ദോഹ: എയർപോർട്ട് റോഡ് ജംങ്ഷനും (അൽ മതാർ സ്ട്രീറ്റ്) അൽ മൻസൂറ സ്ട്രീറ്റും നാളെ മുതൽ ആറാഴ്ചത്തേക്ക് താൽകാലികമായി അടച്ചിടും. ഇവിടങ്ങളിലുള്ള ഭൂഗർഭ മലിനജല പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്നതിനാലാണ് ഘട്ടംഘട്ടമായുള്ള അടച്ചിടൽ.

നജ്മയിലേക്കും എയർപോർട്ട് റോഡിലേക്കുമുള്ള വാഹനഗതാഗതത്തെ ഇത് സാരമായി ബാധിക്കും. എയർപോർട്ട് റോഡിൽ മൂന്നാഴ്ചയും അൽ മൻസൂറ സ്ട്രീറ്റിൽ ആറാഴ്ചയുമാണ് ഗതാഗത നിയന്ത്രണമെന്ന് അശ്ഗാൽ പ്രസ്താവനയിൽ അറിയിച്ചു.

അൽ മൻസൂറ സ്ട്രീറ്റിൽ നിന്ന് എയർപോർട്ടിലേക്കുള്ള വഴിയിൽ ഇടത്തേക്കുള്ള റോഡ് അടച്ചിടും. ഇവിടെ നിന്ന് വാഹനങ്ങൾ നജ്മ സ്ട്രീറ്റിലേക്ക് വലതുവശത്തേക്കുള്ള റോഡ് (ടൊയോട്ട സിഗ്‌നൽ)
വഴി വേണം പോകാൻ. ശേഷം, എയർപോർട്ട് റോഡിൽനിന്നും യു ടേൺ എടുത്ത് തിരിയണം. മൻസൂറയിലേക്കുള്ള് എയർപോർട്ട് റോഡിന്റെ ഇടതുവശത്തുള്ള റോഡ് അടക്കുകയും അൽ ദോഹ അൽ ജദീദ് ഇന്റർ സെക്ഷനിൽ (ക്രേസി സിഗ്‌നൽ) വാഹനം തിരിയുകയും വേണം. ഇവിടെയുള്ള മൂന്നുവരി റോഡ് രണ്ടാക്കി ചുരുക്കിയാണ് ഗതാഗതം നിയന്ത്രിക്കുക.

50 വർഷത്തേക്കെങ്കിലും ഗുണകരമാകുന്ന സംവിധാനമാണ് അശ്ഗാൽ ഈ പദ്ധതി വഴി നടപ്പാക്കുന്നത്. കൂടുതൽ കാര്യക്ഷമവും പ്രകൃതിസൗഹൃദവും പുകകുറഞ്ഞതുമായ പമ്പിങ് സ്റ്റേഷനാണ് ഇതോടനുബന്ധിച്ച് സ്ഥാപിക്കുക.