ പറഞ്ഞാൽ ജീവനക്കാരെ പ്രചോദിപ്പിക്കാനാവണം. കാരറ്റ് കാണിച്ച് കഴുതയെ നടത്തുന്ന ചെപ്പടിവിദ്യകൾ സുസ്ഥിരമായ ബിസിനസ് വിജയത്തിന് മതിയാവില്ല. ജീവനക്കാരുടെ ഉള്ളിൽ നിങ്ങൾ നിക്ഷേപിക്കുന്ന തീപ്പൊരിയാണ് അഭിനിവേശത്തോടെ സംരംഭത്തിനായി പ്രവർത്തിക്കാനുള്ള അഗ്‌നി അവരിൽ ആളിക്കത്തിക്കുന്നത്.
ആദ്യം മാറേണ്ടത് സംരംഭകന്റെ മനോനിലയാണ്
'മുതലാളിക്കുപ്പായം' സ്വയമെടുത്തണിയുന്നത് സംരംഭകൻ എന്ന നിലയിലുള്ള നിങ്ങളുടെ കാര്യശേഷിയെ സാരമായി ബാധിക്കും. സംരംഭത്തിന്റെ ഉദാത്തലക്ഷ്യങ്ങൾ നിറവേറ്റാനുള്ള ഉദ്യമത്തിലെ പങ്കാളികളാണ് തന്റെ ജീവനക്കാർ എന്ന ബോധ്യം സംരംഭകന് വേണം. ബിസിനസ്സിന്റെ കൂട്ടായ ഉദ്ദേശലക്ഷ്യങ്ങളിലേക്ക് കടക്കും മുൻപ് ജീവനക്കാരെ വ്യക്തിതലത്തിൽ അഭിമുഖീകരിക്കുകയും അവരുടെ ചോദനകളെ തൃപ്തിപ്പെടുത്തുകയും ചെയ്താലേ അവരെ പൊതുലക്ഷ്യം നേടാനുള്ള പരിശ്രമത്തിനായി പ്രചോദിപ്പിക്കാനാവൂ
• സഹപ്രവർത്തകരെ അറിയുക:
ജീവനക്കാരിൽ ഓരോരുത്തരേയും അറിയുകയും മനസിലാക്കുകയുമാണ് ആദ്യപടി. ഇതിന് പല തലങ്ങളുണ്ട്. വ്യക്തിതലത്തിൽ ഒരാളുടെ സ്വഭാവസവിശേഷതകളും ഇഷ്ടാനിഷ്ടങ്ങളും അറിയാൻ ശ്രമിക്കുക. തൊഴിൽ മേഖലയിലെ അയാളുടെ ശക്തിദൗർബല്യങ്ങൾ മനസിലാക്കുക. ഒപ്പം കുടുംബ സാമൂഹ്യ പശ്ചാത്തലത്തെക്കുറിച്ചുള്ള വിവരങ്ങൾ കൂടിയാവുമ്പോഴാണ് സഹപ്രവർത്തകനെ അറിയുക എന്ന പ്രക്രിയ സമഗ്രമാവുന്നത്.
• പ്രചോദകങ്ങൾ മനസിലാക്കുക
പ്രചോദനം തികച്ചും വ്യക്തികമാണ്. ഓരോ വ്യക്തികളെയും പ്രചോദിപ്പിക്കുന്ന ഘടകങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു. തൊഴിൽ സംതൃപ്തി, വരുമാനം, പദവി, അംഗീകാരം ഇവയിൽ ഓരോരുത്തരുടേയും മുൻഗണനകൾ വ്യത്യസ്തമായിരിക്കും. ഓരോ ജീവനക്കാരനെയും പ്രചോദിപ്പിക്കുന്ന ഘടകങ്ങൾ മനസിലാക്കുന്നത് സംരംഭകന്റെ ജോലി എളുപ്പമാക്കും
• ആവശ്യങ്ങൾ അറിയുക:
പ്രചോദകങ്ങളുടെ ഏറ്റവും അടിസ്ഥാനരൂപമാണ് ആവശ്യങ്ങൾ. ഇവ പലപ്പോഴും പ്രാധാന്യമേറിയതും അടിയന്തിര സ്വഭാവമുള്ളതും ആയിരിക്കും. സാമ്പത്തിക പ്രതിസന്ധിയോ വ്യക്തിപരമായ ആവശ്യങ്ങളോ ഉള്ളപ്പോൾ പ്രചോദകങ്ങളിൽ മുൻഗണന ഇവയ്ക്കായിരിക്കും. ഫലപ്രദമായ ആശയവിനിമയത്തിലൂടെ ഈ ആവശ്യങ്ങൾ അറിയാനും നിവർത്തിക്കാനും സംരംഭകന് സാധിക്കുന്നു. അതിലൂടെ ജീവനക്കാരിൽ ആത്മാർത്ഥത വളർത്തിയെടുക്കാനാവുന്നു..
• ശിക്ഷ എന്ന ആയുധം :
ഒരു ജോലി നിർവഹിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സംരംഭകന് ഉപയോഗിക്കാവുന്ന ഏറ്റവും മോശം ആയുധമാണ് ഭയം. തല്ക്കാലം കാര്യം നടക്കാൻ ജീവനക്കാർക്കുനേരെ ശബ്ദമുയർത്തുന്നവർ സംരംഭത്തിന്റെ ആരോഗ്യകരമായ സംസ്‌കാരം എന്നെന്നേക്കുമായി നശിപ്പിക്കുകയാണ്.
• വ്യക്തിപരമായ വളർച്ചയ്ക്കുള്ള അവസരങ്ങളൊരുക്കുക:
ജീവനക്കാരന്റെ ബഹുമുഖ അഭിരുചികളും ശേഷികളും വികസിപ്പിക്കാനാവശ്യമായ സാഹചര്യങ്ങളൊരുക്കാൻ സംരംഭകൻ ശ്രദ്ധിക്കേണ്ടതുണ്ട്. തൊഴിൽ മേഖലയിൽ തുടർപഠനത്തിനും വൈദഗ്ദ്ധ്യം നേടാനുമുള്ള അവസരമൊരുക്കുന്നത് വ്യക്തിക്കെന്ന പോലെ സംരംഭത്തിനും പ്രയോജനപ്പെടും. ഒപ്പം ജീവനക്കാരുടെ ഹോബികൾക്കും മറ്റുമായി സമയം അനുവദിക്കുന്നതിലൂടെ അവരുടെ കാര്യശേഷി ഉയർത്താനാവും.
• കുറവുകൾ മറികടക്കാൻ സഹായിക്കുക :
തൊഴിൽ മേഖലയിലും പൊതുജീവിതത്തിലും അവശ്യം വേണ്ട കഴിവുകളിൽ പിന്നാക്കം നിൽക്കുന്ന ജീവനക്കാരുണ്ടാവാം, ഇവ പരിഹരിക്കാനുള്ള ഇടപെടൽ നടത്താൻ സംരംഭകനു കഴിയണം.
പൊതുവേദിയിൽ സംസാരിക്കാനോ ഫലപ്രദമായ സാമൂഹ്യഇടപെടൽ നടത്താനോ ഉള്ള പരിശീലനം ജീവനക്കാർക്കു നൽകുമ്പോൾ അവർക്കൊപ്പം സംരംഭം കൂടിയാണ് ശാക്തീകരിക്കപ്പെടുന്നത്.
ഉപഭോക്താവിനും സംരംഭകനും മാത്രമല്ല, ജീവനക്കാരടക്കം എല്ലാവർക്കും മൂല്യം പ്രദാനം ചെയ്യുമ്പോഴാണ് സംരംഭം വിജയകരമാവുന്നത്. തന്റെ സംരംഭത്തിനായി അധ്വാനിക്കുന്ന സഹപ്രവർത്തകർക്കെല്ലാം മികച്ച മൂല്യം ലഭിക്കുന്നു എന്നുറപ്പുവരുത്തേണ്ടത് സംരംഭകന്റെ കടമയാണ്. സംരംഭത്തിന്റെ ഉദ്ദേശലക്ഷ്യങ്ങൾക്കായി പ്രയത്‌നിക്കാൻ ജീവനക്കാരെ പ്രചോദിപ്പിക്കാനുള്ള വഴിയും ഇതു തന്നെ.
(കോർപ്പറേറ്റ് ട്രെയ്‌നറും കൺസൾട്ടന്റുമായ അജാസ് ടി എ വിവിധ ബിസിനസ് സ്ഥാപനങ്ങൾക്ക് പരിശീലനവും നേതൃതലത്തിലുള്ളവർക്ക് കോച്ചിംഗും നൽകിവരുന്നു. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ജൈവികമായ വളർച്ച കണ്ടെത്താനുള്ള 'ഓർഗാനിക് ഗ്രോത്ത്' എന്ന ആശയത്തിന്റെ ഉപജ്ഞാതാവാണ് ഇദ്ദേഹം. +919400155565. ajas@outlook.com)